2019 May 23 Thursday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

കരുതല്‍ ധനത്തില്‍ നിന്ന് 3.6 ലക്ഷം കോടി രൂപ തരണമെന്ന് കേന്ദ്രസര്‍ക്കാര്‍; പറ്റില്ലെന്ന് റിസര്‍വ്വ് ബാങ്ക്

  • തടയിട്ടത് തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഈ പണമുപയോഗിച്ച് ജനകീയ പദ്ധതികള്‍ നടപ്പാക്കാനുള്ള നീക്കത്തിന്

ന്യൂഡല്‍ഹി: കരുതല്‍പണത്തില്‍ കൈയിടാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം റിസര്‍വ് ബാങ്ക് തടഞ്ഞു. റിസര്‍വ് ബാങ്ക് കരുതല്‍പണമായി സൂക്ഷിച്ചുവച്ച 9.6 ലക്ഷം കോടിയില്‍ 3.6 ലക്ഷം കോടി രൂപ നല്‍കണമെന്ന ധനകാര്യ മന്ത്രാലയത്തിന്റെ ആവശ്യമാണ് റിസര്‍വ് ബാങ്ക് നിരസിച്ചത്.

തെരഞ്ഞെടുപ്പ് പ്രമാണിച്ച് കരുതല്‍പണമെടുത്ത് ധൃതിപ്പെട്ട് ജനകീയപദ്ധതികള്‍ നടപ്പാക്കാനുള്ള ധനമന്ത്രാലയത്തിന്റെ നീക്കം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജ്ജിത് പട്ടേല്‍ തടഞ്ഞതാണ് സര്‍ക്കാരും റിസര്‍വ് ബാങ്കും തമ്മിലുണ്ടായ ഭിന്നതയുടെ മൂലകാരണമെന്നും റിപ്പോര്‍ട്ടുണ്ട്. റിസര്‍വ് ബാങ്കിന്റെ കരുതല്‍ പണം റിസര്‍വ്വ്ബാങ്കുമായി ഒരുമിച്ച് കൈകാര്യം ചെയ്യാനുളള പദ്ധതിയായിരുന്നു ധനകാര്യ മന്ത്രാലയം മുന്നോട്ടുവച്ചിരുന്നത്. എന്നാല്‍, ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ പൂര്‍ണമായി തകര്‍ക്കുന്ന നീക്കമാവും ഇതെന്നു ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാരിന്റെ ആശയം റിസര്‍വ് ബാങ്ക് തടഞ്ഞതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട്‌ചെയ്തു.

നിലവില്‍ റിസര്‍വ് ബാങ്ക് സര്‍ക്കാരിനു കരുതല്‍പണം കൈമാറുന്ന രീതി (എസ്.എസ്.ഡി.പി) റിസര്‍വ് ബാങ്ക് ഏകപക്ഷീയമായി തീരുമാനിച്ചതാണെന്നും ഇത് യുക്തിസഹമല്ലെന്നും സര്‍ക്കാരിനു പരാതിയുണ്ട്. കഴിഞ്ഞവര്‍ഷം ജൂലൈയിലാണ് എസ്.എസ്.ഡി.പിയുടെ ചട്ടങ്ങള്‍ തയ്യാറാക്കിയത്. എന്നാല്‍ ചട്ടങ്ങള്‍ തയ്യാറാക്കിയ യോഗത്തില്‍ സര്‍ക്കാരിന്റെ പ്രതിനിധികളെ വിളിച്ചില്ല. ശാസ്ത്രീയമല്ലാത്ത രീതിയില്‍ മൂലധന ആവശ്യത്തിനുള്ള കണക്ക് റിസര്‍വ് ബാങ്ക് പെരുപ്പിച്ച് കാണിക്കുകയാണ്.

അമേരിക്ക, ബ്രിട്ടണ്‍ തുടങ്ങിയ വികസത രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളേക്കാള്‍ 28 ശതമാനം അധികം കരുതല്‍പണമാണ് റിസര്‍വ് ബാങ്ക് സൂക്ഷിച്ചുവച്ചിരിക്കുന്നത്. റിസര്‍വ് ബാങ്കിന് ഇത്രയും കരുതല്‍പണത്തിന്റെ ആവശ്യമില്ലെന്നും അതില്‍നിന്ന് 3.6 ലക്ഷം കോടി തങ്ങള്‍ക്ക് നല്‍കണമെന്നുമാണ് ധനമന്ത്രാലയം ആവശ്യപ്പെട്ടിരുന്നത്. സര്‍ക്കാരിന്റെ ഈ ആവശ്യമാണ് റിസര്‍വ് ബാങ്ക് തള്ളിയത്. 2017ല്‍ 50,000 കോടി രൂപയാണ് കേന്ദ്രസര്‍ക്കാരിന് റിസര്‍വ് ബാങ്ക് നല്‍കിയത്. 2016ല്‍ 30,659 കോടി രൂപയും നല്‍കി.

എന്നാല്‍ ഇത്തരത്തില്‍ തുക കൈമാറുന്നത് വലിയ സാമ്പത്തികദുരന്തമായി മാറുമെന്നും അര്‍ജന്റീനയിലെ കേന്ദ്രബാങ്ക് കരുതല്‍തുകയില്‍ നിന്നു 600 കോടി ഡോളര്‍ സര്‍ക്കാരിനുനല്‍കിയതോടെ നേരിട്ട കനത്ത സാമ്പത്തിക തകര്‍ച്ച ഉദാഹരിച്ച് റിസര്‍വ് ബാങ്ക് ധനമന്ത്രാലയത്തിന്റെ ആവശ്യം തള്ളുകയായിരുന്നു. ഇന്ത്യയിലെ പൊതുമേഖലാ, സ്വകാര്യ ബാങ്കുകളുടെ കേന്ദ്രബാങ്കായ റിസര്‍വ് ബാങ്കിന്റെ കരുതല്‍പണം ഇന്ത്യന്‍ വിപണി പിടിച്ചുനിര്‍ത്തുന്നതിനു വേണ്ടിയാണ് ഉപയോഗിക്കാറുള്ളത്.

അച്ചടിക്കുന്ന നോട്ടുകളില്‍ നിശ്ചിതതുക കരുതലായി ശേഖരിച്ചാണ് റിസര്‍വ് ബാങ്ക് വിപണി നിയന്ത്രിക്കുന്നത്. റിസര്‍വ് ബാങ്കിന്റെ ഈ നടപടിയാണ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ സന്തുലനപ്പെടുത്തുന്നത്. അതിനാല്‍ ഈ പണത്തില്‍ സര്‍ക്കാര്‍ കൈവച്ചാല്‍ അത് ഇന്ത്യന്‍ സമ്പദ് ഘടന തകരാനും റിസര്‍വ് ബാങ്കിന്റെ അധികാരം നഷ്ടപ്പെടുന്നതിലേക്കും നയിക്കുമെന്നുമാണ് റിസര്‍വ് ബാങ്ക് സ്വീകരിച്ച നിലപാട്.

അതേസമയം, റിസര്‍വ് ബാങ്കിന്റെ കരുതല്‍ പണത്തില്‍ കൈയിടാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പരിഹസിച്ചു. നരേന്ദ്രമോദിയുടെ സാമ്പത്തിക സിദ്ധാന്തങ്ങള്‍ ഉണ്ടാക്കിയ പ്രശ്‌നങ്ങള്‍ മറികടക്കാനാണ് ഇത്രയും തുക സര്‍ക്കാര്‍ ആവശ്യപ്പെട്ടതെന്നു രാഹുല്‍ പറഞ്ഞു.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.