2019 March 24 Sunday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല. -ഭഗവത്ഗീത

മോദി പ്രസംഗിക്കുന്ന മൈതാനത്ത് രാഹുലിന് അനുമതിയില്ല; മിസോറാമില്‍ റാലി മുടക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രമമെന്ന് കോണ്‍ഗ്രസ്

ഐസ്വാള്‍: കോണ്‍ഗ്രസ് ഭരിക്കുന്ന മിസോറാമില്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് റാലി തടസ്സപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നെന്ന് ആരോപണം. മിസോറാമിലെ കോണ്‍ഗ്രസ് വക്താവ് ലല്ലിയന്‍ചുങ്കയാണ് ആരോപണമുന്നയിച്ചത്.

ചമ്പൈ, ഐസോള്‍ എന്നിവിടങ്ങളിലെ റാലികളില്‍ ചൊവ്വാഴ്ച രാഹുല്‍ ഗാന്ധി പങ്കെടുക്കും. എന്നാല്‍ ഐസോളിലെ പരിപാടിയിലാണ് ഇപ്പോള്‍ അനിശ്ചിതത്വം. അസം റൈഫിള്‍സിന്റെ ഉടമസ്ഥതയിലുള്ള മൈതാനമാണ് രാഹുലിന്റെ തിരഞ്ഞെടുപ്പ് പരിപാടിക്കുളള അനുമതിക്കായി അപേക്ഷ നല്‍കിയത്. ഞായറാഴ്ച തന്നെ ഈ ആവശ്യമുന്നയിച്ച് അപേക്ഷ നല്‍കിയിരുന്നു, എന്നാല്‍ അര്‍ധസൈനിക വിഭാഗത്തിന്റെ ഭാഗത്തുനിന്നും അനുവാദം ലഭിച്ചിട്ടില്ലെന്നും ലല്ലിയന്‍ചുങ്ക പറഞ്ഞു.

കായികപരിപാടികള്‍ക്കുമാത്രമേ മൈതാനം വിട്ടുകൊടുക്കൂ എന്നാണ് അന്ന് പറഞ്ഞത്. എന്നാല്‍ ഇവിടെ വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കുന്നുണ്ട്. ഇത് വിവേചനമാണെന്നും എന്തുകൊണ്ടാണ് ഇത്തരത്തില്‍ ചെയ്യുന്നതെന്നും ലല്ലിയന്‍ ചുങ്ക ചോദിക്കുന്നു.

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തില്‍നിന്നുള്ള നിര്‍ദേശപ്രകാരമാണ് അസം റൈഫിള്‍സ് മൈതാനം നല്‍കാത്തതെന്ന് ലല്ലിയന്‍ചുങ്ക ആരോപിച്ചു. മിസോറമിലെ 40 അംഗ നിയമസഭയിലേക്ക് 28നാണ് തിരഞ്ഞെടുപ്പ്.

നോര്‍ത്ത്ഈസ്റ്റ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ഏക സംസ്ഥാനമാണ് മിസോറാം. ഇവിടുത്തെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സ്വാധീനിക്കാനും കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്ന് ലല്ലിയന്‍ ചുങ്ക ആരോപിച്ചു.

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.