2019 March 24 Sunday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല. -ഭഗവത്ഗീത

മതിലിന് ആളെക്കൂട്ടാന്‍ ട്രംപിന്റെ പുതിയ അടവ്; കൊല്ലപ്പെട്ട ഇന്ത്യന്‍ വംശജനായ പൊലിസ് ഉദ്യോഗസ്ഥനെ ‘അമേരിക്കയുടെ ഹീറോ’ എന്നു വിളിച്ച് ക്യാംപയിന്‍

 

വാഷിങ്ടണ്‍: കാലിഫോര്‍ണിയയില്‍ അനധികൃത കുടിയേറ്റക്കാരന്റെ വെടിയേറ്റ് മരിച്ച ഇന്ത്യന്‍ വംശജനായ പൊലിസുകാരനെ ഉയര്‍ത്തിപ്പിടിച്ച് അതിര്‍ത്തി മതില്‍ നിര്‍മാണത്തിന് വേഗം കൂട്ടാന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രാജ്യത്തെ സംരക്ഷിക്കാന്‍ മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ 5.7 ബില്ല്യന്‍ ഡോളര്‍ ചിലവിട്ട് മതില്‍ നിര്‍മിക്കണമെന്നാണ് ട്രംപിന്റെ നിലപാട്.

കാലിഫോര്‍ണിയയില്‍ 33 വയസ്സുകാരന്‍ കോര്‍പറല്‍ റോണില്‍ റോണ്‍ സിങ് എന്ന ഇന്ത്യന്‍ വംശജനായ പൊലിസ് ഉദ്യോഗസ്ഥനാണ് ക്രിസ്തുമസ് പിറ്റേന്ന് ഗുസേതാവോ പെരസ് അരിയാഗ എന്ന അനധികൃത മെക്‌സിക്കന്‍ കുടിയേറ്റക്കാരനില്‍ നിന്ന് വെടിയേറ്റ് മരിച്ചത്. പ്രതി മെക്‌സിക്കോയിലേക്ക് ഒളിഞ്ഞു കടക്കാന്‍ ശ്രമിക്കുന്നതിനിടക്കാണ് സംഭവം.

‘അമേരിക്കയുടെ ഹൃദയം തകര്‍ന്ന ദിനമായിരുന്നു ക്രിസ്തുമസ് പിറ്റേന്ന്. കാലിഫോര്‍ണിയയിലെ യുവ പൊലിസ് ഉദ്യോഗസ്ഥനെ വളരെ ക്രൂരമായി രക്തം മരവിക്കുന്ന രീതിയിലാണ് അതിര്‍ത്തി കടന്നു വന്ന ഒരു അനധികൃത കുടിയേറ്റക്കാരന്‍ കൊലപ്പെടുത്തിയത്. അമേരിക്കന്‍ ഹീറോയുടെ ജീവന്‍ കവര്‍ന്നെടുത്ത ഒരാള്‍ക്ക് ഈ രാജ്യത്ത് ജീവിക്കാന്‍ യാതൊരു അവകാശവുമില്ല’- ട്രംപ് പറഞ്ഞു.

മതിലിന്റെ ആവശ്യകത അറിയിക്കാന്‍ കുടിയേറ്റക്കാര്‍ നടത്തിയ നിരവധി അക്രമങ്ങളെ എടുത്തുകാട്ടിയാണ് അദ്ദേഹം സംസാരിച്ചത്. ‘ദക്ഷിണ അതിര്‍ത്തിയില്‍ മാനുഷിക പ്രതിസന്ധികളും സുരക്ഷാ വെല്ലുവിളികളും വര്‍ധിച്ചുവരികയാണ്. ഇതൊരു മാനുഷിക വെല്ലുവിളിയാണ്, ആത്മാവിനും ഹൃദയത്തിനുമുളള വെല്ലുലിളി’ ‘ട്രംപ് പറഞ്ഞു.

മതിലിന് പണം അനുവദിച്ചില്ലങ്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്നും പണം മിലിട്ടറിയില്‍ നിന്ന് എടുത്ത് മതില്‍ നിര്‍മിക്കുമെന്നുമുളള പ്രസ്താവനകള്‍ മയപ്പെടുത്തിയിരുന്നു അദ്ദേഹം.

കഴിഞ്ഞാഴ്ച കോര്‍പോറല്‍ റോണില്‍ സിങിന്റെ വിധവ അനാമിക ചന്ദ് സിങുമായും ന്യൂമാന്‍ പൊലിസ് ഡിപ്പാര്‍ട്ട്‌മെന്റിലെ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരുമായും ട്രംപ് സംസാരിക്കുകയും അനുശോചനമറിയിക്കുകയും ചെയ്തിരുന്നു. പ്രതി ഗുസ്താവോ പെരസ് അരിയാഗയെ കാലിഫോര്‍ണിയയിലെ കേണ്‍ കൗണ്ടിയിലെ ഒരു വീട്ടില്‍ വെച്ച് അറസ്റ്റ് ചെയ്തിരുന്നു.

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.