2019 August 22 Thursday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

നബിദിനാഘോഷം: മുസ്‌ലിം സംഘടനകള്‍ അഭിപ്രായസമന്വയത്തിലേയ്ക്ക്

#അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്
9447077819

വൈവിധ്യമാര്‍ന്ന നബിദിനാഘോഷ പരിപാടികള്‍ ഗ്രാമഗ്രാമാന്തരങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്നു. നബിദിന മാസാവസാനം വരെ ഇതു തുടരും. ചിലയിടങ്ങളില്‍ അടുത്തമാസവും ആഘോഷം നടക്കും. മുസ്‌ലിം ഗൃഹങ്ങളില്‍ വിശേഷാവസരങ്ങളില്‍ മറ്റു മാസത്തിലും ‘മൗലിദ് ‘ (ഗദ്യമായോ പദ്യമായോ ഗദ്യപദ്യ സമ്മിശ്രമായോ നടത്തുന്ന പ്രവാചക പ്രകീര്‍ത്തനം) പാരായണം നടക്കും.
അവനവനേക്കാള്‍ പ്രവാചക തിരുമേനി (സ)യെ സ്‌നേഹിക്കുന്നവരാണു മുസ്‌ലിംകള്‍. സ്‌നേഹത്തിന്റെ ബഹിര്‍പ്രകടനമാണു പ്രവാചകപ്രകീര്‍ത്തനവും നബിദിനാഘോഷ പരിപാടികളും. സലഫീ സ്വാധീനമുള്ള അപൂര്‍വം മുസ്‌ലിം രാജ്യങ്ങളൊഴികെ ലോകത്തിലെ എല്ലാ മുസ്‌ലിം രാജ്യങ്ങളും ഔദ്യോഗികമായിത്തന്നെ നബിദിനാഘോഷ പരിപാടികള്‍ നടത്തി വരുന്നു.
കേരളത്തില്‍ നബിദിനാഘോഷ പരിപാടികള്‍ ഒരുകാലത്ത് എല്ലാ വിഭാഗം മുസ്‌ലിംകളും നടത്തിയിരുന്നു. ഇന്ന് അതിനെ ശക്തമായെതിര്‍ക്കുന്ന മുജാഹിദ് വിഭാഗത്തിന്റെ സ്ഥാപകകാല നേതാക്കള്‍ നബിദിന പരിപാടികള്‍ക്കു വലിയ പ്രാധാന്യം കല്‍പ്പിച്ചിരുന്നു. ജമാഅത്തെ ഇസ്‌ലാമിയും ആദ്യകാലത്തു നബിദിന പരിപാടികളെ എതിര്‍ത്തിരുന്നില്ല. പില്‍ക്കാലത്ത് ചില നേതാക്കളുടെ സ്വാധീനത്താല്‍ പല മതനിയമങ്ങളും ഭേദഗതി ചെയ്യപ്പെടുകയും അട്ടിമറിക്കപ്പെടുകയും ചെയ്യുകയായിരുന്നു.
കെ.എന്‍.എം മുന്‍ സംസ്ഥാനപ്രസിഡന്റും മുജാഹിദ് സ്ഥാപകകാല നേതാവുമായ കെ.എം മൗലവി എഴുതുന്നു:’റബീഉല്‍ അവ്വല്‍ മാസം വരുമ്പോള്‍ മുസ്‌ലിംകളായ നമ്മുടെ മനസില്‍ എന്തെന്നില്ലാത്ത സന്തോഷവും ആഹ്ലാദവും ഉണ്ടായിത്തീരുന്നു. ഇതിനുള്ള കാരണം എന്തായിരിക്കുമെന്നു തേടി നടക്കേണ്ടതില്ല. ലോകഗുരുവായ മുഹമ്മദ് മുസ്തഫ (സ) ജനിച്ചത് റബീഉല്‍ അവ്വല്‍ മാസത്തിലാണ്.’ (അല്‍ മുര്‍ശിദ് പു:1, ല: 5)
കെ.എന്‍.എം സ്ഥാപകകാല നേതാവ് ഇ.കെ മൗലവി എഴുതുന്നു: ‘റബീഉല്‍ അവ്വല്‍ മാസം ഇതാ ആഗതമായിരിക്കുന്നു. അതു നമ്മെ ആനന്ദിപ്പിക്കുന്നു. അതുനമ്മെ ആഹ്ലാദിപ്പിക്കുന്നു. നാം സന്തോഷം കൊണ്ടു ചാഞ്ചാടുന്നു. നമ്മുടെ ഹൃദയം വികസിക്കുന്നു.’ (അല്‍ മുര്‍ശിദ് പു:3, ല:9)
ഇതെല്ലാം പോയ കാലം. പിന്നീട് മുജാഹിദ് വിഭാഗം സ്ഥാപകനേതാക്കളെ തള്ളിപ്പറഞ്ഞു. നബിദിനാഘോഷം അനാചാരവും ബഹുദൈവവിശ്വാസവുമാണെന്നു പ്രചരിപ്പിച്ചു. ഇന്നും ഇതേ പ്രചാരണം തുടരുന്നു.
എന്നാല്‍, ജമാഅത്തെ ഇസ്‌ലാമി അവരുടെ നിലപാടു തിരുത്തി. ആദ്യകാല നേതാക്കളുടെ നിലപാടു ശരിവച്ചുകൊണ്ട് നബിദിന പരിപാടികള്‍ക്കു വീണ്ടും തുടക്കം കുറിച്ചിരിക്കുന്നു. കഴിഞ്ഞ ചില വര്‍ഷങ്ങളിലെന്നപോലെ ഇപ്രാവശ്യവും നബിദിനത്തോടനുബന്ധിച്ചു പ്രസിദ്ധീകരിച്ച മുഖപത്രത്തില്‍ നബിദിന കവര്‍ സ്റ്റോറിയാണ് അവര്‍ നല്‍കിയിരിക്കുന്നത്. (പ്രബോധനം: 2018 നവം. 23)

പ്രവാചകരുടെ മഹിതവ്യക്തിത്വം പരിചയപ്പെടുത്താന്‍ നബിയുടെ ജന്മമാസം ഉപയോഗപ്പെടുത്തണമെന്ന നിലപാടിലേക്ക് അവര്‍ എത്തിയശേഷം പ്രസിദ്ധീകരിച്ച മുഖക്കുറിപ്പിലെ ചില വാചകങ്ങള്‍ കാണുക :’മുസ്‌ലിം ലോകത്തു പ്രവാചകസ്മരണ പൂത്തുലയുന്ന വസന്തമാണ് റബീഉല്‍ അവ്വല്‍. ഈ വര്‍ഷവും അതു പല രീതിയില്‍ കൊണ്ടാടപ്പെടുന്നുണ്ട്. അനുഷ്ഠാനത്തിനപ്പുറം പ്രവാചകചരിത്രത്തിന്റെ ആഴങ്ങളന്വേഷിക്കാനും ആ മഹിതവ്യക്തിത്വം ജനങ്ങള്‍ക്കു പരിചയപ്പെടുത്താനുമുള്ള സാംസ്‌കാരികവും സര്‍ഗാത്മകവുമായ പരിപാടികള്‍ക്ക് ഉചിതമായി കണക്കാക്കപ്പെടുന്ന കാലമാണു നബിയുടെ ജന്മമാസം. ചരിത്രസന്ധി അതാവശ്യപ്പെടുന്നുമുണ്ട്.’ (പ്രബോധനം 2015 ജനുവരി 02)
മുജാഹിദ് പ്രസ്ഥാനത്തിലും തിരിച്ചുപോക്കിന്റെ അനുരണനങ്ങള്‍ പ്രകടമാകുന്നുവെന്നതാണ് ഏറ്റവും വലിയ വിശേഷം. സമൂഹ മാധ്യമങ്ങളില്‍ നബിദിനത്തിനെതിരേയുള്ള കടുത്ത വിമര്‍ശനങ്ങള്‍ കുറഞ്ഞിട്ടുണ്ട്. നബി(സ)യുടെ ജന്മമാസം തങ്ങളുടെ മഹിതസന്ദേശം സമൂഹത്തിനു കൈമാറാന്‍ ഉപയോഗപ്പെടുത്താമെന്ന മിതവാദികളുടെ നിലപാടിന് ആ സംഘടനയില്‍ സ്വാധീനം കൂടി വരുന്നുണ്ട്.
തിരുവനന്തപുരം പാളയം പള്ളിയില്‍ റബീഉല്‍ അവ്വല്‍ ഒന്നു മുതല്‍ പന്ത്രണ്ടുവരെ നടത്തിവരുന്ന മീലാദ് പ്രഭാഷണ പരിപാടിയില്‍ ചില മുജാഹിദ് നേതാക്കള്‍ ഇടയ്‌ക്കൊക്കെ സംബന്ധിക്കാറുണ്ട്, അതു വിമര്‍ശിക്കപ്പെടാറുമുണ്ട്.
ഇത്തവണ പാളയം പള്ളിയിലെ മീലാദ് പ്രഭാഷണം ഉദ്ഘാടനം ചെയ്തത് കെ.എന്‍.എം സംസ്ഥാന വൈസ് പ്രസിഡന്റ് ഹുസൈന്‍ മടവൂരാണെന്നതു ശ്രദ്ധേയമാണ്. അദ്ദേഹമിപ്പോള്‍ മുജാഹിദ് ഔദ്യോഗികവിഭാഗത്തിന്റെ നേതാവാണ്. മുജാഹിദ് വിസ്ഡം ഗ്രൂപ്പ് നേതാവ് ഷാര്‍ജയില്‍ ഇപ്രാവശ്യത്തെ നബിദിനത്തോടനുബന്ധിച്ചു നവംബര്‍ 16ന് വെള്ളിയാഴ്ച മലയാള ഖുഥ്ബ നടത്തിയത് നബി(സ)യുടെ ജന്മത്തെക്കുറിച്ചും ജനിച്ചപ്പോഴുണ്ടായ അത്ഭുതസംഭവങ്ങളെക്കുറിച്ചുമായിരുന്നു.
പ്രസംഗം തുടങ്ങിയതു തന്നെ ഇപ്രകാരം: ”മുസ്‌ലിം സമൂഹമേ, സൃഷ്ടികളില്‍ ശ്രേഷ്ഠനും മാനവസമൂഹത്തിനു കാരുണ്യമായി അല്ലാഹു നിയോഗിച്ചവനുമായ നമ്മുടെ നായകന്‍ മുഹമ്മദ് നബി(സ)യുടെ ജന്മദിനസ്മരണകള്‍ പുതുക്കുന്ന മാസമാണല്ലോ റബീഉല്‍ അവ്വല്‍…”
നമ്മുടെ മന്‍ഖൂസ് മൗലിദില്‍ പറയുന്ന പല കാര്യങ്ങളും ഉള്‍ക്കൊള്ളുന്ന ഈ പ്രസംഗം നബിദിനത്തെക്കുറിച്ചു മാത്രമായിരുന്നു. യു.എ.ഇയിലെ മുഴുവന്‍ പള്ളികളിലും നബിദിനത്തോടനുബന്ധിച്ച് ഈ ഖുഥ്ബ തന്നെയാണ് നടന്നത്. ഈ ലേഖകന്‍ അത് നേരിട്ടു കേട്ടതുമാണ്. യു.എ.ഇ മതകാര്യവകുപ്പ് തയാറാക്കിയ ഖുഥ്ബ അതേപടി നടത്താന്‍ ഖഥീബുമാര്‍ ബാധ്യസ്ഥരാണെങ്കിലും മുജാഹിദ് നേതാവായ സലഫി എങ്ങനെ നബിദിനപ്രഭാഷണം നടത്തും. ബിദ്അത്തോ ശിര്‍ക്കോ ആയ ഒരു കാര്യം ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെട്ടാല്‍ അതു ചെയ്യാതെ വിട്ടുനില്‍ക്കുകയല്ലേ വേണ്ടത്. ആദര്‍ശ ബോധമുള്ളവര്‍ക്ക് ഇങ്ങനെ ചെയ്യാന്‍ സാധിക്കുമോ.

അതല്ലെങ്കില്‍, മനസില്‍ വിശ്വാസം ഉറപ്പിച്ചുകൊണ്ടു നബിദിനപ്രഭാഷണം തെറ്റാണെന്നു മനസിലാക്കി ജോലി സംരക്ഷിക്കാന്‍ ചെയ്തതാണോ. ഇക്കാര്യത്തില്‍ സലഫിയുടെ വിശദീകരണം ഇതുവരെ വന്നിട്ടില്ല. നമുക്കു നല്ലതു വിചാരിക്കാം. റബീഉല്‍ അവ്വല്‍ മാസം പ്രവാചകസ്മരണ പുതുക്കാന്‍ ഉപയോഗപ്പെടുത്തുന്നത് അനുയോജ്യമാണെന്ന നിലപാടിലേയ്ക്കു സലഫിയും എത്തിയെന്നു മനസിലാക്കാം.
ഹുസൈന്‍ മടവൂര്‍ നബിദിന പ്രഭാഷണം ഉദ്ഘാടനം ചെയ്തതു വിവാദമായപ്പോള്‍, മടവൂര്‍ തന്നെ നേരിട്ടു വിശദീകരണവുമായി രംഗത്തുവന്നു. വിശദീകരണത്തിലെ പ്രസക്തഭാഗം ഇപ്രകാരം:’പതിനെട്ടു വര്‍ഷം മുന്‍പ് കെ.എന്‍.എം ജന. സെക്രട്ടറി കെ.പി മുഹമ്മദ് മൗലവി തിരുവനന്തപുരം മീലാദ് പ്രഭാഷണത്തില്‍ പോകാന്‍ നിര്‍ദേശിച്ചിരുന്നു. അന്നു ഞാന്‍ മൗലവിയോടു ചോദിച്ചു: ‘മൗലവീ, നമ്മളുണ്ടോ മീലാദ് പ്രഭാഷണത്തില്‍ പങ്കെടുക്കുന്നു. നമ്മള്‍ അത് ബിദ്അത്താണെന്നു വിശ്വസിക്കുന്നവരല്ലേ.’
മൗലവി പറഞ്ഞത് ഇപ്രകാരം: ‘അവിടെ മന്ത്രിമാര്‍, എം.എല്‍.എമാര്‍, ഉയര്‍ന്ന ഉദ്യോഗസ്ഥന്മാര്‍ ഒക്കെയുള്ളതാ. അതുകൊണ്ടു പോകണം.’
മാത്രമല്ല, കെ.കെ സുല്ലമിയും സുഹൈര്‍ ചുങ്കത്തറയും ശംസുദ്ദീന്‍ പാലത്തും അവിടെ പങ്കെടുത്തിട്ടുണ്ടെന്നു ഹുസൈന്‍ മടവൂര്‍ വിശദീകരിക്കുന്നു. അനാചാരവും ബഹുദൈവ വിശ്വാസവുമായി കാണുന്ന ഒരു കാര്യം ചെയ്യാന്‍ കെ.എന്‍.എം ജന.സെക്രട്ടറിയുടെ നിര്‍ദേശം സ്വീകരിക്കേണ്ടതുണ്ടോ. ഇമാം ശാഫിഈ (റ)വിന്റെ നിര്‍ദേശം പോലും നിരുപാധികം സ്വീകരിക്കാത്തവരല്ലേ മുജാഹിദുകള്‍. മന്ത്രിമാരും ഉയര്‍ന്ന ഉദ്യോഗസ്ഥരുമുള്ള സ്ഥലത്ത് അനാചാരം ചെയ്യാന്‍ പറ്റുമെന്നാണോ. അതൊന്നുമല്ല വിഷയം. നബിദിന പരിപാടികള്‍ ആകാം എന്ന നിലപാടിലേയ്ക്കു മുജാഹിദ് പ്രസ്ഥാനങ്ങള്‍ പതുക്കെ മാറിക്കൊണ്ടിരിക്കുന്നുവെന്നതാണു വാസ്തവം.

നബിദിന പ്രഭാഷണം നടത്തിയവര്‍ക്കെതിരേ സംഘടനാപരമായ ഒരു നടപടിയും വന്നതായി അറിവില്ല. മാത്രമല്ല, ഈ വിവാദം നിലനില്‍ക്കെ റബീഉല്‍ അവ്വല്‍ പന്ത്രണ്ടിന് മാതൃഭൂമി ദിനപത്രത്തില്‍ ‘ഇന്നു നബിദിനം: ലോകത്തിന്റെ കാരുണ്യം’ എന്ന തലവാചകത്തില്‍ ഹുസൈന്‍ മടവൂര്‍ നബിദിന ലേഖനമെഴുതി. ഈ ലേഖനത്തിലെവിടെയും നബിദിനാഘോഷം ബിദ്അത്താണെന്നോ ശിര്‍ക്കാണെന്നോ പരാമര്‍ശിച്ചിട്ടില്ല. മുജാഹിദ് വിഭാഗത്തിലെ തീവ്രവാദികള്‍ ഈ നീക്കം എത്രത്തോളം ഉള്‍ക്കൊള്ളുമെന്നു കണ്ടറിയണം. കാത്തിരുന്നു കാണാം.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.