2018 December 10 Monday
അവസാനം നമ്മള്‍ ശത്രുവിന്റെ വാക്കുകളല്ല ഓര്‍മിക്കുന്നത്. പക്ഷേ, നമ്മുടെ സുഹൃത്തുക്കളുടെ മൗനമാണ്

കവിത ദീപാ നിശാന്തിന് മറ്റൊരാള്‍ എഴുതിനല്‍കിയത്: അയച്ചുതന്നത് ദീപ തന്നെയെന്ന് മാസിക, പ്രസിദ്ധീകരിക്കുമോയെന്നും ചോദിച്ചു

 

കോഴിക്കോട്: ദീപാ നിശാന്തിന്റെ കവിതാ വിവാദം പൊടിപൊടിക്കുന്നതിനിടെ ട്വിസ്റ്റ്. താന്‍ എഴുതിയതാണെന്ന് പറഞ്ഞ് ദീപാ നിശാന്തിന് പ്രഭാഷകന്‍ എം.ജെ ശ്രീചിത്രന്‍ കൈമാറിയെന്നാണ് പുതിയ വെളിപ്പെടുത്തല്‍. താന്‍ എഴുതിയതാണെന്നും ദീപയുടെ പേരില്‍ പ്രസിദ്ധീകരിക്കാമെന്നും പറഞ്ഞായിരുന്നു കവിത നല്‍കിയത്.

അധ്യാപക സംഘടനയായ എ.കെ.പി.സി.റ്റി മാസികയിലാണ് ‘അങ്ങനെയിരിക്കെ മരിച്ചുപോയ് ഞാന്‍/നീ’ എന്ന കവിത വന്നത്. കവി കലേഷ് 2011 ല്‍ പ്രസിദ്ധീകരിച്ച കവിതയില്‍ ചെറിയ ചില തിരുത്തലുകളോടെ മാത്രമാണ് കവിത പ്രസിദ്ധീകരിച്ചത്. തൃശൂര്‍ കേരളവര്‍മ്മ കോളജ് അധ്യാപികയായ ദീപ, തന്റെ കവിത കോപ്പിയടിച്ചെന്ന് പറഞ്ഞ് കലേഷ് തന്നെയാണ് രംഗത്തെത്തിയത്.

അതിനിടെ, ദീപ നിശാന്ത് തന്നെയാണ് വിവാദമായ കവിത അയച്ചുതന്നതെന്ന് കവിത പ്രസിദ്ധീകരിച്ച മാസിക എഡിറ്റര്‍ സണ്ണി പ്രതികരിച്ചു. എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം രാജേഷ് എം.ആര്‍ ആണ് ദീപയുടെ കവിത എത്തിച്ചത്. ദീപ നിശാന്ത് വാട്‌സാപ്പിലൂടെയാണ് കവിത അയച്ചുതന്നതെന്നും പ്രസിദ്ധീകരിക്കാമോയെന്ന് ചോദിച്ചതായും എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം എം.ആര്‍ രാജേഷും പറഞ്ഞു. ഒക്ടോബര്‍ പതിനഞ്ചാം തിയതിയാണ് പ്രസ്തുത കവിത അയച്ചുതന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കലേഷിന്റെ ആരോപണം

2011 മാര്‍ച്ച് നാലിനാണ് അങ്ങനെയിരിക്കെ മരിച്ചു പോയി ഞാന്‍ / നീ എന്ന കവിത എഴുതിതീര്‍ത്ത് ബ്ലോഗില്‍ പോസ്റ്റ് ചെയ്യുന്നത്. അന്നത് മികച്ച പ്രതികരണം ഉണ്ടാക്കിയെന്നോര്‍ക്കുന്നു. ആ കവിതയിലൂടെ എന്റെ കവിതയ്ക്ക് അനേകം പുതിയ സുഹൃത്തുക്കളെ കിട്ടി. പിന്നീടത് മാധ്യമം ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു. അതുവായിച്ച് ഇഷ്ടപ്പെട്ട ഏ.ജെ തോമസിന്റെ Alaichanickal Joseph Thomasഅഭിപ്രായപ്രകാരം സി. എസ്. വെങ്കിടേശ്വരന്‍ Venkit Eswaran കവിത ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത് ഇന്ത്യന്‍ ലിറ്ററേച്ചറില്‍ പ്രസിദ്ധീകരിച്ചു. 2015ല്‍ ഇറങ്ങിയ ശബ്ദമഹാസമുദ്രത്തില്‍ ആ കവിത ഉള്‍പ്പെട്ടു. ഇന്നലെ അതേ കവിത മറ്റൊരു വ്യക്തിയുടെ പേരില്‍ വരികള്‍ ചിലയിടത്ത് അതേപടിയും, മറ്റു ചിലയിടത്ത് വികലമാക്കിയും പ്രസിദ്ധീകരിച്ചതിന്റെ പകര്‍പ്പ് ചില സുഹൃത്തുക്കള്‍ അയച്ചു തന്നു. AKPCTA യുടെ ജേര്‍ണലിലാണ് കവിത അച്ചടിച്ചുവന്നത്. വിഷമം തോന്നി. അല്ലാതെന്ത് തോന്നാന്‍!

ദീപ നിശാന്തിന്റെ പ്രതികരണം

കവിത മോഷ്ടിച്ചവള്‍ എന്നൊരു തസ്തിക കൂടി ഇന്ന് പുതുതായി ലഭിച്ചിട്ടുണ്ട്. എസ് കലേഷ് മുന്‍പെഴുതിയ ഒരു കവിത ഞാന്‍ മോഷ്ടിച്ച് പ്രസിദ്ധീകരിച്ചു എന്നാണ് ഒരുപാട് പേര്‍ ആര്‍ത്തുവിളിക്കുന്നത്. കിട്ടിയ സന്ദര്‍ഭം മുതലാക്കി മുന്‍പു മുതലേ എന്റെ നിലപാടുകളില്‍ അമര്‍ഷമുള്ളവരും ആഘോഷം തുടങ്ങിയിട്ടുണ്ട്. അവസരം മുതലാക്കി ആര്‍പ്പുവിളിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. ഒരു സര്‍വ്വീസ് മാസികയുടെ താളില്‍ ഒരു കവിത മോഷ്ടിച്ചു നല്‍കി എഴുത്തുകാരിയാകാന്‍ മോഹിക്കുന്ന ഒരാളാണ് ഞാനെന്ന് വിശ്വസിക്കുന്നവര്‍ അങ്ങനെ വിശ്വസിക്കുക. തെളിവുകളാണല്ലോ സുപ്രധാനം. ചില എഴുത്തുകള്‍ക്കു പുറകിലെ വൈകാരികപരിസരങ്ങളെ നമുക്ക് അക്കമിട്ട് നിരത്തി തെളിയിക്കാനാകില്ല.

ദീപാ നിശാന്തിന്‍റെ പേരില്‍ പ്രസിദ്ധീകരിച്ച കവിത

 

കവിത എന്റെ സ്ഥിരം തട്ടകമേയല്ല. കവിതയിലല്ല ദീപാനിശാന്ത് എന്ന പേര് ഇന്ന് ആരും അറിയുന്നതും. ഒരു സര്‍വ്വീസ് പ്രസിദ്ധീകരണത്തിനായി സ്വന്തം ആധികാരികത മുഴുവന്‍ ചോദ്യം ചെയ്യുന്ന ഒരു പ്രവൃത്തി ഞാന്‍ ചെയ്യും എന്നു കരുതുന്നുണ്ടെങ്കില്‍ അങ്ങനെ തന്നെ മുന്നോട്ട് പോകുക.

ഞാനിതില്‍ വീണുപോകും എന്ന് ആരും മോഹിക്കേണ്ടതില്ല. കഴിഞ്ഞ കുറേക്കാലമായി പരിഹാസങ്ങള്‍ക്കും അപവാദങ്ങള്‍ക്കും മധ്യേയാണ് എന്റെ ജീവിതം കടന്നു പോയത്. ഇതും അതിലൊരധ്യായം എന്നേ കരുതുന്നുള്ളൂ. എന്റെ സര്‍ഗാത്മക ജീവിതവും രാഷ്ട്രീയ ജീവിതവുമെല്ലാം ശിരസ്സുയര്‍ത്തിപ്പിടിച്ചു തന്നെ ഇനിയും തുടരും.

കലേഷിന്‍റെ കവിത

 

എന്റേതല്ലാത്ത ഒരു വരിയും ഇന്നുവരെ എന്റേതെന്ന് അവകാശപ്പെടാതിരുന്നിട്ടും എനിക്ക് ഇന്ന് സംഭവിച്ച ദുഃഖത്തില്‍ ഒപ്പം നില്‍ക്കുന്ന എല്ലാവരോടും നന്ദിയുണ്ട്.

ഇക്കാര്യത്തില്‍ എന്റെ ആദ്യത്തെയും അവസാനത്തെയും വിശദീകരണമാണിത്. ഇതില്‍ കൂടുതലായി ഒന്നും പറയാനില്ല. ചില അനുഭവങ്ങള്‍ ഇങ്ങനെയും ബാക്കിയുണ്ടാവും എന്നു മാത്രം കരുതുന്നു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.