
ന്യൂഡല്‍ഹി: റാഫേല്‍ അടക്കമുള്ള വിഷയങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംവാദത്തിന് വെല്ലുവിളിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഛത്തീസ്ഗഢില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
”എവിടെ വച്ചും ഏതു സമയത്തും 15 മിനിറ്റ് സംവാദത്തിനു വേണ്ടി ഞാന്‍ മോദിയെ വെല്ലുവിളിക്കുകയാണ്. ഞാന്‍ അനില്‍ അംബാനിയെക്കുറിച്ചും എച്ച്.എ.എല്ലിനെക്കുറിച്ചും ഫ്രഞ്ച് പ്രസിഡന്റിന്റെ പ്രസ്താവനയെക്കുറിച്ചും ജെറ്റ് വിമാനങ്ങളുടെ വിലയെക്കുറിച്ചും സംസാരിക്കും. പ്രധാനമന്ത്രിയാണ് ഇതു ചെയ്തതെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ല. സി.ബി.ഐ ഡയരക്ടറെ രാത്രി രണ്ടു മണിക്ക് മാറ്റി. അദ്ദേഹത്തിന് എന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനാവില്ല”- രാഹുല്‍ ഗാന്ധി വെല്ലുവിളിച്ചു.
അധികാരത്തിലേറിയാല്‍ പത്തു ദിവസത്തിനകം കര്‍ഷകരുടെ വായ്പ എഴുതിത്തള്ളുമെന്ന് ഛത്തീസ്ഗഢില്‍ കഴിഞ്ഞദിവസം രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. അതിനുള്ള പണം വിജയ് മല്യ, നീരവ് മോദി, അനില്‍ അംബാനി പോലെയുള്ളവരില്‍ നിന്ന് വരുമെന്നും രാഹുല്‍ പറഞ്ഞു.