2019 July 17 Wednesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

2019ല്‍ ജയിച്ചാല്‍ 50 വര്‍ഷത്തേക്ക് ബി.ജെ.പി തന്നെ: അമിത്ഷാ

  • രാമക്ഷേത്രം മറന്ന് ബി.ജെ.പി
യു.എം മുഖ്താർ

ന്യൂഡല്‍ഹി: 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ തുടര്‍ന്നുള്ള 50 വര്‍ഷവും ബി.ജെ.പി തന്നെ ഇന്ത്യ ഭരിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ. ഇതുവെറുതെ പറയുന്നതല്ലെന്നും ഞങ്ങളുടെ പ്രവര്‍ത്തനത്തിന്റെ ആത്മവിശ്വാസം കൊണ്ട് പറയുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഡല്‍ഹിയില്‍ സമാപിച്ച രണ്ടുദിവസത്തെ ബി.ജെ.പി ദേശീയ നിര്‍വാഹകസമിതി യോഗത്തില്‍ സസാരിക്കുകയായരുന്നു അദ്ദേഹം. യോഗത്തില്‍ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ രൂപപ്പെട്ടുവരുന്ന പ്രതിപക്ഷ ഐക്യനിരയെ രൂക്ഷമായി വിമര്‍ശിച്ചു. തമ്മില്‍ കണ്ടാല്‍ മിണ്ടാത്ത ശത്രുത വച്ചുപുലര്‍ത്തുന്ന പാര്‍ട്ടികളാണ് ബി.ജെ.പിയെ എതിര്‍ക്കാന്‍ ഇപ്പോള്‍ ഒന്നിച്ചതെന്നും ഇതൊരു തരത്തിലും വെല്ലുവിളിയാകില്ലെന്നും മോദി പരിഹസിച്ചു.

രാജ്യത്തെ പ്രതിപക്ഷത്തിന് നേതാവോ വ്യക്തമായ നയമോ ഇല്ലെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് അവതരിപ്പിച്ച പ്രമേയത്തില്‍ കുറ്റപ്പെടുത്തി. രാജ്യത്തെ ഏറ്റവും ജനപിന്തുണയുള്ള നേതാവ് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. ബി.ജെ.പിയെ പരാജയപ്പെടുത്താമെന്ന പ്രതിപക്ഷത്തിന്റെ ആഗ്രഹം ദിവാസ്വപ്‌നമായി അവശേഷിക്കും. നാലുവര്‍ഷമായി നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്നും 2022 ഓടെ പുതിയ ഇന്ത്യ സൃഷ്ടിക്കാന്‍ ബി.ജെ.പിക്ക് കഴിയുമെന്നും പ്രമേയം പ്രത്യാശ പ്രകടിപ്പിച്ചു.

രാമക്ഷേത്ര നിര്‍മാണം, റാഫല്‍ ഇടപാടിലെ അഴിമതിയാരോപണം, ഉയരുന്ന ഇന്ധനവില എന്നീ വിഷയങ്ങള്‍ പ്രമേയത്തില്‍ പരാമര്‍ശിച്ചതേയില്ല. യോഗശേഷം മാധ്യമങ്ങളെ കണ്ട കേന്ദ്രമന്ത്രി വിശങ്കര്‍ പ്രസാദ്, രാമക്ഷേത്ര നിര്‍മാണം സംബന്ധിച്ച ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണുണ്ടായത്. കേവലം രണ്ടു സീറ്റ് മാത്രമുണ്ടായിരുന്ന ബി.ജെ.പി 90കളുടെ അദ്യത്തില്‍ അദ്വാനിയുടെ നേതൃത്വത്തില്‍ രാമക്ഷേത്ര വിഷയം ഉയര്‍ത്തിയാണ് മുഖ്യപ്രതിപക്ഷ പര്‍ട്ടിയായും തുടര്‍ന്ന് 1996ല്‍ അധികാരത്തിലുമെത്തിയത്.

പിന്നീടുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും രാമക്ഷേത്ര വിഷയം സജീവമാക്കി നിര്‍ത്തിയ ബി.ജെ.പി, 2014ല്‍ മൂന്നിലൊന്ന് ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയെങ്കിലും അയോധ്യയില്‍ തകര്‍ക്കപ്പെട്ട ബാബരി മസ്്ജിദിന്റെ സ്ഥാനത്ത് രാമക്ഷേത്രം പണിയുന്നതു സംബന്ധിച്ച് ഔദ്യോഗിക നടപടികള്‍ തുടങ്ങാത്തതില്‍ ആര്‍.എസ്.എസ്സിന് കടുത്ത അമര്‍ഷമുണ്ട്. ഈ സാഹചര്യങ്ങള്‍ നിലനില്‍ക്കെയാണ് പൊതുതെരഞ്ഞെടുപ്പ് പ്രചാരണം സംബന്ധിച്ച് ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന നേതൃയോഗം രാമക്ഷേത്ര വിഷയം തീര്‍ത്തും ഉപേക്ഷിച്ചത്.

‘എല്ലാവരും അണി ചേരൂ; രാജ്യത്താകെ താമര വിരിയിക്കൂ’ എന്നതാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ബി.ജെ.പി ഉയര്‍ത്തുന്ന മുദ്രാവാക്യം. പ്രതിപക്ഷ ഐക്യനിരയ്ക്ക് ബദലായി പ്രാദേശിക പാര്‍ട്ടികളുടേയും സംഘടനയുടേയും പിന്തുണയോടെ എന്‍.ഡി.എ ശക്തിപ്പെടുത്താനാണ് ബി.ജെ.പി നീക്കം. ഈ സാഹചര്യത്തിലാണ് തല്‍ക്കാലത്തേക്കെങ്കിലും തീവ്രഹിന്ദുത്വ നിലപാടുകള്‍ പാര്‍ട്ടി മാറ്റി വയ്ക്കുന്നത്. എല്ലാ സംസ്ഥാനത്തും സാന്നിധ്യമറിയിക്കണമെന്ന നിര്‍ദേശം അമിത് ഷാ നല്‍കിയിട്ടുണ്ട്. പ്രാദേശികമായി സ്വാധീനമുള്ള പാര്‍ട്ടികളേയും സംഘടനകളേയും കേന്ദ്ര ഭരണത്തിന്റെ സ്വാധീനത്തിലൂടെ ഒപ്പം നിര്‍ത്തി സീറ്റ് കണ്ടെത്താനും വര്‍ധിപ്പിക്കാനുമാണ് നിര്‍ദേശം.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.