2019 January 21 Monday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

കേരളത്തിന് സഹായവുമായി ആന്ധ്രാ ഉപമുഖ്യമന്ത്രിയെത്തി; കേന്ദ്രത്തിന്റെ സഹായം കുറഞ്ഞുവെന്ന് വിമര്‍ശനം

തിരുവനന്തപുരം: പ്രളയബാധിത കേരളത്തിന് കൈത്താങ്ങുമായി ആന്ധാ ഉപമുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ചിന്നരാജപ്പയെത്തി. ആന്ധ്രപ്രദേശ് സര്‍ക്കാര്‍ പ്രഖ്യാപിച്ച 35 കോടി രൂപയും ഭക്ഷ്യധാന്യവും മരുന്നുമുള്‍പ്പെടെ 51.018 കോടി രൂപയുടെ സഹായമാണ് ഇദ്ദേഹം കൈമാറിയത്. മന്ത്രി ഇ.പി ജയരാജന്‍ 35 കോടി രൂപയുടെ ചെക്ക് ഏറ്റുവാങ്ങി.

പുതിയ കേരളം സൃഷ്ടിക്കാനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങള്‍ക്ക് ആന്ധ്രസര്‍ക്കാരിന്റെ എല്ലാ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു. മികച്ച ദുരന്ത നിവാരണ സംവിധാനങ്ങള്‍ ആന്ധ്രാപ്രദേശിനുണ്ട്. കേരളത്തിലെ ഉദ്യോഗസ്ഥര്‍ക്ക് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ ആവശ്യമായ പരിശീലനം നല്‍കാനും വളരെ പെട്ടെന്ന് വീട് നിര്‍മിക്കാനാവുന്ന സാങ്കേതിക വിദ്യ കൈമാറാനും തയ്യാറാണ്. ഇതു സംബന്ധിച്ച് കേരളത്തിലെ മന്ത്രിമാരുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തെ പുനര്‍നിര്‍മിക്കാന്‍ കോടിക്കണക്കിനു രൂപ ആവശ്യമാണ്. സര്‍ക്കാര്‍ വിചാരിച്ചാല്‍ മാത്രം ഈ പണം കണ്ടെത്താനാകില്ല. ഈ സാഹചര്യത്തില്‍ സഹായം ആരു നല്‍കിയാലും സ്വീകരിക്കണം. പക്ഷെ ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ വിദേശസഹായം സ്വീകരിക്കാന്‍ കേരളത്തിന് കേന്ദ്രം അനുമതി നിഷേധിച്ചു. ഈ നിലപാട് കേന്ദ്രസര്‍ക്കാര്‍ തിരുത്തണം. വിദേശത്തു നിന്നുള്‍പ്പെടെ സഹായം സ്വീകരിക്കാനുള്ള സാഹചര്യം ഉണ്ടാക്കണം. സ്ഥിരമായി പ്രകൃതിക്ഷോഭത്തിന് ഇരയാകുന്ന സംസ്ഥാനമാണ് ആന്ധ്ര. പക്ഷെ കേരളത്തിലെ പ്രളയക്കെടുതി അതിലൊക്കെ എത്രയോ വലുതാണ്. കേരളത്തിന് കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത സഹായം കുറഞ്ഞുപോയെന്നും അദ്ദേഹം വിമര്‍ശിച്ചു.

കേരളത്തില്‍ നിന്ന് പ്രളയക്കെടുതി വാര്‍ത്തകള്‍ വന്ന ഉടന്‍ മുഖ്യമന്ത്രി ചന്ദ്രബാബുനായിഡു ജനങ്ങളോട് സഹായ അഭ്യര്‍ഥന നടത്തി. പത്ര മാധ്യമങ്ങള്‍ വഴിയും, സോഷ്യല്‍ മീഡിയ വഴിയും കേരളത്തെ സഹായിക്കാന്‍ വ്യാപക പ്രചാരണം നല്‍കി. ഇതിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ധനസഹായത്തിനു പുറമെ അവശ്യവസ്തുക്കള്‍ സംഭരിക്കാനുള്ള കേന്ദ്രങ്ങള്‍ സംസ്ഥാനത്തെ 13 ജില്ലകളിലും തുറന്നു. ട്രക്കുകളിലും ട്രയിന്‍മാര്‍ഗവും ഇവ കേരളത്തില്‍ എത്തിച്ചു.

മില്ലുടമകളോട് സര്‍ക്കാര്‍ നേരിട്ട് സംസാരിച്ച് റെക്കൊഡ് വേഗത്തില്‍ 2014 മെട്രിക് ടണ്‍ അരി സംഭരിച്ചു. ഇവ മൂന്നുദിവസത്തിനുള്ളില്‍ 115 ട്രക്കുകളിലായി കേരളത്തിലെത്തിച്ചു. പ്രളയാനന്തരം കേരളത്തില്‍ അരിക്ഷാമത്തിന് സാധ്യതയുണ്ട്. അതിനാല്‍ അരി വില വര്‍ധിക്കാതെ നോക്കാന്‍ ആന്ധ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കും. ആന്ധ്രയില്‍ നിന്നുള്ള ലക്ഷക്കണക്കിന് തീര്‍ഥാടകരാണ് ഓരോവര്‍ഷവും ശബരിമലയിലെത്തുന്നത്. പ്രളയത്തില്‍ കനത്ത നഷ്ടമാണ് പമ്പയിലുള്‍പ്പെടെ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.