2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

ചെറുതോണിയിലൂടെ ഒഴുക്കിവിടുന്നതിന്റെ അളവുകൂട്ടി; മുല്ലപ്പെരിയാറില്‍ നിന്ന് ജലമൊഴുക്കിയേക്കുമെന്ന് തമിഴ്‌നാടും

പെരിയാറിന്റെ തീരത്തുനിന്ന് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശം

തിരുവനന്തപുരം: ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നിലവില്‍ ചെറുതോണി ഡാമിന്റെ ഷട്ടര്‍ വഴി പുറത്തു വിടുന്ന വെള്ളത്തിന്റെ അളവു കൂട്ടി. പുലര്‍ച്ചെ ഒരു മണി മുതല്‍ കൂടുതല്‍ വെള്ളം പുറത്തേക്കു വിടും. പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു. പുറത്തേക്കുവിടുന്ന വെള്ളത്തിന്റെ അളവ് 600 ക്യുബിക് സെന്റിമീറ്ററില്‍ നിന്ന് 750 ക്യുബിക് സെന്റിമീറ്റര്‍ ആയാണ് ഉയര്‍ത്തുന്നത്.

അതേസമയം, മുല്ലപെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ അണകെട്ടില്‍ നിന്നു ജലം പെരിയാറിലേക്ക് ഒഴുക്കി വിടുവാന്‍ സാധ്യതയുണ്ട് എന്ന് തമിഴ്‌നാട് ദുരിതാശ്വാസ കമ്മിഷണര്‍ അറിയിച്ചു. ഇതോടെ ചെറുതോണിയില്‍ നിന്നു വര്‍ധിച്ച അളവില്‍ ജലം പുറത്തേക്ക് ഒഴുക്കി വിടുവാന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന ചീഫ് സെക്രട്ടറി വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍, പെരിയാര്‍ തീരത്ത് വസിക്കുന്നവര്‍ ജില്ലാ കലക്ടര്‍മാര്‍ ആവശ്യപ്പെടുന്ന സമയത്ത് ക്യാമ്പുകളിലേക്ക് ഒഴിഞ്ഞുപോകേണ്ടതുണ്ടെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.

പൊതുജനങ്ങള്‍ സര്‍ക്കാര്‍ സംവിധാനങ്ങളുമായി പൂര്‍ണമായും സഹകരിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. ഒരുമയോടെ നമുക്ക് ഈ സാഹചര്യത്തെ തരണം ചെയ്യാമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.


 

 

 

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.