2019 June 17 Monday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

#MeToo: പരാതികള്‍ അന്വേഷിക്കാന്‍ ജഡ്ജിമാരടങ്ങുന്ന വിദഗ്ധ സമിതി

  • അക്ബറിനെതിരേ വീണ്ടും ആരോപണം

#യു.എം മുഖ്താര്‍

ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍ ഉള്‍പ്പെടെയുള്ളവര്‍ ആരോപണവിധേയരായ സ്ത്രീകളുടെ ലൈംഗിക അതിക്രമങ്ങളെ കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ (മി റ്റൂ കാംപയിന്‍) അന്വേഷിക്കാന്‍ നാലംഗവിദഗ്ധ സമിതി. ജഡ്ജിമാരും മുതിര്‍ന്ന നിയമജ്ഞരും അംഗങ്ങളായ സമിതി, ആരോപണങ്ങളുടെ നിയമവശം പരിശോധിച്ച ശേഷം പൊതുജനാഭിപ്രായവും തേടി കേസുകള്‍ രജിസ്റ്റര്‍ ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കും.

ചലച്ചിത്രമേഖലയിലെ ലൈംഗിക അതിക്രമങ്ങള്‍ വെളിപ്പെടുത്തി തുടങ്ങിയ ‘മി റ്റൂ’ (ഞാനും) ക്യാംപയിന്‍ പിന്നീട് രാഷ്ട്രീയ, മാധ്യമ, കോര്‍പ്പറേറ്റ് മേഖലകളിലേക്കു കൂടി വ്യാപിച്ച സാഹചര്യത്തിലാണ് ഏതുവിധത്തില്‍ ഇവ കൈകാര്യംചെയ്യണമെന്ന് അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സമിതി രൂപീകരിക്കുന്നത്. പരാതികളില്‍ എന്തുനടപടി സ്വീകരിക്കണം, മിക്ക വെളിപ്പെടുത്തലുകളും വളരെ പഴക്കംചെന്നതാകയാല്‍ ശാസ്ത്രീയതെളിവുകളുടെ അഭാവത്തില്‍ അവ എങ്ങിനെ കൈകാര്യംചെയ്യും തുടങ്ങിയവയാവും സമിതി പരിശോധിക്കുക.

വനിതാ ശിശുക്ഷേമമന്ത്രി മനേകാഗാന്ധിയാണ് ഇക്കാര്യം അറിയിച്ചത്. എല്ലാ തുറന്നുപറച്ചിലുകളും ഞാന്‍ വിശ്വസിക്കുന്നു. ഓരോ തുറന്നുപറച്ചിലുകളും അതീവ വേദനയോടെയും ആഘാതത്തോടെയുമാണ് കേള്‍ക്കുന്നതെന്നും മനേക പറഞ്ഞു. എം.ജെ അക്ബറിനെതിരേ ഉയര്‍ന്ന ആരോപണത്തോട് ബി.ജെ.പിയില്‍ നിന്നും മന്ത്രിസഭയ്ക്കുള്ളില്‍ നിന്നുമുണ്ടായ ആദ്യ പ്രതികരണവും മനേകാഗാന്ധിയുടെതായിരുന്നു. വളരെ വൈകിയാണെങ്കിലും തങ്ങള്‍ക്കു നേരെയുണ്ടായ അതിക്രമങ്ങള്‍ വെളിപ്പെടുത്തുന്നത് സ്വാഗതാര്‍ഹമാണെന്നും ആരോപണങ്ങള്‍ അന്വേഷിക്കണമെന്നുമായിരുന്നു മനേകയുടെ പ്രതികരണം.

തൊഴില്‍മേഖലയില്‍ സ്ത്രീകള്‍ക്കു നേരെയുണ്ടാവുന്ന അതിക്രമങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് വനിതാ ശിശുക്ഷേമമന്ത്രാലയവും അറിയിച്ചു. തൊഴിലിടങ്ങള്‍ സ്ത്രീകള്‍ക്കു നിര്‍ഭയം ജോലിചെയ്യാന്‍ കഴിയുന്ന വിധത്തില്‍ സ്ത്രീസൗഹൃദമായിരിക്കണം. ഈ മേഖലയിലുണ്ടാവുന്ന ലൈംഗികഅതിക്രമങ്ങള്‍ ഉള്‍പ്പെടെ പരാതിപ്പെടാന്‍ ആഭ്യന്തരതലത്തില്‍ സമിതികള്‍ വേണം. ഇത്തരം പരാതികള്‍ യാതൊരുപക്ഷപാതവുമില്ലാതെ അന്വേഷിച്ചു നടപടിയെടുക്കാനുള്ള സംവിധാനം ആവശ്യമാണ്. നിലവില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കു ഉടനടി പരാതിപ്പെടാന്‍ സര്‍ക്കാര്‍ തലത്തില്‍ ബഹുമുഖ സംവിധാനങ്ങളുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

എം.ജെ അക്ബറിനെതിരെ വീണ്ടും ആരോപണം

അതേസമയം, എം.ജെ അക്ബറിനെതിരേ വെളിപ്പെടുത്തലുമായി ഒരുവിദേശമാധ്യമപ്രവര്‍ത്തകയും രംഗത്തുവന്നു. പത്രപ്രവര്‍ത്തന പരിശീലന കാലത്ത് അക്ബര്‍ തന്നോട് മോശമായി പെരുമാറിയെന്ന് യു.എസ് മാധ്യമപ്രവര്‍ത്തക മജിലി ദെ പുയ് കാംപ് ആണ് ആരോപിച്ചത്. പരിശീലനത്തിനിടെ അക്ബര്‍ തന്നെ ബലംപ്രയോഗിച്ച് ചുംബിച്ചുവെന്നും സംഭവം നടക്കുമ്പോള്‍ തനിക്ക് 18 വയസ്സേ ഉണ്ടായിരുന്നുള്ളൂവെന്നും അവര്‍ പറഞ്ഞു. ഇവരുടേതടക്കം പത്തോളം സ്ത്രീകളാണ് അക്ബറിനെതിരേ ആരോപണമുന്നയിച്ചിരിക്കുന്നത്.

അതേസമയം, എം.ജെ അക്ബറിനെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മനിവാള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു കത്തയച്ചു. സ്ത്രീകള്‍ക്കെതിരേ ലൈംഗിക അതിക്രമം നടത്തിയെന്ന് ആരോപണവിധേയനായ ഒരുപുരുഷന്‍ അധികാരത്തില്‍ തുടരുന്നത് ശരിയല്ലെന്ന് കത്തില്‍ അവര്‍ അഭിപ്രായപ്പെട്ടു. അതേസമയം, ആരോപണം ഉയരുമ്പോള്‍ നൈജീരിയയിലായിരുന്ന എം.ജെ അക്ബറിനെ പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ട് ഔദ്യോഗികസന്ദര്‍ശനം വെട്ടിച്ചുരുക്കി ഡല്‍ഹിയില്‍ എത്താന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അതു വേണ്ടെന്നുവയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. യാത്രവെട്ടിച്ചുരുക്കി അദ്ദേഹം ഇന്നലെ എത്തേണ്ടതായിരുന്നുവെങ്കിലും അതുണ്ടായില്ല. മുന്‍നിശ്ചയിച്ച പരിപാടികളില്‍ പങ്കെടുത്ത് നാളെ മാത്രമെ അക്ബര്‍ എത്തൂ.

അക്ബര്‍ തിരിച്ചെത്തിയ ഉടന്‍ അദ്ദേഹത്തിന്റെ രാജിയാവശ്യപ്പെടുമെന്ന് മുതിര്‍ന്ന കേന്ദ്രമന്ത്രിയെ ഉദ്ധരിച്ച് എ.എന്‍.ഐ വാര്‍ത്താ എജന്‍സി റിപ്പോര്‍ട്ട്‌ചെയ്തു. എന്നാല്‍ സാമൂഹികമാധ്യമങ്ങളിലൂടെ ഉയര്‍ന്ന ആരോപണങ്ങളുടെ പേരില്‍, പൊലിസ് കേസെടുക്കും മുമ്പ് തന്നെ മന്ത്രിസഭയില്‍ നിന്ന് അക്ബറിനെ പുറത്താക്കുന്നത് പുതിയ കീഴ്‌വഴക്കങ്ങള്‍ക്കിടയാക്കുമെന്നും ബി.ജെ.പിയില്‍ ഒരുവിഭാഗത്തിന് അഭിപ്രായമുണ്ട്.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.