2018 December 10 Monday
അവസാനം നമ്മള്‍ ശത്രുവിന്റെ വാക്കുകളല്ല ഓര്‍മിക്കുന്നത്. പക്ഷേ, നമ്മുടെ സുഹൃത്തുക്കളുടെ മൗനമാണ്

ഹജ്ജ് തിരക്കൊഴിഞ്ഞു: വിശുദ്ധ കഅ്ബയുടെ കിസ്‌വ താഴ്ത്തിക്കെട്ടി

മക്ക: ഹജ്ജ് സമയത്ത് തിരക്കു പരിഗണിച്ച് ഉയര്‍ത്തിക്കെട്ടിയ വിശുദ്ധ കഅ്ബയുടെ കിസ്‌വ താഴ്ത്തിക്കെട്ടി. ഹാജിമാരില്‍ ബഹുഭൂരിഭാഗവും നാടുകളിലേക്ക് തിരിച്ചതോടെ മക്കയിലും പുണ്യ പള്ളിയിലും അനുഭവപ്പെട്ടിരുന്ന കനത്ത തിരക്ക് ഒഴിഞ്ഞതിനെ തുടര്‍ന്നാണ് കിസ്‌വ സാധാരണ നിലയിലാക്കിയത്.

കഅ്ബാലയത്തെ അണിയിച്ച പുതിയ കിസ്‌വ ഹറംകാര്യ വകുപ്പ് ഉദ്യോഗസ്ഥരാണ് താഴ്ത്തിയിട്ടത്. ഇരുഹറം കാര്യാലയ മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസിന്റെ സാന്നിധ്യത്തിലാണ് കിസ്‌വ ശാദിര്‍വാന്‍ റിങിനോട് ചേര്‍ത്തിക്കെട്ടിയത്.

ഹാജിമാര്‍ എത്തിച്ചേര്‍ന്നതോടെയാണ് കിസ്‌വയുടെ താഴ്ഭാഗം തറ നിരപ്പില്‍ നിന്നു മൂന്നു മീറ്ററോളം ഉയരത്തില്‍ ഉയര്‍ത്തികെട്ടിയിരുന്നത്. പിന്നീട് ഹജ് തീര്‍ഥാടകര്‍ അറഫയില്‍ സമ്മേളിച്ച ദുല്‍ഹജ് ഒന്‍പതിനു പുതിയ കിസ്‌വ അണിയിച്ചപ്പോഴും ഈ ഭാഗം ഉയര്‍ത്തിവച്ചിരുന്നു. ഹജ്ജ് വേളയില്‍ കടുത്ത തിരക്കിനിടെ തീര്‍ഥാടകര്‍ പിടിച്ചുവലിക്കുന്നതു മൂലം കേടാകാനുള്ള സാധ്യത കണക്കിലെടുത്താണ് കിസ്‌വ ഉയര്‍ത്തിക്കെട്ടുന്നതെന്ന് കിസ്‌വ ഫാക്ടറി ഡയറക്ടര്‍ ജനറല്‍ അഹ്മദ് അല്‍മന്‍സൂരി പറഞ്ഞു.

ഏറ്റവും വലിയ തിരക്ക് അനുഭവപ്പെടുന്ന ഹജ്ജ് സീസണില്‍ കിസ്‌വ ഉയര്‍ത്തിക്കെട്ടുന്നത് പതിവാണ്. വൃത്തിയായി സൂക്ഷിക്കുന്നതിനും കേടാകാതെ നോക്കുന്നതിനുമാണ് കിസ്‌വ ഉയര്‍ത്തിക്കെട്ടുന്നതെന്നും അഹ്മദ് അല്‍മന്‍സൂരി പറഞ്ഞു. തെറ്റായ വിശ്വാസം മൂലം ചിലര്‍ കിസ്‌വയില്‍നിന്ന് നൂലുകള്‍ വലിച്ചെടുക്കാറുണ്ട്. മറ്റു ചിലര്‍ അനുഗ്രഹം തേടി കിസ്‌വയെ സ്പര്‍ശിക്കുകയും ചുംബിക്കുകയും മറ്റും ചെയ്യാറുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് കിസ്‌വ ഉയര്‍ത്തിക്കെട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.