2019 June 17 Monday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

നെതര്‍ലന്‍ഡ്‌സിലെ ശരത്കാല പാഠശാല

#സയ്യിദ് മുഹ്‌സിന്‍ ഹുദവി

 

വംബര്‍ പതിനൊന്നിന് ദുബൈ മാര്‍ഗം പന്ത്രണ്ടു മണിക്കൂര്‍ സഞ്ചരിച്ചാണ് യൂറോപ്പിലെ മനോഹര നഗരങ്ങളിലൊന്നായ ആംസ്റ്റര്‍ഡാമില്‍ (നെതര്‍ലന്‍ഡ്‌സിന്റെ തലസ്ഥാനം) വിമാനമിറങ്ങുന്നത്. യൂറോപ്യന്‍ റിസര്‍ച്ച് കൗണ്‍സിലിന്റെ രണ്ടുവര്‍ഷം നീണ്ടുനില്‍ക്കുന്ന ഗവേഷണപദ്ധതിയുടെ ഭാഗമായുള്ള Autumn School (ശരത്കാല പാഠശാല) എന്നു വിളിക്കപ്പെട്ട പഞ്ചദിന കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനായിരുന്നു യാത്ര. പ്രൊജക്ടില്‍ നാലു പ്രധാന യൂനിവേഴ്‌സിറ്റികളുടെ-യു.കെയിലെ എക്‌സിറ്റര്‍, നോര്‍വേയിലെ ബെര്‍ഗന്‍, ജര്‍മനിയിലെ ഗോട്ടിംഗന്‍, നെതര്‍ലന്‍ഡ്‌സിലെ ലെയ്ഡന്‍- പങ്കാളിത്തമാണുണ്ടായിരുന്നത്. സയന്‍സ് വിഷയങ്ങളെപ്പോലെ ഹ്യുമാനിറ്റീസില്‍ വ്യത്യസ്ത യൂനിവേഴ്‌സിറ്റികളുടെ സഹപ്രവര്‍ത്തനത്തിലായി ഫലപ്രദമായ ഗവേഷണങ്ങള്‍ ജനിക്കുന്നില്ല എന്നതിനുള്ള പരിഹാരമായും ഈ പ്രൊജക്ട് വിലയിരുത്തപ്പെടുന്നു.
ഇസ്‌ലാമിക് ലീഗല്‍ സ്റ്റഡീസില്‍ പി.എച്ച്.ഡി ചെയ്യുന്ന ഗവേഷകരില്‍നിന്ന് അപേക്ഷ സ്വീകരിച്ചു തിരഞ്ഞെടുക്കപ്പെട്ട പത്തുപേരാണ് പ്രോഗ്രാമില്‍ പങ്കെടുത്തത്. അമേരിക്കയിലെ ഹാര്‍വാഡ്, പ്രിന്‍സ്റ്റണ്‍, പെന്‍സില്‍വാനിയ, യു.കെയിലെ എക്‌സിറ്റര്‍, മാഞ്ചസ്റ്റര്‍, നെതര്‍ലന്‍ഡ്‌സിലെ ലെയ്ഡന്‍, ടില്‍ബര്‍ഗ്, റഷ്യയിലെ സ്റ്റേറ്റ് സോഷ്യല്‍, ഇന്തോനേഷ്യയിലെ മനാഡോ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്‌ലാമിക് സ്റ്റഡീസ്, മലേഷ്യയിലെ ഐ.ഐ.യു.എം എന്നീ സര്‍വകലാശാലകളില്‍നിന്നുള്ള പ്രതിനിധികളാണു തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. ഒട്ടേറെ സവിശേഷതകളുള്ള ഒരുപാട് കൈയെഴുത്തുപ്രതികളുടെ ശേഖരം കൊണ്ട് കേളികേട്ട ലെയ്ഡന്‍ യൂനിവേഴ്‌സിറ്റി ലൈബ്രറിയിലെ ഗ്രോഷ്യസ് ഹാളിലായിരുന്നു പ്രോഗ്രാമിലെ മുഴുവന്‍ ഭാഗവും അരങ്ങേറിയത്. ലെയ്ഡന്‍ യൂനിവേഴ്‌സിറ്റി തന്നെയായിരുന്നു മുഴുവന്‍ പ്രതിനിധികളുടെയും യാത്ര-താമസാനുബന്ധ ചെലവുകള്‍ സ്‌പോണ്‍സര്‍ ചെയ്തത്.

ശരത്കാല പാഠശാല

കോണ്‍ഫന്‍സ് എന്നു പൊതുവെ പറയാമെങ്കിലും ഒരു പാഠശാലയുടെ പ്രകൃതവും സംവിധാനവുമാണ് പ്രോഗ്രാമിനുണ്ടായിരുന്നത്. തല്‍ഫലമായി സാധാരണ കോണ്‍ഫറന്‍സുകളില്‍ ശീലിച്ചുപോരുന്ന ഔപചാരികതകളും ചടങ്ങുകളും പാടെ ഈ ചടങ്ങില്‍ അന്യമായിരുന്നു. കൂടാതെ പ്രോഗ്രാം ഡയരക്ടറും എക്‌സിറ്റര്‍ യൂനിവേഴ്‌സിറ്റിയിലെ അറബിക് സ്റ്റഡീസ് പ്രൊഫസറുമായ റോബര്‍ട്ട് ഗ്ലിവ്, നോര്‍വേയിലെ ബെര്‍ഗന്‍ യൂനിവേഴ്‌സിറ്റിയിലെ ഹിസ്റ്ററി വിഭാഗം പ്രൊഫസര്‍ കനൂട്ട് വികോര്‍, പോസ്റ്റ് ഡോക്ടറല്‍ ഗവേഷകരായ നജ്മി ഇദ്‌രീസ്, സയ്യാദ്, യസ്‌റുല്‍ ഹുദ എന്നിവരുടെ സാന്നിധ്യവും നേതൃത്വവും ഇടപെടലുകളും പാഠശാലയെ സമ്പന്നമാക്കി. ജ്യേഷ്ഠസുഹൃത്തും ലെയ്ഡന്‍ യൂനിവേഴ്‌സിറ്റിയില്‍ പോസ്റ്റ് ഡോക്ടറല്‍ റിസര്‍ച്ചറുമായ ഡോ. മഹ്മൂദ് കൂരിയ ആയിരുന്നു പ്രോഗ്രാമിന്റെ മുഖ്യസംഘാടകരിലൊരാള്‍.

പൂര്‍വകാലത്തിന്റെ പ്രയോഗങ്ങള്‍ (Uses of the Past)

‘ശരീഅയെക്കുറിച്ചുള്ള അവബോധം: വിശിഷ്ടമായ പൂര്‍വകാലവും അപൂര്‍ണമായ വര്‍ത്തമാനവും’ എന്നതായിരുന്നു പാഠശാലയുടെ പ്രധാന പ്രമേയം. സമകാലിക വിഷയങ്ങളിലെ ശരീഅയുടെ കാഴ്ചപ്പാടുകളെ നിര്‍ധാരണം ചെയ്യുന്നതില്‍ ‘ഭൂതകാലം’ അഥവാ പൂര്‍വിക പണ്ഡിതരുടെ ഗ്രന്ഥങ്ങള്‍, സംസ്‌കാരം, ആചാരങ്ങള്‍, കോടതിവിധികള്‍ എന്നിവ എത്രമാത്രംഏതൊക്കെ മാനങ്ങളില്‍ സ്വാധീനിക്കുന്നുവെന്നുള്ള അപഗ്രഥനമാണ് പ്രോഗ്രാമിന്റെ ഉള്‍ത്തുടിപ്പ്.
പ്രോഗ്രാമില്‍ ഓരോ പ്രതിനിധിക്കും പ്രധാനമായും രണ്ടു ദൗത്യങ്ങളാണുണ്ടായിരുന്നത്. ഒന്ന്: ശരീഅയുടെ സമകാലിക പരിസരം വികാസം പരിണാമം വ്യാഖ്യാനം എന്നിവയെ പുരസ്‌കരിച്ചു കൊണ്ടുള്ള പ്രബന്ധം അവതരിപ്പിക്കുക. പ്രബന്ധാവതരണത്തിന് ഇരുപത് മിനിറ്റും തുടര്‍ചര്‍ച്ചകള്‍ക്ക് എഴുപത് മിനിറ്റും. ഫലപ്രദവും ആഴത്തിലും ഇഴകീറിയുമുള്ള ചര്‍ച്ചകള്‍ കൊണ്ടു സമ്പന്നമായിരുന്നു ഓരോ സെഷനും. സെഷനുകളിലെ ചര്‍ച്ചകളുടെ നോട്ടുകള്‍ തയാറാക്കാന്‍ അവതാരകനല്ലാത്ത ഒരാളെ ചുമതലപ്പെടുത്തും. ആ നോട്ടുകള്‍ അവലംബിച്ചു പ്രബന്ധം മികവുറ്റതാക്കാനും പ്രസിദ്ധീകരണയോഗ്യമാക്കാനും സഹായിക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം. ഇസ്‌ലാമിലെ സുന്നി, ശീഈ, ഇബ്ബാളി കര്‍മശാസ്ത്ര സരണികളുമായി ബന്ധപ്പെട്ട അവതരണങ്ങളാണ് വിവിധ സെഷനുകളില്‍ നടന്നത്.
ഇംഗ്ലീഷില്‍ ലഭ്യമല്ലാത്ത, ഇസ്‌ലാമിക നിയമപഠനവുമായി(Islamic legal studies) ബന്ധപ്പെട്ട രചനകളുടെ തര്‍ജമയും അനുബന്ധക്കുറിപ്പുകളും തയാറാക്കലായിരുന്നു രണ്ടാമത്തെ ദൗത്യം. ശരീഅയുമായി ബന്ധപ്പെട്ട ഫത്‌വയോ കോടതിവിധിയോ പഠനമോ ആമുഖവും അപഗ്രഥനവുമുള്‍പ്പെടുത്തി തര്‍ജമ ചെയ്യുക. അതിലൂടെ പ്രാദേശികമായോ ഭാഷാപരമായോ പരിമിതപ്പെടുത്തപ്പെട്ട അറിവുകളെ വലിയൊരു വായനാവിഭാഗത്തിനു പരിചയപ്പെടുത്തുക എന്നതായിരുന്നു ഉന്നം. പ്രോഗ്രാമിനുമുന്‍പുതന്നെ കരടുരേഖ തയാറാക്കി, പിന്നീട് വ്യത്യസ്ത സെഷനുകളിലൂടെ ഓരോ രചനയും കിടയറ്റതാക്കി, അവസാനം അവയുടെ സമാഹാരം തയാറാക്കുകയാണു സംഘാടകര്‍ ലക്ഷ്യമിട്ടത്.
പ്രതിനിധികളുടെ കൂട്ടത്തില്‍ എല്ലാ വിഭാഗം മതസ്ഥരുമുണ്ടായിരുന്നു. ഇസ്‌ലാമിക പഠനത്തിന്റെ ഭാഗമായി അറബി, പേര്‍ഷ്യന്‍ ഭാഷകളിലും പ്രാവീണ്യം നേടിയവരും അക്കൂട്ടത്തിലുണ്ടായിരുന്നു. അവരുടെ കര്‍മശാസ്ത്ര വിഷയങ്ങളിലെ വ്യൂല്‍പത്തി ആശ്ചര്യപ്പെടുത്തുന്നതായിരുന്നു. അവരിലൊരാളായ സുഹൃത്ത് ഏലിയാസ് സാബാ തര്‍ജമയ്ക്കു തിരഞ്ഞെടുത്തത് പ്രമുഖ ശാഫിഈ പണ്ഡിതന്‍ ഇമാം സര്‍കഷിയുടെ ‘അല്‍ മന്‍ഥൂര്‍ ഫില്‍ ഖവാഇദ് ‘ എന്ന ഗ്രന്ഥമായിരുന്നു. തര്‍ജമ സെഷനില്‍ പ്രസ്തുത ഗ്രന്ഥത്തിന്റെ ആമുഖത്തില്‍ ‘അല്‍ ഖവാനീന്‍’ എന്ന പദം വന്നപ്പോള്‍ ഹിജ്‌റ എട്ടാം നൂറ്റാണ്ടില്‍ കര്‍മശാസ്ത്ര തത്വങ്ങളെ ‘ഖവാനീന്‍’ എന്നു പരിചയപ്പെടുത്തിയതിലെ വൈചിത്ര്യം സെഷനില്‍ ചര്‍ച്ചയായി. അവ്വിധം പദങ്ങളെയും വിഷയങ്ങളെയും ചരിത്രത്തിന്റെയും സാമൂഹ്യപശ്ചാലത്തലത്തിന്റെയും പ്രതലത്തില്‍നിന്നു പര്യവേക്ഷണങ്ങള്‍ക്കു വിധേയമാക്കിയത് ഏതൊരു ഇസ്‌ലാമിക കര്‍മശാസ്ത്ര വിദ്യാര്‍ഥിക്കും ഉള്‍ക്കാഴ്ച പകരുന്നതായിരുന്നു.

ചെറുശ്ശേരി സൈനുദ്ദീന്‍
മുസ്‌ലിയാരുടെ ഫത്‌വകള്‍

കേരളത്തിലെ ഫത്‌വ സംവിധാനം പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ഇസ്‌ലാമിക കര്‍മശാസ്ത്രത്തില്‍ അഗ്രേസരനായിരുന്ന മര്‍ഹൂം ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരുടെ വിവാഹമോചന ഫത്‌വകളുടെ രീതിശാസ്ത്രമാണു ലേഖകന്‍ അവതരിപ്പിച്ചത്. അതിന്റെ ഭാഗമായി പ്രമാദമായ വളപുരം ത്വലാഖുമായി ബന്ധപ്പെട്ട ഫത്‌വയും അതിനെത്തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും വാഗ്വാദങ്ങളും പരാമര്‍ശിക്കപ്പെട്ടു. സൈനുദ്ദീന്‍ മുസ്‌ലിയാരുടെ ഫത്‌വയുടെ ആധികാരികത തെളിയിക്കുന്നതിനായി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ ‘ത്വലാഖ് സംവാദം: സത്യവും മിഥ്യയും’ എന്ന പുസ്തകം രചിച്ചിട്ടുണ്ട്. പ്രസ്തുത ഗ്രന്ഥം പൂര്‍വിക പണ്ഡിതരുടെ അഭിപ്രായങ്ങള്‍ക്കും നിലപാടുകള്‍ക്കും ഫത്‌വകള്‍ക്കും സമസ്ത കല്‍പിച്ചുനല്‍കുന്ന പ്രാധാന്യത്തിന്റെ നേര്‍സാക്ഷ്യമാണ്. റഷ്യ, മൊറോക്കോ, ഇറാന്‍, സഊദി അറേബ്യ, എത്യോപ്യ, യു.എ.ഇ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുമായി ബന്ധപ്പെട്ട കര്‍മശാസ്ത്രവിധികള്‍ മറ്റു പ്രതിനിധികള്‍ അവതരിപ്പിച്ചു.

അപരന്റെ കണ്ണാടി

ഹാര്‍വാഡിലെ ലോ സ്‌കൂളില്‍നിന്നുള്ള ക്രിസ്തീയനായ അറി സ്‌ക്രിബറിന്റെ പി.എച്ച്.ഡി ഗവേഷണം മൊറോക്കന്‍ ശരീഅ കോടതിയില്‍ ഫയല്‍ ചെയ്യപ്പെട്ട ഒരു ഇസ്‌ലാമിക അനന്തരാവകാശ പ്രശ്‌നത്തെ അനാവരണം ചെയ്യുന്നതാണ്. ശരീഅയെ സവിശേഷ പഠനമേഖലയായി തിരഞ്ഞെടുത്തതിന്റെ കാരണമന്വേഷിച്ചപ്പോള്‍ പറഞ്ഞത് ജോര്‍ജ് മാര്‍സണ്‍ യൂനിവേഴ്‌സിറ്റിയില്‍ പ്രൊഫസറായ അബ്ദുല്‍ അസീസ് സാഷാദിനയുടെ ക്ലാസിന്റെയും പെരുമാറ്റത്തിന്റെയും സ്വാധീനമെന്നാണ്. ഫിഖ്ഹിലെ ഫുറൂഖിനെക്കുറിച്ച് പെന്‍സില്‍വാനിയ യൂനിവേഴ്‌സിറ്റിയില്‍ പി.എച്ച്.ഡി ചെയ്ത് ഇപ്പോള്‍ അമേരിക്കയിലെ ഗ്രിനല്‍ കോളജില്‍ അധ്യാപകനായ മറ്റൊരു ക്രിസ്തീയ സുഹൃത്ത് എലിയാസ് സാബ പറഞ്ഞത് ഹാര്‍വാഡ് ലോ സ്‌കൂളില്‍ പ്രൊഫസറായ ഇന്‍തിസാര്‍ റബ്ബിന്റെ രചനകളും ഇസ്‌ലാമിക നിയമങ്ങളുടെ ആഴവും വൈവിധ്യങ്ങളുമാണ് ശരീഅ പഠനത്തിന്റെ പ്രേരകമെന്നാണ്.
വിവര്‍ത്തനം സെഷനില്‍ വിശ്വാസിയുടെ(മുഅ്മിനിന്റെ) ഉപമ ഈത്തപ്പന പോലെയാണ് എന്ന പ്രവാചക വചനം ചര്‍ച്ചയില്‍ വന്നപ്പോള്‍ റോബര്‍ട്ട് ഗ്ലിവ് തമാശയെന്നോണം ‘അതെ, മുസ്‌ലിം നീണ്ടുനിവര്‍ന്ന്, മുടികള്‍ ചിന്നിച്ചിതറി’ എന്നു പ്രതിവചിച്ചു. രാഷ്ട്രീയ-സാമ്പത്തിക-വിദ്യാഭ്യാസ മേഖലകളില്‍ മറ്റുള്ളവരോടുള്ള വിധേയത്വം കെട്ടിപ്പുണര്‍ന്നു ദിവാസ്വപ്‌നങ്ങളില്‍ അഭിരമിക്കുന്ന, ഉപ്പൂപ്പക്കുണ്ടായിരുന്ന ആനയില്‍ ഊറ്റംകൊള്ളുന്ന സമകാലിക സമുദായ നേതൃത്വത്തെയും അണികളെയും നോക്കി മേല്‍ചൊന്ന ഹദീസിനെ വ്യംഗ്യന്തരേണ നിരീക്ഷിച്ചതിനെ വിമര്‍ശിക്കാനാവില്ലെന്ന് മനസ് പറഞ്ഞു.

സായാഹ്നക്കാഴ്ചകള്‍

ചരിത്രത്തിന്റെ ചന്ദ്രികയേന്തി നില്‍ക്കുന്ന, വെള്ളത്തില്‍ പണിത നഗരമെന്നറിയപ്പെടുന്ന ആംസ്റ്റര്‍ഡാമിലായിരുന്നു ഒരു സായാഹ്നം. ഒരു മണിക്കൂറോളം ബോട്ടിലേറി നഗരത്തിന്റെ സൗകുമാര്യതയും പഴമയുടെ പ്രൗഢിയുള്ള കെട്ടിടങ്ങളും നോക്കിക്കണ്ടു. മറ്റൊരു സായാഹ്നം സൗത്ത് ഹോളണ്ട് പ്രൊവിന്‍സിലുള്ള റോട്ടര്‍ഡാമിലായിരുന്നു. രണ്ടാം ലോകയുദ്ധത്തില്‍ പരിപൂര്‍ണമായും തരിപ്പണമായ നഗരം പിന്നീട് മറ്റ് ഡച്ച് നഗരങ്ങളില്‍നിന്നു വ്യത്യസ്തമായി അത്യാധുനിക രൂപത്തില്‍ പുനര്‍നിര്‍മാണം ചെയ്യപ്പെട്ടിരിക്കുന്നു. നെതര്‍ലന്‍ഡ്‌സിന്റെ പശ്ചിമതീരത്ത് സ്ഥിതിചെയ്യുന്ന ഹെയ്ഗില്‍ ചുറ്റിക്കറങ്ങി, ലക്‌നൗവില്‍നിന്ന് ബ്രിട്ടീഷ് കാലത്ത് നാടുകടത്തപ്പെട്ട് ഡച്ച് പൗരത്വം നേടിയ ഇന്ത്യന്‍ വംശജരായ നൂര്‍ മുഹമ്മദിന്റെ വീട്ടില്‍ രാത്രി ഭക്ഷണത്തിനെത്തിച്ചേര്‍ന്നു.
അതീവ തണുപ്പായിരുന്നു കാലാവസ്ഥ. തണുപ്പിനെയും ചൂടിനെയും പ്രകൃതിക്കും ആവാസവ്യവസ്ഥയ്ക്കും പോറലേല്‍ക്കാതെ സൂക്ഷിക്കുകയും ആവശ്യാനുസരണം അവയെ കാലോചിതമായി ഉപയോഗിക്കാന്‍ പറ്റുന്ന സാങ്കേതികവിദ്യ ‘എക്യുഫര്‍ തെര്‍മല്‍ എനര്‍ജി സ്റ്റോറേജ് ‘ കണ്ടെത്തിയിരിക്കുന്നു ഡച്ചുകാര്‍. താഴ്ന്നുകിടക്കുന്ന ഭൂപ്രദേശമായതിനാലും ചില ഭാഗങ്ങള്‍ സമുദ്രനിരപ്പില്‍നിന്നു താഴെയായതിനാലും പ്രളയഭീഷണി നേരിടുന്ന രാജ്യമാണ് നെതര്‍ലന്‍ഡ്‌സ്. എങ്കിലും പ്രളയത്തെ അത്യാധുനികമായി നിയന്ത്രിക്കാനുള്ള സംവിധാനങ്ങളെക്കുറിച്ച് ടൂര്‍ ഗൈഡ് വിശദീകരിച്ചുതന്നു. കൃത്യതയോടെയും വ്യക്തതയോടെയും ഡച്ച് സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന ജനോപകാരപ്രദമായ വികസനപദ്ധതികളെക്കുറിച്ച് അദ്ദേഹം വാചാലനായി. പരന്നുകിടക്കുന്ന ഭൂനിരപ്പായതു കൊണ്ടുതന്നെ വലിയൊരളവില്‍ ആളുകള്‍ സൈക്കിളുകള്‍ ഉപയോഗിക്കുന്നു. അതുകൊണ്ടുതന്നെ ജനങ്ങള്‍ ആശ്രയിക്കുന്ന മേഖലകളിലൊക്കെയും ആയിരക്കണക്കിന് സൈക്കിളുകള്‍ തട്ടുകളിലായി പാര്‍ക്ക് ചെയ്യാനുള്ള സൗകര്യങ്ങളും കാണാം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.