2020 August 11 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സി.പി.എം മുന്നണി മര്യാദ പാലിക്കണം: വിടാതെ കാനം

തിരുവനന്തപുരം: മുന്നണി മര്യാദ പറയുകയല്ല, പാലിക്കുകയാണ് വേണ്ടതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
മുന്നണി മര്യാദയെന്തെന്ന് എല്ലാവരും ചിന്തിക്കണം. സി.പി.ഐ മുന്നണി മര്യാദ ലംഘിച്ചെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. മുന്നണി മര്യാദ എന്തെന്ന് ചര്‍ച്ച ചെയ്യണം.
തോമസ് ചാണ്ടിയുടെ രാജിയുടെപേരില്‍ സി.പി.ഐയില്‍ ഭിന്നതയില്ല. പ്രസ്താവന വളച്ചൊടിച്ചതായി കെ.ഇ ഇസ്മാഈല്‍ തന്നെ വിശദീകരിച്ചിട്ടുണ്ട്.
ഇസ്മാഈല്‍ അടക്കമുള്ള നേതാക്കള്‍ പങ്കെടുത്ത യോഗമാണ് മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചത്. പാര്‍ട്ടി സെക്രട്ടറിയെയാണ് ഇതിന് ചുമതലപ്പെടുത്തിയിരുന്നത്. ഇസ്മാഈലിന് എന്തുപറ്റിയെന്ന് അറിയില്ല.
തോമസ് ചാണ്ടി രാജിവയ്ക്കണമെന്നത് ഇടതുമുന്നണി ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണ്. എല്‍.ഡി.എഫിന്റെ തീരുമാനമാണ് സര്‍ക്കാര്‍ നടപ്പാക്കിയത്. മന്ത്രിസഭായോഗം സി.പി.ഐ ബഹിഷ്‌കരിച്ചിട്ടില്ല. സി.പി.ഐ മന്ത്രിമാര്‍ പങ്കെടുക്കാതിരിക്കുകയാണ് ചെയ്തത്. ബഹിഷ്‌കരിച്ചു, മാറിനിന്നു എന്നൊക്കെ പറയുന്നതിന്റെ അര്‍ഥം വേറെയാണ്.
എല്‍.ഡി.എഫില്‍ വിള്ളലുണ്ടാക്കാന്‍ ആര്‍ക്കും കഴിയില്ല. ഓരോ പാര്‍ട്ടിക്കും അവരവരുടേതായ അഭിപ്രായങ്ങളുണ്ടാകും. മന്ത്രി എം.എം മണി നടത്തിയ പ്രസ്താവനയോട് പ്രതികരിക്കാനില്ല. മണി തന്റെ സുഹൃത്താണ്. ആരെയും ശത്രുവായി കാണുന്നില്ലെന്നും കാനം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സി.പി.ഐ തോളിലിരുന്നു ചെവി കടിക്കുകയാണെന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്റെ പ്രസ്താവനക്കും കാനം മറുപടി നല്‍കി. ഒറ്റയ്ക്കുനിന്നാല്‍ എല്ലാവര്‍ക്കും എന്തു സംഭവിക്കുമെന്ന് കണ്ടറിയാമെന്നും കാനം വ്യക്തമാക്കി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.