2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കര്‍മ്മവീഥിയില്‍ നാല് പതിറ്റാണ്ട്: കിഴക്കന്‍ പ്രവിശ്യയിലെ സമസ്ത, ലീഗ് നിറസാന്നിധ്യം സി.എച്ച് മൗലവി നാട്ടിലേക്ക് മടങ്ങുന്നു

ദമാം: കര്‍മ്മ വീഥിയില്‍ നാല് പതിറ്റാണ്ടോളം മത, സാമൂഹിക, സാംസ്‌കാരിക രംഗത്തു തന്റേതായ സേവനം കാഴ്ച്ചവെച്ച സി.എച്ച് മൗലവി പ്രവാസ ജീവിതം അവസാനിപ്പിക്കുന്നു. നാല് പതിറ്റാണ്ടോളം പ്രവാസിയാവുകയും കെ.എം.സി.സിയുടെയും സമസ്തയുടെയും അമരത്ത് സൗമ്യ പ്രതീകമാവുകയും ചെയ്ത സി.എച്ച്. മൗലവി എന്ന ചാത്തനത്ത് അബൂബക്കര്‍ മൗലവിയാണ് നാട്ടിലേക്ക് തിരിക്കുന്നത്.

മത സാമൂഹിക സാംസ്‌കാരിക രാഷ്?ട്രീയ സംഘടനകളുടെ പോഷക ഘടകങ്ങള്‍ കേട്ടുകേള്‍വിയില്ലാത്ത കാലത്ത് കെ.എം.സി.സി.യിലൂടെയും സമസ്തയിലൂടെയും നാടിന്റെ നന്മകള്‍ക്ക് വിത്തെറിഞ്ഞവരില്‍ പ്രമുഖനാണ് മൗലവി. പ്രവാസ ലോകം സ്‌നേഹാദരവോടെ സി.എച്ച് മൗലവി എന്ന് വിളിക്കുന്ന മലപ്പുറം പുത്തനത്താണി അതിരുമട സ്വദേശിയായ ചാത്തനത്ത് അബൂബക്കര്‍ മൗലവി 1981ലായിരുന്നു തൊഴില്‍ തേടി ദമാമില്‍ എത്തിയത്.

ദമാം കപ്പല്‍ തുറമുഖത്തെ ഒരു സ്ഥാപനത്തില്‍ ഓഫീസര്‍ ആയിട്ടായിരുന്നു തുടക്കം. തുടര്‍ന്ന് പ്രമുഖ വ്യവസായിയായ മലയാളിയുടെ ബിസിനസ് മാനേജറായി ജോലി മാറുകയും ഏഴു വര്‍ഷത്തിന് ശേഷം സ്വന്തം ബിസിനസ് സ്ഥാപനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. തുറമുഖത്തെ ഓഫീസില്‍ ജോലി ചെയ്യുമ്പോള്‍ സയ്യിദ് ഉമര്‍ ബാഫഖി തങ്ങള്‍, ഇ അഹമ്മദ്, കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്ക് സ്വീകരണം സംഘടിപ്പിച്ച ഇദ്ദേഹത്തിന്റെ നേതൃ പാടവമാണ് കിഴക്കന്‍ പ്രവിശ്യയില്‍ കെ എം സി സി ക്ക് മുതല്‍കൂട്ടായത്. ദമാം സെന്‍ട്രല്‍ കമ്മിറ്റിയുടെ ജോ.സെക്രട്ടറി, വൈസ് പ്രസിഡന്റ്, ട്രഷറര്‍, ജനറല്‍ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിലും പ്രവിശ്യ കേന്ദ്ര സമിതിയുടെ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചു.

ദമാമില്‍ സമസ്തയുടെ കീഴ് ഘടകങ്ങള്‍ക്ക് അസ്തിവാരമിടുന്നതിലും സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിലും നേതൃത്വം നല്‍കുന്നതിലും സി.എച്ച് മൗലവി മുമ്പേ നടന്നു. സഊദിയിലെ ആദ്യത്തെ സമസ്ത ബോര്‍ഡിന്റെ കീഴിലുള്ള മദ്രസയുടെ ചെയര്‍മാന്‍ പദവി ഇപ്പോഴും നിര്‍വ്വഹിക്കുന്നത് സി എസിഎച്ച് മൗലവിയാണ്. ഇതിനു പുറമെ എസ് കെ ഐ സി ദമാം കമ്മിറ്റി ചെയര്‍മാന്‍, മലബാര്‍ ഉംറ, ഹജ്ജ് സര്‍വ്വീസ് കമ്മിറ്റി ചെയര്‍മാന്‍, എസ് കെ ഐ സി കിഴക്കന്‍ മേഖല വൈസ് ചെയര്‍മാന്‍, മദ്‌റസ മാനേജ്‌മെന്റ് കമ്മിറ്റി കിഴക്കന്‍ മേഖല ചെയര്‍മാന്‍ എന്നീ പദവികള്‍ കൂടി നിലവില്‍ വഹിച്ചു പോരുന്നുണ്ട്.

പ്രവാസ ജീവിതത്തിനു മുന്‍പ് പരമ്പരാഗത പള്ളി ദര്‍സ്സുകളില്‍ നിന്നും ലഭിച്ച ആര്‍ജ്ജവ ജ്ഞാനത്തോടൊപ്പം ഭൗതിക തലത്തില്‍ സ്വന്തം പരിശ്രമത്തിലൂടെ അക്കാലത്തു പ്രിലിമിനറി വിദ്യാഭ്യാസം നേടുകയും സ്‌കൂളില്‍ ജോലി ചെയ്യുകയും ചെയ്തു.

സമസ്തയുടെ അധ്യാപന, ഖുര്‍ആന്‍ പാരായണ പരിശീലന പരീക്ഷകളിലെല്ലാം തിളക്കമാര്‍ന്ന വിജയം കൈവരിച്ച മൗലവി 1980 ല്‍ തലശ്ശേരി റെയ്ഞ്ചില്‍ നിന്ന് വിദ്യാഭ്യാസ ബോര്‍ഡിന്റെ ഏറ്റവും നല്ല അധ്യാപകനുള്ള അവാര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട്. പ്രവാസ കാലത്തിനു മുന്‍പ് തലശ്ശേരി ടൗണ്‍ എം എസ് എഫ് പ്രസിഡന്റ്, യൂത്ത് ലീഗ് താലൂക്ക് സെക്രട്ടറി, അവിഭക്ത കണ്ണൂര്‍ ജില്ലാ എസ് എസ് എഫ് സെക്രട്ടറി, റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെക്രട്ടറി, നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫാത്വിമയാണ് ഭാര്യ. സഊദിയിലെ ജുബൈലില്‍ ജോലി ചെയുന്ന മകന്‍ ഉള്‍പ്പെടെ ആറു മക്കളാണുള്ളത്. സഊദി പ്രവാസം അവസാനിപ്പിച്ച് തിങ്കളാഴയാണ് അദ്ദേഹം നാട്ടിലേക്ക് തിരിക്കും.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.