2019 May 25 Saturday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

ഇതാണ് ഗുജറാത്ത് മോഡല്‍: ‘കുടിവെള്ളം മുട്ടിനില്‍ക്കുമ്പോള്‍ പ്രതിമയ്ക്കായി പൊടിച്ചത് കോടികള്‍’; ഞങ്ങളുടെ നാട്ടിലേക്ക് വരേണ്ടെന്ന് മോദിയോട് ആദിവാസികള്‍, ഓരോ ഫ്ളക്‌സുകള്‍ക്കും പൊലിസ് കാവല്‍, ഉദ്ഘാടനദിവസം മുങ്ങിമരിക്കുമെന്ന് കര്‍ഷകരും

ഗാന്ധിനഗര്‍: ”സ്‌കൂള്‍, ആശുപത്രി, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ക്കു പോലും ഞങ്ങള്‍ ബുദ്ധിമുട്ടുമ്പോള്‍, പ്രതിമ നിര്‍മിക്കാന്‍ വേണ്ടി നിങ്ങള്‍ കോടികള്‍ ചെലവഴിക്കാന്‍ തയ്യാറായി. ഇപ്പോഴിതാണ് ഉദ്ഘാടനച്ചടങ്ങിനു വേണ്ടിയും കോടികള്‍ പൊടിക്കുന്നു. ഹൃദയംപൊട്ടി പറയട്ടേ, ഞങ്ങളുടെ ഗ്രാമത്തിലുള്ളവരെല്ലാം പറയുന്നു, നിങ്ങള്‍ ഞങ്ങളുടെ ഗ്രാമത്തിലേക്കോ ജില്ലയിലേക്കോ വരരുത്”- കേവദീയ കോളനി നിവാസികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കയച്ച തുറന്നകത്ത് ഇങ്ങനെ തുടരുന്നു.

കൊട്ടിഘോഷിച്ച് ഒക്ടോബര്‍ 31ന് ഉദ്ഘാടനം നടത്താനിരിക്കുന്ന സര്‍ദാര്‍ പട്ടേലിന്റെ പ്രതിമയ്‌ക്കെതിരെയാണ് പ്രദേശത്തെ ആദിവാസികളും ഗ്രാമവാസികളും കര്‍ഷകരും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഏകതാ പ്രതിമയുടെ സമര്‍പ്പണവുമായി ബന്ധപ്പെട്ട് ഏകതാ യാത്രയും നടത്തുന്നുണ്ട്. ഈ റൂട്ടില്‍ നിരവധി ബാനറുകള്‍ സര്‍ക്കാര്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഓരോ ബാനറുകള്‍ക്കും കീഴില്‍ മൂന്നു പൊലിസുകാര്‍ വീതം കാവല്‍നില്‍ക്കുകയാണ്. അത്രയ്ക്കുണ്ട് പ്രതിഷേധം.

 

നേരത്തെ സ്ഥാപിച്ച ബാനറുകളില്‍ മോദിയുടെ ഭീമാകാര ചിത്രമാണ് നല്‍കിയിരുന്നത്. ആദിവാസികള്‍ കടുത്ത പ്രതിഷേധവുമായി രംഗത്തെത്താന്‍ തുടങ്ങിയതോടെ മോദിയുടെയും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയുടെയും ചിത്ര ചെറുതാക്കി നല്‍കി. പകരം, ആദിവാസി നേതാവ് ബിസ്‌റ മുണ്ടയുടെ വലിയ ചിത്രം നല്‍കി. ഇതിലൂടെ പ്രതിഷേധം തണുപ്പിക്കാമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടിയത്. എന്നാല്‍ അതുണ്ടായില്ല. ഇതോടെ ബാനറുകള്‍ക്ക് കീഴെ പൊലിസ് കാവല്‍ ഏര്‍പ്പെടുത്തുകയായിരുന്നു.

തങ്ങളുടെ ജീവിതം മുട്ടിച്ചാണ് പദ്ധതി നടപ്പിലാക്കിയതെന്ന് ഗ്രാമമുഖ്യന്‍ എഴുതിയ കത്തില്‍ പറയുന്നു. സര്‍ദാര്‍ സരോവര്‍ ഡാം പണിയാന്‍ വേണ്ടി ആദ്യം ഒഴിപ്പിച്ചു. ഇപ്പോള്‍ പ്രതിമയ്ക്കു വേണ്ടിയും.

കിട്ടേണ്ടത് കിട്ടിയില്ല, ഉദ്ഘാടന ദിവസം മുങ്ങിമരിക്കുമെന്ന് കര്‍ഷകര്‍

കെവാദിയ കോളനിയില്‍ നിന്ന് 60 കിലോമീറ്റര്‍ മാറിയാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ഇതിന് ചുറ്റുവട്ടത്തായി കൃഷി ചെയ്തിരുന്നവര്‍ ആശ്രയിച്ചിരുന്ന പഞ്ചസാര മില്‍ 11 വര്‍ഷം മുന്‍പ് മോദിയുടെ കാലത്ത് പൂട്ടി. ഇതേ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പേരിലുള്ളതായിരുന്നു മില്ലും. നാലു ജില്ലകളിലെ 1500 കര്‍ഷകരെയാണ് ഇതു ബാധിച്ചത്. മില്ലിലേക്ക് കൊടുത്ത 2.62 ലക്ഷം ടണ്‍ കരിമ്പുകളുടെ വിലയായി ഇന്നും കര്‍ഷകര്‍ക്ക് ലഭിക്കാനുള്ളത് 12 കോടി രൂപ.

11 വര്‍ഷം കാത്തിരുന്നിട്ടും 12 കോടി രൂപ കിട്ടാത്ത സാഹചര്യത്തിലാണ് 3000 കോടി രൂപ ചെലവിട്ട് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ഉദ്ഘാടന ദിവസം കവേദിയ കോളനിയില്‍ മുങ്ങിമരിക്കുമെന്നാണ് കര്‍ഷകരുടെ ഭീഷണി.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.