2019 February 19 Tuesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

ശബരിമലയിലെ നിരോധനാജ്ഞ ലംഘിക്കാന്‍ യു.ഡി.എഫ്; സംഘം പുറപ്പെട്ടു

  • ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ഇന്നു മലകയറും

കൊച്ചി: ശബരിമലയില്‍ നിരോധനാജ്ഞ ലംഘിക്കാന്‍ യു.ഡി.എഫ് സംഘം പുറപ്പെട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി, യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍, എം.കെ മുനീര്‍, പി.ജെ ജോസഫ്, ജോണി നെല്ലൂര്‍, എന്‍.കെ പ്രേമചന്ദ്രന്‍, സി.പി ജോണ്‍, ജി. ദേവരാജന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ നിരോധനാജ്ഞ ലംഘിച്ച് ഇന്നു ശബരിമല കയറും.

ഭക്തരുടെ ആരാധനാ സ്വാതന്ത്ര്യം ഹനിക്കുന്നത് അംഗീകരിക്കാനാവില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സന്നിധാനത്തുപോലും പൊലിസിന്റെ തേര്‍വാഴ്ചയാണ്. സമാധാനപരമായ തീര്‍ഥാടനം സര്‍ക്കാര്‍ വിലക്കുകയാണ്. അയ്യപ്പദര്‍ശനം തേടിയെത്തുന്നവരുടെ സ്വാതന്ത്ര്യത്തിനു വിലങ്ങിടുന്നത് ചരിത്രത്തിലെ വലിയ നീതികേടാണ്.

ഭക്തര്‍ ഉറങ്ങുന്നിടത്തേക്ക് വെള്ളമൊഴിച്ചും അകാരണമായി അവരെ അറസ്റ്റു ചെയ്തും പൊലിസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്. ബ്ലൂസ്റ്റാര്‍ ഓപ്പറേഷന്‍ പോലെയാണു ശബരിമലയിലെത്തുന്ന ഭക്തരെ പൊലിസ് നേരിടുന്നത്.

പൊലിസിനെയും അനാവശ്യ നിയന്ത്രണങ്ങളെയും ഭയന്ന് തീര്‍ഥാടകര്‍ അവിടേക്കു വരാത്ത സ്ഥിതിയായി.
പൊലിസിന്റെ തേര്‍വാഴ്ച മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ്. അദ്ദേഹം ആഭ്യന്തരവകുപ്പ് ഒഴിയണം. ഇത്രയും പിടിപ്പുകെട്ട ആഭ്യന്തരമന്ത്രി ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. ബി.ജെ.പിക്കും ആര്‍.എസ്.എസിനും പരവതാനി വിരിക്കുകയാണ് സി.പി.എമ്മും ഇടതുസര്‍ക്കാരും. ശബരിമല വിഷയത്തിലുണ്ടായ ഹൈക്കോടതിയുടെ പരാമര്‍ശം സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കണമെന്നും ചെന്നിത്തല പറഞ്ഞു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.