2018 November 18 Sunday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

കടുവാ മൂത്രം, അമേരിക്കന്‍ പെര്‍ഫ്യൂം മുതല്‍ ആനകളെ വരെ ഉപയോഗിച്ചു; ഒടുവില്‍, 13 പേരെ കൊന്നുതിന്ന കടുവയെ വെടിവച്ചിട്ടതിങ്ങനെ

  • രണ്ട് കടുവാക്കുട്ടികളെ അനാഥമാക്കിയാണ് പെണ്‍കടുവയുടെ വിയോഗം

മുംബൈ: രണ്ടു വര്‍ഷത്തിനിടെ 13 പേരെ കൊന്ന പെണ്‍കടുവയെ വെടിവച്ചു കൊന്നു. കഴിഞ്ഞ മൂന്നുമാസമായി വനപാലകര്‍ നടത്തിയ തെരച്ചിലിനൊടുവിലാണ് നടപടി. മഹാരാഷ്ട്രയിലെ യാവത്മാലിലാണ് സംഭവം.

ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെ, ആവ്‌നി എന്ന കടുവയെ കണ്ടാല്‍ വെടിവയ്ക്കണമെന്ന് കഴിഞ്ഞ സെപ്റ്റംബറില്‍ സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. ഇതേത്തുടര്‍ന്ന് വലിയ സന്നാഹത്തോടെയാണ് കടുവയെ പിടികൂടിയതും കൊന്നതും.

പ്രശസ്ത ഷാര്‍പ്പ് ഷൂട്ടറായ നവാബ് ശഫാത് അലിയുടെ മകന്‍ അസ്ഗര്‍ അലിയാണ് കടുവയെ വെടിവച്ചത്. കടുവയുടെ മൂത്രവും അമേരിക്കന്‍ സുഗന്ധദ്രവ്യവും സ്േ്രപ ചെയ്ത് ആകര്‍ഷിച്ചാണ് വെടിവച്ചത്. ബൊറാട്ടി ഫോറസ്റ്റിന്റെ 149-ാം നമ്പര്‍ കംപാര്‍ട്ട്‌മെന്റിലായിരുന്നു കടുവയെ പിടികൂടിയത്.

അത്യാധുനിക സാങ്കേതിക വിദ്യയോടൊപ്പം, 150 വിദഗ്ധരും ആനകളും കടുവയ്ക്കായി തെരച്ചില്‍ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. ആവ്‌നിയെ കണ്ടെത്താന്‍ വിദഗ്ധ ട്രാക്കര്‍മാരും ഷാര്‍പ്പ്ഷൂട്ടര്‍മാരും കൂട്ടത്തിലുണ്ടായിരുന്നു. ട്രാപ് ക്യാമറ, ഡ്രോണുകള്‍, മണംപിടിക്കാന്‍ പരിശീലനം ലഭിച്ച നായകളും സഹായത്തിനായി ഉണ്ടായിരുന്നു.

2012 ലാണ് ആവ്‌നിയെ ആദ്യമായി കണ്ടത്. കൊല്ലപ്പെട്ട 13 പേരില്‍ അഞ്ചു പേരുടെ ഡി.എന്‍.എ ടെസ്റ്റില്‍ നിന്ന് ആവ്‌നിയാണ് ഇവരെ കൊന്നതെന്ന തെളിവു ലഭിച്ചിരുന്നു. പത്തുമാസം മാത്രം പ്രായമായ രണ്ടു കുട്ടികളും ഈ പെണ്‍കടുവയ്ക്കുണ്ട്. കടുവയെ കൊല്ലുന്നതോടെ, കുട്ടികള്‍ അനാഥമാകുമെന്നും കൊല്ലരുതെന്ന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് വന്യജീവി ആക്ടിവിസ്റ്റായ ജെറില്‍ എ. ബനയ്ട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ സുപ്രിംകോടതി ഉത്തരവുള്ളതിനാല്‍ വനംവകുപ്പ് കടുവയെ വെടിവച്ചു കൊല്ലുകയായിരുന്നു.

ഒടുവില്‍, കടുവയുടെ മൃതദേഹം രണ്ടു മക്കള്‍ വലിച്ചുകൊണ്ടുപോവുകയും ചെയ്തു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.