2018 November 18 Sunday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

യു.പി കടുവാസങ്കേതത്തില്‍ പെണ്‍കടുവയെ ആള്‍ക്കൂട്ടം ട്രാക്ടര്‍ കയറ്റിക്കൊന്നു

  • ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാമത്തെ കടുവയെയാണ് രാജ്യത്ത് മനുഷ്യര്‍ കൊല്ലുന്നത്

ലഖ്‌നൗ: ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ കടുവയെ മനുഷ്യര്‍ കൊന്നു. ആവ്‌നിയെന്ന പെണ്‍കടുവയെ മഹാരാഷ്ട്ര സര്‍ക്കാര്‍ കൊന്നതിനു പിന്നാലെയാണ്, യു.പിയില്‍ ആള്‍ക്കൂട്ടം അതിക്രമിച്ചു കടന്ന് കടുവയെ ട്രാക്ടര്‍ കയറ്റിയും അടിച്ചും കൊന്നത്.

ദുധ്വ കടുവാസങ്കേതത്തിലാണ് കടുവയുണ്ടായിരുന്നത്.. അതിനടുത്തുള്ള ഗ്രാമവാസിയായ അന്‍പതുകാരനെതിരെ കടുവയുടെ ആക്രമണമുണ്ടായതിനെത്തുടര്‍ന്നാണ് സംഭവം.

കൂട്ടത്തോടെ ആയുധങ്ങളുമായി പാര്‍ക്കില്‍ കടന്ന ആളുകള്‍ ഫോറസ്റ്റ് ഗാര്‍ഡുമാരെ മര്‍ദിക്കുകയും ട്രാക്ടര്‍ ഓടിച്ച് കടുവയുടെ മേല്‍ കയറ്റുകയും ചെയ്തു. തുടര്‍ന്ന് വടികള്‍ കൊണ്ട് ആക്രമിക്കുകയായിരുന്നു.

പത്തു വയസ്സുള്ള പെണ്‍കടുവയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ രണ്ടാഴ്ചയായി തങ്ങളുടെ കന്നുകാലികളെ കടുവ ആക്രമിക്കുന്നുണ്ടെന്നും ഫോറസ്റ്റില്‍ പരാതിപ്പെട്ടെങ്കിലും നടപടിയെടുത്തില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.

കൂടുതല്‍ വായിക്കാം>>> ആവ്‌നിയെ കൊന്നതോടെ അനാഥമായത് രണ്ട് കടുവാക്കുട്ടികള്‍


മഹാരാഷ്ട്രയില്‍ സര്‍വ്വസന്നാഹത്തോടെ ആവ്‌നി എന്ന പെണ്‍കടുവയെ കൊന്നതിന്റെ വിവാദം ഒടുങ്ങുന്നതിനു മുന്‍പാണ് യു.പിയിലും കടുവ കൊല്ലപ്പെടുന്നത്. 13 പേരെ കൊന്നുവെന്ന ആരോപണത്തില്‍ ആവ്‌നിയെ വെടിവച്ചു കൊല്ലാന്‍ സുപ്രിംകോടതി ഉത്തരവിടുകയായിരുന്നു. ഇതേത്തുടര്‍ന്ന് 150 പേര്‍ ചേര്‍ന്ന സംഘം വെടിവച്ച് കൊല്ലുകയായിരുന്നു.

 

സംഭവത്തില്‍ രാഹുല്‍ ഗാന്ധി സങ്കടം പങ്കുവച്ചു. ”മൃഗങ്ങളോട് പെരുമാറുന്ന രീതി നോക്കി ഒരു രാജ്യത്തിന്റെ മഹത്വം മനസ്സിലാക്കാം”- എന്ന മഹാത്മാ ഗാന്ധിയുടെ പരാമര്‍ശമാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്.

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.