2019 March 25 Monday
ആഴത്തില്‍ ചെല്ലുന്തോറും നീരുറവയുടെ വ്യാപ്തിയേറുന്നു; പഠനമേറുന്തോറും ജ്ഞാനമേറുന്നു – തിരുവള്ളുവര്‍

ശബരിമലയുടെ പവിത്രത നിലനിര്‍ത്തലല്ല സംഘ്പരിവാറിന്റെ ലക്ഷ്യം, കലാപഭൂമിയാക്കലാണ്: പിണറായി വിജയന്‍

കോഴിക്കോട്: ശബരിമലയുടെ പവിത്രത നിലനിര്‍ത്തുക അല്ല ഉദ്ദേശം മറിച്ച് കലാപഭൂമിയാക്കലാണ് സംഘ്പരിവാറിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയിലെ ആചാരമനുസരിച്ച് പതിനെട്ടാം പടി കയറുന്നത് ഇരുമുടിക്കെട്ടുമായാണ്. തനിക്ക് ശബരിമലയില്‍ എത്തേണ്ട സാഹചര്യമുണ്ടായപ്പോള്‍ തൊട്ടടുത്തുള്ള ഒരു വഴിയിലൂടെയാണ് പോയത്. ആര്‍.എസ്.എസ് നേതാവ് വല്‍സന്‍ തില്ലങ്കേരി പതിനെട്ടാം പടിയില്‍ ഇരുമുടിക്കെട്ടില്ലാതെ കയറിയിറങ്ങിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഇപ്പോള്‍ എവിടെപ്പോയി നിങ്ങള്‍ പറയുന്ന ആചാരം. എന്തുകൊണ്ട് അവിടുത്തെ സാധാരണ മുറ നിങ്ങള്‍ ലംഘിച്ചു- മുഖ്യമന്ത്രി ചോദിച്ചു. കോഴിക്കോട് എല്‍.ഡി.എഫ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

52 വയസ് പ്രായമുള്ള ഭക്തയെയാണ് അക്രമികള്‍ തല്ലുന്നത്. എന്തിന് പാവപ്പെട്ട ആ സ്ത്രീയെ ആക്രമിക്കാന്‍ പുറപ്പെട്ടുവെന്നും പിണറായി ചോദിച്ചു.

വലിയ തോതില്‍ സംഘര്‍ഷമുണ്ടാക്കാനായിരുന്നു ശ്രമം. പൊലിസിന്റെ സംയമനമാണ് അത് ഇല്ലാതാക്കിയത്. ശബരിമലയുടെ സന്നിധി എന്ന പരിമിതി പൊലിസിനുണ്ടായിരുന്നു. നിയമജ്ഞനായ ശ്രീധരന്‍ പിള്ളയെ പോലുള്ളവരുടെ ഉപദേശം കേട്ടതുകൊണ്ട് തന്ത്രിമാര്‍ പെടുന്ന പാടെത്രയാണെന്ന് നോക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമല അടച്ചിടുക എന്നത് സംഘപരിവാറിന്റെ ആവശ്യമാണ്. മുന്‍പ് ഇവരുടെ ഒരു സഹചാരി രക്തവും മൂത്രവുമൊക്കെ ഒഴിച്ച് നട അടപ്പിക്കാന്‍ ശ്രമിക്കുമെന്ന് പറഞ്ഞിരുന്നു. നിയമോപദേശം നല്‍കിയിട്ടില്ല എന്ന് തന്ത്രി പറഞ്ഞത് നന്നായി. അതേസമയം, മുന്‍പ് അത്തരത്തില്‍ സംസാരിച്ചെങ്കില്‍ തന്നെ അതൊന്നും ശബരിമലയുടെ ഗുണത്തിനല്ല എന്നാണ് മനസിലാക്കേണ്ടതെന്നും പിണറായി പറഞ്ഞു.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.