2018 November 21 Wednesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

മോഹന്‍ലാല്‍ എന്ന നടനെ ബഹുമാനിക്കുന്നു; രാഷ്ട്രീയത്തെപ്പറ്റി സമയമാവുമ്പോള്‍ പറയും- ശശി തരൂര്‍

തിരുവനന്തപുരം: മോഹന്‍ലാലിനെ ബി.ജെ.പി തിരുവനന്തപുരത്ത് മത്സരിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി ശശി തരൂര്‍ എം.പി. ”മോഹന്‍ലാല്‍ എന്ന അഭിനേതാവിനെ താന്‍ ബഹുമാനിക്കുന്നു, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിക്കുന്നത് സംബന്ധിച്ച ഊഹാപോഹങ്ങളോട് പറയേണ്ട സമയമാകുമ്പോള്‍ പ്രതികരിക്കും”- തിരുവനന്തപുരം എം.പി ശശി തരൂര്‍ പറഞ്ഞു.

ടൈംസ് നെറ്റ്‌വര്‍ക്ക് സംഘടിപ്പിച്ച ‘ഇന്ത്യാ ഫോര്‍ കേരള’ എന്ന പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചലച്ചിത്ര താരം മോഹന്‍ലാല്‍ നരേന്ദ്ര മോദിയെ ഡല്‍ഹിയില്‍ ചെന്ന് കണ്ടതിന്റെ പശ്ചാത്തലത്തില്‍ ബി.ജെ.പി ടിക്കറ്റില്‍ അദ്ദേഹം തിരുവനന്തപുരത്ത് നിന്നു ലോക്‌സഭയിലേക്ക് മത്സരിക്കും എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് തരൂരിന്റെ പരാമര്‍ശം.

‘മോഹന്‍ലാല്‍ എന്ന നടനെ എനിക്ക് ബഹുമാനമാണ്. അദ്ദേഹത്തിന്റെ അഭിനയം എനിക്കിഷ്ടമാണ്. വളരെ നന്നായിത്തന്നെയാണ് അദ്ദേഹം അത് ചെയ്യുന്നതും. എന്റെ നിയോജക മണ്ഡലത്തിലാണ് മോഹന്‍ലാല്‍ താമസിക്കുന്നത്, ഞാന്‍ അവിടെ പോയിട്ടുമുണ്ട്. രാഷ്ട്രീയം, തിരഞ്ഞെടുപ്പ് തുടങ്ങിയ വിഷയങ്ങളോടൊക്കെ സമയമാകുമ്പോള്‍ പ്രതികരിക്കാം’, ശശി തരൂര്‍ പറഞ്ഞു.

താന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോകുന്നു എന്ന വാര്‍ത്തയെക്കുറിച്ച് തനിക്കു ഒന്നുമറിയില്ല എന്നും ഇപ്പോള്‍ താന്‍ തന്റെ ജോലി ചെയ്യുകയാണ് എന്നും തിരുവനന്തപുരത്ത് പുതിയ ചിത്രമായ ‘ലൂസിഫര്‍’ ഷൂട്ടിങ്ങിനിടെ മോഹന്‍ലാലും പ്രതികരിച്ചു. മോഹന്‍ലാല്‍ ബി.ജെ.പിയില്‍ ചേരാന്‍ താത്പര്യം പ്രകടിപ്പിച്ചാല്‍ തീര്‍ച്ചയായും സ്വാഗതം ചെയ്യും എന്ന് സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയും പറഞ്ഞു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News