2020 June 02 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

നോമ്പ് തുറന്നാല്‍ ‘ഭക്ഷണ പ്രതികാരം’ വേണോ?

ഡോ. യു.പി മുഹമ്മദ് ആബിദ്

ഇസ്‌ലാമിന്റെ സാങ്കേതിക അര്‍ത്ഥമാക്കുന്നത് അന്യൂനമായ വിശ്വാസവും ദൈവേഛയുളള കര്‍മ്മങ്ങളുമാണ്. മനസ്സാ, വാചാ, കര്‍മ്മണാ എല്ലാ സുകൃതങ്ങളെയും സ്വീകരിച്ചും വികൃതമായ എല്ലാ കാര്യങ്ങളെയും നിരാകരിച്ചും സംശുദ്ധമായ ജീവിതത്തിലേക്ക് വെളിച്ചമേകുന്ന കര്‍മ്മമെന്ന നിലയില്‍ ഇസ്‌ലാമിലെ വ്രതം ശ്രദ്ധേയം തന്നെയാണ്. ദേഹേഛകള്‍ക്ക് നിയമവും നിയന്ത്രണവും വെക്കുന്ന ഇസ്‌ലാം വിശപ്പിനും ദാഹത്തിനും അതിരു നിശ്ചയിക്കുന്നു. എന്നാല്‍ അതിന്റെ താല്‍പര്യങ്ങളെ ഖന്ധിച്ചു കളയുന്ന നമ്മുടെ ഇന്നത്തെ സാമുഹികശീലങ്ങളെ വിമര്‍ശിക്കാതെ വയ്യ.

പ്രഭാതം മുതല്‍ പ്രദോഷം വരെ അന്നപാനീയങ്ങള്‍ വര്‍ജ്ജിച്ച്, ശേഷം അനിയന്ത്രിത ഭക്ഷണക്രമവുമായാല്‍ ആത്മീയ നിര്‍വൃതി മാത്രമല്ല താളം തെറ്റുക, ശാരീരിക വ്യവസ്ഥിതി കൂടിയാണ്. ശരീരത്തിന് വ്യവസ്ഥയും ക്രമവുമുണ്ടെന്ന് നാം വിസ്മരിക്കുന്നു. ഭക്ഷണത്തിലെ വൈരുദ്ധ്യങ്ങള്‍, അമിതമായ ഭോജനം, ക്രമരഹിതമായ ഭോജനം എന്നിവ ദഹനവ്യവസ്ഥ തകര്‍ത്ത് രോഗങ്ങളെയാണ് നല്‍കുന്നതെന്ന് ഓര്‍ക്കണം.

വീട്ടിലും നാട്ടിലും ഇന്നത് ആഘോഷമായി രൂപാന്തരപ്പെട്ട്, മത്സരത്തിന്റെയും ലോകമാന്യതയുടെയും വേദിയായി മാറുന്നു. ഇത്തരം സദ്യാവട്ടങ്ങള്‍ ആത്മീയതയും ആരോഗ്യവും ചോര്‍ത്തിയെടുക്കുന്നു. മിക്ക ഇഫ്താര്‍ സംഗമങ്ങളും ജീവസ്സുറ്റ ദാര്‍ശനിക സന്ദേശങ്ങള്‍ കൈമാറാതെ തത്വങ്ങളോടുള്ള അവഹേളനമായും മാറുന്നു.

ജീവിതത്തില്‍ ലയിച്ചുചേര്‍ന്ന ദുര്‍മേദസ്സുകളെ വിമലികരിക്കാന്‍ ലഭിക്കുന്ന അപൂര്‍വ്വ അവസരത്തെ ആത്മീയമായും ആരോഗ്യപൂര്‍വ്വമായും നാം ശാക്തീകരിക്കണം. ഒരു നേരത്തെ പട്ടിണിക്ക് മറു നേരത്തെ ‘ഭക്ഷണ പ്രതികാരമല്ല’ ഭൂഷണം, മറിച്ച്, വിശപ്പിന്റെയും ദാഹത്തിന്റെ മാനം അടുത്തറിഞ്ഞ് സഹചര്‍ക്ക് സഹായഹസ്തമായി മാറണം. നല്ല വണ്ണവും തൂക്കവുമുള്ള ഭക്ഷണം മാറ്റി വെച്ച് നല്ല ഭക്ഷണമാകണം നമ്മള്‍ കഴിക്കുന്നത്. അളവിനേക്കാള്‍ മികച്ച് നില്‍ക്കുന്നത് ഗുണമാണ് എന്നറിയണം.

ഈന്തപ്പഴത്തോടൊപ്പം ലഘുപാനീയങ്ങളും പഴവര്‍ഗ്ഗങ്ങളും പഴച്ചാറുകളും മാത്രമാകട്ടെ നമ്മുടെ നോമ്പുതുറ. എണ്ണയില്‍ പൊരിച്ചതും മൈദയാല്‍ നിര്‍മ്മിച്ചതുമായ എല്ലാ പലഹാരങ്ങളും ഒഴിവാക്കിയേ തീരൂ. അങ്ങനെ രാത്രിസമയത്ത് ഹാനികരമല്ലാത്ത വേവിച്ച ഭക്ഷണവും കഴിക്കുന്ന പക്ഷം ശരീരത്തിന് ഏറെ ഹൃദ്യമായിരിക്കും. അപ്രകാരം പുലര്‍ച്ചെയും ആരോഗ്യ പൂര്‍വ്വമാകട്ടെ.

ചുരുക്കത്തില്‍ ഇസ്‌ലാമിന്റെ മികച്ച ഭക്ഷ്യസംസ്‌കാരം ഉയര്‍ത്തിപ്പിടിച്ച് വിശപ്പിന്റെ അര്‍ത്ഥതലങ്ങളില്‍ സഞ്ചരിച്ച് ആത്മീയനിര്‍വൃതി പ്രാപിക്കണം. നിശ്ചയിച്ചക്കപ്പെട്ടത്തില്‍ ക്രമം തെറ്റിച്ച് അളക്കാവുന്നതും പൊറുക്കാവുന്ന തിനപ്പുറമാകുമ്പോഴാണ് ദഹനവ്യവസ്ഥ തകരുന്നതും ശാരീരികവയവങ്ങള്‍ നിശ്ചലമാകുന്നതും. ആരാധനാകര്‍മ്മങ്ങളും ഖുര്‍ആന്‍ പാരായണവും മാറ്റിവെച്ചുള്ള സദ്യാ വട്ടങ്ങളുടെ കാലമല്ല നടക്കുന്നതെന്ന് നാം ഉറപ്പ് വരുത്തണം. അതില്‍ പൂര്‍ണ്ണത പ്രാപിച്ചില്ലെങ്കിലും നമുക്ക് വേറിട്ടുനിന്നു കൂടെ?

ഫാറൂഖ് കോളജ് അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകന്‍


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.