2019 July 17 Wednesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

ജമാല്‍ ഖശോഗി തുര്‍ക്കിയിലെ എംബസിയില്‍ കൊല്ലപ്പെട്ടതു തന്നെയെന്ന് സഊദി

  • വധം നടന്നത് ചോദ്യം ചെയ്യലിനിടെയുള്ള പിടിവലിക്കിടെ
  • സംഭവത്തിൽ 18 സഊദികൾ അറസ്‌റ്റിൽ, ഉന്നത ഉദ്യോഗസ്ഥരുടെ സ്ഥാനം തെറിച്ചു 
ദുബായ്: ഏറെ വിവാദമായ മുതിർന്ന സഊദി മാധ്യമ പ്രവർത്തകന്റെ തിരോധാനത്തിൽ ഒടുവിൽ സഊദി അറേബ്യയുടെ സ്ഥിരീകരണം. തുർക്കിയിലെ ഇസ്‌താംബൂളിലെ സഊദി എംബസി സന്ദര്ശനത്തിനു ശേഷം കാണാതായ ജമാൽ ഖശോഗി കൊല്ലപ്പെട്ടതായി സഊദി അറേബ്യ വ്യക്തമാക്കി. ചോദ്യം ചെയ്യലിനായി കസ്‌റ്റഡിയിലെടുത്ത ഇദ്ദേഹം  ചോദ്യം ചെയ്യലിയനിടെയുണ്ടായ അടിപിടിയിലാണ് കൊല്ലപ്പെട്ടതെന്ന് സഊദി അറേബ്യ വ്യക്തമാക്കി.
 
സംഭവവുമായി ബന്ധപ്പെട്ടു ഇന്റലിജൻസ് മേധാവികളടക്കം നിരവധി പേരെ സ്ഥാനങ്ങളിൽ നിന്നും മാറ്റുകയും പതിനെട്ടു പേരെ സഊദി പൗരന്മാരെ അറസ്‌റ്റു ചെയ്യുകയും ചെയ്‌തതായി സഊദി ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. സഊദി  കോണ്‍സുലേറ്റിനകത്ത് നടന്ന അടിപിടിയിലാണ് ഖശോഗി കൊല്ലപ്പെട്ടതെന്ന് സഊദി പബ്ലിക് പ്രോസിക്യൂട്ടർ വ്യക്തമാക്കി.
 
സംഭവത്തിൽ വിവിധ ലോക രാജ്യങ്ങൾ ശക്തമായ നിലപാടുകളുമായി രംഗത്തെത്തിയതിനെ തുടർന്ന് സഊദി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ശനിയാഴ്ച്ച പുലർച്ചെയാണ് ജമാൽ ഖശോഗി ചോദ്യം ചെയ്യലിനിടെയുള്ള മൽപിടുത്തത്തിനിടെ കൊല്ലപ്പെട്ടതായി സഊദി ഔദ്യോഗികമായി വെളിപ്പെടുത്തിയത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ സഊദി രഹസ്യാന്വേഷണ വകുപ്പ് ഡപ്യൂട്ടി മേധാവികളായ അഹമ്മദ് അൽ അസീരി, മുഹമ്മദ് സ്വാലിഹ് അൽ റുമൈഹ്, അബ്ദുൽ ഖലീൽ അൽ ശായ എന്നിവരെയും സുരക്ഷാവകുപ്പിലെ റഷാദ് ബിൻ മാഹി അൽ മെഹ്മാദി, റോയൽ കോർട്ട് ഉപദേശകൻ സഊദ് അൽ ഖഹ്താനി എന്നിവരെയും സ്ഥാനങ്ങളിൽ  നീക്കി സഊദി  ഭരണാധികാരി സൽമാൻ ബിൻ രാജാവ് ഉത്തരവിടുകയും ചെയ്‌തിട്ടുണ്ട്‌. സംഭവവുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ രഹസ്യാന്വേഷണവിഭാഗത്തെ പൂർണമായും മാറ്റാൻ  തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ഉത്തരവിട്ടു. ഇതിന്റെയടിസ്ഥാനത്തിലാണ്‌ തലവന്മാരെ മാറ്റിയത്. 
 
പുതിയ രഹസ്യാന്വേഷണ സമിതി രൂപീകരിക്കാൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ നേതൃത്വത്തിൽ സമിതിയെ നിയോഗിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഡോ: മുസായിദ് അൽ ഹൈബാൻ, ഡോ. ഇബ്രാഹീം അൽ അസ, റോയൽ കോർട്ട് മേധാവി, വിദേശകാര്യമന്ത്രി, രാജ്യസുരക്ഷമേധാവി എന്നിവരടങ്ങുന്ന സമിതിക്കാണ് രാജാവ് ഉത്തരവിട്ടത്. ഒരു മാസത്തിനകം റിപ്പോർട്ട് നൽകാനും രാജകൽപ്പനയിലുണ്ട്. ജമാൽ ഖശോഗിയുടെ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ച പതിനെട്ട് പേരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ അറിയിച്ചു.
 
ഇക്കഴിഞ്ഞ ഒക്ടോബർ രണ്ടിനാണ് ഖശോഗിയെ കാണാതായത്. വീണ്ടും വിവാഹിതനാകാനുള്ള സർട്ടിഫിക്കറ്റുകൾ ശരിയാക്കുന്നതിന് വേണ്ടിയാണ് ഖശോഗി ഇസ്താംബൂളിലെ സഊദി കോൺസുലേറ്റിൽ പ്രവേശിച്ച ഇദ്ദേഹത്തെ കാണാതാവുകയായിരുന്നു. സംഭവത്തിൽ അമേരിക്കയടക്കം വിവിധ രാജ്യങ്ങൾ സഊദിക്കെതിരെ തിരിയുകയും ഉപരോധമുൾപ്പെടെയുള്ള കാര്യങ്ങൾക്ക് മുതിരുകയും ചെയ്യുമെന്നും പ്രഖ്യാപിച്ചിരുന്നു. 
 
 
 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.