
#ഹംസ ആലുങ്ങല്‍
കോഴിക്കോട്: ഇന്ധനവില വര്‍ധനയുടെ മറവില്‍ കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ നികുതിയിനത്തില്‍ കൈക്കലാക്കിയത് രണ്ടരലക്ഷം കോടി രൂപ. 2014-15 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം പെട്രോള്‍ വിറ്റ വകയില്‍ കേന്ദ്ര ഖജനാവിലെത്തിയത് 99000 കോടി രൂപയായിരുന്നു. ഇതാണ് ഒറ്റ വര്‍ഷം കൊണ്ട് രണ്ടരലക്ഷം കോടി രൂപയായി കുമിഞ്ഞു കൂടിയത്.
ക്രൂഡ് ഓയിലിന്റെ വില യു.എസ് ഡോളറിലാണ് നിയന്ത്രിക്കുന്നത്. ഡോളറിനെതിരേ രൂപയുടെ മൂല്യം കുറയുന്നതാണ് പെട്രോള്‍, ഡീസല്‍ വിലകളെ നിയന്ത്രിക്കുന്ന മറ്റൊരു ഘടകം. അസംസ്കൃത എണ്ണവില 28 ഡോളറിലെത്തിയശേഷം പിന്നീട് ഉയര്‍ന്നുതുടങ്ങിയിരുന്നു. ഇതുവരെ 63 ശതമാനത്തിലേറെ വര്‍ധനയുണ്ടായി. രൂപയുടെ മൂല്യം കുറയുന്നതിനനുസരിച്ച് ക്രൂഡോയിലിന്റെ വില കൂടുന്നത് സ്വാഭാവികമാണ്. ആവശ്യമുള്ള അസംസ്കൃത എണ്ണയുടെ 82 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്.
അതുകൊണ്ടുതന്നെ രൂപയുടെ മൂല്യം വിലയില്‍ നിര്‍ണായകമാകുന്നു. 536 രൂപയാണ് ഒരു ബാരല്‍ ക്രൂഡോയിലിന്റെ വില. ഒരു ബാരലില്‍ 159 ലിറ്ററാണ് ഉണ്ടാവുക. അപ്പോള്‍ ഒരു ലിറ്ററിന് മുപ്പത്തി ഒന്നര രൂപയാണ് ക്രൂഡോയിലിനു വരുന്ന വില. ഇത് റിഫൈന്‍ ചെയ്യാന്‍ കമ്പനികള്‍ക്ക് ചെലവാകുന്നത് ഏകദേശം ഒന്‍പതു രൂപയാണ്. നാല്പത് രൂപയ്ക്കാണ് പെട്രോള്‍ പമ്പുകളിലേക്ക് കമ്പനികള്‍ വില്‍പ്പനക്കായി എത്തിക്കുന്നത്.
Read More… പെട്രോളിന് ഇന്ന് 10 പൈസയും ഡീസലിന് 27 പൈസയും കൂടി
ഇതിന്റെ കൂടെയാണ് കേന്ദ്ര ഗവണ്മെന്റിന്റെ എക്സൈസ് തീരുവ കടന്നുവരുന്നത്. ഇത് ഒരു ലിറ്ററിന് ഏകദേശം 20 രൂപയാണ്. ഇരുപത്തിയഞ്ച് ശതമാനമാണിത്. പമ്പുകള്‍ക്ക് ലഭിക്കുന്ന കമ്മീഷന്കൂടിയാകുമ്പോള്വില 60 കടക്കും. പിന്നീടുള്ളത് സംസ്ഥാന സര്‍ക്കാരിന്റെ നികുതിയാണ്. ഓരോ സംസ്ഥാനങ്ങളും വ്യത്യസ്ത രീതിയിലാണ് നികുതി ഈടാക്കുന്നത്. 21 സംസ്ഥാനങ്ങളിലെങ്കിലും 25 ശതമാനം നികുതി ഈടാക്കുന്നുണ്ട്. എന്നാല്‍ കേരളം ഈടാക്കുന്നത് 34 ശതമാനമാണ്. കഴിഞ്ഞ തവണ പെട്രോള്‍ വില 80 കടന്നപ്പോള്‍ മിക്ക സംസ്ഥാനങ്ങളും നികുതി കുറച്ചിരുന്നു. എന്നാല്‍ കേരളം ഒരു രൂപ പോലും കുറച്ചില്ല. ഒരു വര്‍ഷത്തിനിടെ അധിക നികുതി വരുമാനത്തിലൂടെ സംസ്ഥാന സര്‍ക്കാറിന്റെ ഖജനാവിലെത്തിയത് 7,291 കോടി രൂപയാണ്. നാലു മാസം മുന്‍പത്തെ കണക്കാണിത്.
2012- 2013 വര്‍ഷത്തില്‍ ക്രൂഡോയിലിന് ലിറ്ററിന് 51 രൂപയായിരുന്നു വില. അന്ന് 75 രൂപയായിരുന്നു വിപണിയില്‍ പെട്രോളിന്. അന്ന് വിവിധ നികുതികളായി 25 രൂപമാത്രമേ ഈടാക്കിയിരുന്നുള്ളൂ. അതിനുശേഷം ക്രൂഡോയിലിന്റെ വില ആഗോള വിപണിയില്‍ താഴ്ന്നു. മുപ്പത്തിയഞ്ച് രൂപവരേയായി കുറഞ്ഞപ്പോഴും പെട്രോളിന്റെ വില കുറഞ്ഞില്ല. കേന്ദ്ര സര്‍ക്കാര്‍ ടാക്സ് ഉയര്‍ത്തിയതുകൊണ്ടാണ് ക്രൂഡോയിലിന്റെ വില താഴ്ന്നപ്പോഴും പെട്രോള്‍ വില കുറയാതിരുന്നത്. എന്നാല്‍ വീണ്ടും ക്രൂഡോയില്‍ വില ഉയര്‍ന്നപ്പോഴും കൂട്ടിയ നികുതി കേന്ദ്ര സര്‍ക്കാര്‍ കുറച്ചില്ല.
കേന്ദ്രസര്‍ക്കാര്‍ സബ്സിഡി ഏര്‍പ്പെടുത്തിയിരുന്നതിനാലാണ് 2014വരെ ഡീസല്‍ വില കുറഞ്ഞുനിന്നിരുന്നത്. പുതിയ നയത്തില്‍ സബ്സിഡി പൂര്‍ണമായി ഒഴിവാക്കി. ഇതാണ് വില വര്ധനക്കുണ്ടായ കാരണം. ചരക്കുകൂലിയും വര്‍ധനയ്ക്ക് പ്രധാന കാരണമാണ്. ഡീസലിന് ഇത്രയും വില വര്‍ധനയുണ്ടാകുന്നത് ഇതാദ്യമാണെന്നും ഇത് പല മേഖലകളേയും ബാധിക്കുമെന്നും ഓള് കേരള ഫെഡറേഷന് ഓഫ് പെട്രോളിയം ട്രേഡേഴ്സ് സംസ്ഥാന പ്രസിഡന്റ് കെ.പി.ശിവാനന്ദന് പറഞ്ഞു.