2019 July 18 Thursday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

വള്ളുവനാടിന്റെ ചക്കക്കാലങ്ങള്‍

എ.വി ഫിര്‍ദൗസ്

കേരള സര്‍ക്കാര്‍ ചക്കയെ സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കുന്നതിനു മുന്‍പേ തന്നെ കേരളീയ ഗ്രാമീണ നാട്ടുജീവിതത്തില്‍ അതു സുപ്രധാനഫലമായി നിലനില്‍ക്കുന്നുണ്ട്. നഗരവല്‍ക്കരണത്തിന്റെയും ആധുനിക ഭക്ഷ്യശീലങ്ങളുടെയും തുടര്‍ച്ചയായി വര്‍ത്തമാന കാലഘട്ടത്തില്‍ അവഗണിക്കപ്പെടുന്നുണ്ട് ചക്കയെങ്കിലും അതിന്റെ ഇന്നലെകള്‍ ജീവിതത്തോടു ചേര്‍ത്തുനില്‍ക്കുന്ന ഓര്‍മകളുടെയും അനുഭവങ്ങളുടെയുമാണ്.

കേരളം മൊത്തത്തില്‍ ഒരു നഗരമായി മാറിക്കഴിഞ്ഞ ഇന്നു നഗരജീവിത ശീലങ്ങള്‍ നാട്ടിന്‍പുറങ്ങളെ വലയം ചെയ്തിരിക്കുന്നതിന്റെ തുടര്‍ച്ചയാണു നഗരങ്ങളുടെ ഇടവീഥികളില്‍ ഓരങ്ങളാല്‍ വീണുകിടന്നു ചീഞ്ഞുപോകുന്ന ചക്കകളുടെ അതേ കാഴ്ചകള്‍ ഉള്‍നാടന്‍ വഴിവക്കുകളിലും നാം കാണുന്നത്. എന്നാല്‍ ഇന്നും ചക്കയെ ജീവിതത്തിന്റെ ഭാഗമായി നിലനിര്‍ത്തുന്ന വലിയൊരു വിഭാഗം നാട്ടിന്‍പുറ മനുഷ്യര്‍ കേരളത്തിലുമുണ്ട്. ഓരോ പ്രദേശത്തെയും ജീവിതശീലങ്ങളില്‍ വിവിധ ഫലങ്ങളും കായ്കനികളും ചെലുത്തുന്ന സ്വാധീനങ്ങള്‍ വിഭിന്ന തരത്തിലായിരിക്കുമല്ലോ. ചക്കയും മാങ്ങയും തേങ്ങയും മരച്ചീനിയുമൊക്കെ ഇങ്ങനെ തദ്ദേശീയമായ ശീലവൈവിധ്യങ്ങള്‍ക്കിടയില്‍ വിവിധ രീതികളില്‍ പരിഗണിക്കപ്പെടുന്നവയാണ്. വള്ളുവനാടിന്റെ ഗ്രാമീണ ജീവിതത്തിന്റെ ഇന്നലെകള്‍ പരിശോധിച്ചാല്‍ ചക്കക്കാലം എന്ന പ്രയോഗം എത്രമാത്രം അര്‍ഥവത്താണെന്നു കാണാന്‍ കഴിയും. കേരളത്തിന്റെ ഇതര പ്രദേശങ്ങളെ അപേക്ഷിച്ചു ചക്ക-മാങ്ങക്കാലങ്ങള്‍ ഏറെ വൈവിധ്യത്തോടെ നിലനിന്ന പ്രദേശമാണ് വള്ളുവനാട്. മാമ്പഴക്കാലത്തില്‍നിന്നു വേറിട്ടതല്ല വള്ളുവനാടിന്റെ ചക്കക്കാലം. എങ്കിലും ചക്ക-മാങ്ങക്കാലം എന്ന പൊതുവിശേഷണത്തില്‍നിന്നു ചക്കയെ മാത്രമെടുത്തു പരിശോധിച്ചാലും അതൊരു അനുഭവ വൈവിധ്യത്തിന്റെ ഗ്രാമ്യമായ കാലം തന്നെയാണ്. ചക്കയെക്കുറിച്ചുള്ള പ്രയോഗങ്ങളും ശൈലികളും ഉപമകളും ഏറെയധികം നിലനില്‍ക്കുന്നതും വള്ളുവനാട്ടില്‍ തന്നെയാണ്.

ചക്കയുടെ ഓരോ വളര്‍ച്ചാഘട്ടങ്ങളുമായും ഓരോ ഭാഗങ്ങളുമായും ബന്ധപ്പെട്ട നിരവധി പ്രയോഗങ്ങളും ശൈലികളും അതിലുപരി ഉപയോഗരീതികളും വള്ളുവനാടിനുണ്ട്. ധനു മാസത്തിന്റെ അവസാനത്തോടെയാണു വീട്ടുപറമ്പുകളിലെയും തൊടികളിലെയും പ്ലാവുകളിലെ ഇലപ്പടര്‍പ്പുകള്‍ക്കിടയില്‍ മഞ്ഞഗാഢ നിറമുള്ള ചക്ക പ്രത്യക്ഷപ്പെടുക. കായ്ക്കുന്നതും അല്ലാത്തതുമായ നിരവധി പ്ലാവുകള്‍ വീട്ടുപറമ്പുകളില്‍ പടര്‍ന്നു പന്തലിച്ചു നിന്നിരുന്നു. ചക്കയുടെ ഗുണത്തെ അടിസ്ഥാനമാക്കി കയ്പ്പുള്ള ചക്ക കായ്ക്കുന്ന പ്ലാവുകള്‍ കയ്പി പ്ലാവുകളും തേന്‍ മധുരമുള്ള ചക്കച്ചുളകള്‍ നല്‍കുന്ന പ്ലാവുകള്‍ തേന്‍കനി പ്ലാവുകളും ആയിരുന്നു. ഓരോ വീട്ടുപറമ്പിലും പ്രായം ചെന്ന മുതുക്കന്‍ പ്ലാവുകള്‍ മറ്റിതര മരങ്ങള്‍ക്കും ചെടികള്‍ക്കും ഇടയില്‍ കാരണവരെപ്പോലെ പടര്‍ന്നുപന്തലിച്ചു നിന്നു. വെള്ളവും വളവും നല്‍കാതെ പ്രകൃതിയോടു സ്വയമേവ ഇണങ്ങി വളരുന്ന മരങ്ങളാണു പ്ലാവുകള്‍. മാവുകള്‍ക്കു പോലും ചിലപ്പോള്‍ വെള്ളവും വളവും നല്‍കേണ്ടി വരാറുണ്ട്. എന്നാല്‍ പ്ലാവുകള്‍ ആരും നനച്ചു വളര്‍ത്താറില്ല. മഴക്കാലത്തിന്റെയും ഇടമഴകളുടെയും കുളിരുപറ്റി അവ സ്വയമേവ വളര്‍ന്നു വലുതാകും.

ഇലപ്പടര്‍പ്പുകളില്‍ ധനുമാസ ചക്കമൊട്ടുകള്‍ മകരം കഴിയാറാകുമ്പോഴേക്ക് ഏതാണ്ടൊരു വലിപ്പത്തിലെത്തും. നന്നേ ചെറുപ്രായം കഴിഞ്ഞു ചെറിയ വലിപ്പമെത്തുന്ന ചക്കകളെ നാട്ടിന്‍പുറത്തുകാര്‍ ഇടിച്ചക്ക എന്നും പറയും. ചിലരതിനെ ഇടച്ചക്ക എന്നും വിളിക്കാറുണ്ട്. നഗരവാസികളിലൂടെയാണ് ഇടിച്ചക്കയെ ഇടയന്‍ചക്കയെന്നു പറയുന്ന ശീലമുണ്ടായത്. സത്യത്തില്‍ ഇടിയന്‍ ചക്കയെന്ന പ്രയോഗമേ തെറ്റാണ്. ഇടിച്ചക്കകള്‍ അറുത്തെടുത്തു പുറത്തെ നനുത്ത പച്ചമുള്ളുകള്‍ പോലെ തോന്നിക്കുന്ന ഭാഗം ചെറുതായി ചെത്തിക്കളഞ്ഞ് ഗ്രാമീണര്‍ ഇടിച്ചക്ക ഉപ്പേരിയുണ്ടാക്കി. കടുകും ഉണക്കമുളകും വെളിച്ചെണ്ണയും ചേര്‍ത്തുള്ള ഇടിച്ചക്ക ഉപ്പേരി വള്ളുവനാടിന്റെ പഴയകാല ശീലമാണ്. ഉച്ചക്കഞ്ഞിക്കെന്ന പോലെ അന്തിയൂണിനും വള്ളുവനാട്ടുകാര്‍ക്ക് ഇടിച്ചക്കയുപ്പേരി പ്രിയപ്പെട്ട അനുബന്ധമായിരുന്നു. ഇടിച്ചക്ക പ്രായത്തില്‍ ചക്കക്കുള്ളിലെ പശ ഉറച്ചു തുടങ്ങിയിരിക്കില്ല. ആ പ്രായം കഴിയുന്നതോടെയാണു ചക്കപ്പശ കട്ടികൂടി തുടങ്ങുക. ഇടിച്ചക്കയില്‍നിന്നു പ്രായം പൂര്‍ണതയെത്തിയിരിക്കുകയും ചെയ്യുന്ന പ്രായത്തിലെ ചക്കകളെ വള്ളുവനാട്ടുകാര്‍ മിദപ്പേരി എന്നാണു വിളിച്ചിരുന്നത്. മിദപ്പേരിയില്‍നിന്നാണു ചക്ക പൂര്‍ണ വളര്‍ച്ചയിലേക്ക് എത്തുക. ഉള്ളിലെ ചക്കപ്പശ ഗാഢതയാര്‍ജിക്കുകയും പുറത്തെ മൂര്‍ച്ചയില്ലാത്ത മുള്ളുകള്‍ പോലുള്ള ഭാഗത്തിനു കറുത്തനിറം കനക്കുകയും ആ ഭാഗത്തിനു കട്ടി കൂടിവരികയും ചെയ്യും.

ഞെട്ടിനോടു ചേര്‍ന്നുള്ള ഭാഗത്തു നേരിയ കറുപ്പ് പടരാന്‍ തുടങ്ങിയാല്‍ ചക്ക മൂപ്പെത്തി എന്നുറപ്പിക്കാം. ആ പ്രായത്തില്‍ അറുത്തെടുക്കുന്ന ചക്ക പിളര്‍ത്തി അതിനുള്ളിലെ ചുളകള്‍ക്കു ചുറ്റുമുള്ള അവുഞ്ഞി എന്നു വിളിക്കുന്ന ഭാഗവും കൂട്ടാനില്‍ അരിഞ്ഞു ചേര്‍ക്കും. മൃദുലമായ നാരുകള്‍ പോലെയുള്ള ആ ഭാഗത്തെ അവുഞ്ഞി എന്നും ചവുഞ്ഞി എന്നുമെല്ലാം വള്ളുവനാട്ടുകാര്‍ വിളിക്കാറുണ്ട്. ചക്കച്ചവുഞ്ഞി കടിച്ചുപറിക്കുന്ന പട്ടിയെപോലെ എന്നു പറയാറുണ്ട്. പഴുത്ത് പ്ലാവുകള്‍ക്കു ചുവടെ വീണുകിടക്കുന്ന ചക്കകള്‍ നായ്ക്കള്‍ കടിച്ചുപറിക്കുകയും അവയുടെ ചവൃത്തിഭാഗം കടിച്ചുപറിച്ചുള്ള കളികളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നതില്‍നിന്നാണ് ഈ പ്രയോഗം വന്നത്. ചക്കയുമായി ബന്ധപ്പെട്ട മറ്റൊരു പ്രയോഗമാണു വെളഞ്ഞിയില്‍ ഈച്ച പെറ്റപോലെ എന്നത്. ചക്കപ്പശയെയാണു വെളഞ്ഞി എന്നു പറയുന്നത്. വേര്‍പ്പെട്ടു പോകാനാവാത്ത വിധം ഉള്ള അടക്കെടലുകളെ സൂചിപ്പിക്കാനാണു വെളഞ്ഞിയില്‍ ഈച്ച പെറ്റ പോലെ എന്ന ശൈലി ഉണ്ടായത്. കൈയില്‍ പറ്റിയാല്‍ മണ്ണെണ്ണയോ വെളിച്ചെണ്ണയോ ഉമിയോ ഉപയോഗിച്ച് അമര്‍ത്തിത്തിരുമി മാത്രമേ വെളഞ്ഞിയില്‍നിന്നു രക്ഷപ്പെടാന്‍ കഴിയുകയുള്ളൂ.

നാളികേരം അരച്ചുചേര്‍ത്ത ചക്കക്കൂട്ടാന്‍ വള്ളുവനാടിന്റെ പഴയകാലങ്ങളിലെ ഉച്ചക്കഞ്ഞികളെ അകമ്പടി ചെന്നു. ചക്ക മൂപ്പെത്തിയാല്‍ ചിലര്‍ അറുത്തെടുത്തു വീട്ടിലെ അറയിലോ മഞ്ചപ്പെട്ടിയിലോ പത്തായത്തിലോ പുറം ചായ്പ്പിലെ സുരക്ഷിത സ്ഥാനത്തോ വച്ചു പഴുപ്പിച്ചെടുക്കും. പഴുത്ത ചക്കയുടെ മണത്തിനുപോലും ഒരു മധുരമുണ്ടായിരുന്നു. പഴംചക്ക ഭാഗങ്ങളാക്കി ഓരോരുത്തര്‍ക്കും ഓരോ കഷണങ്ങള്‍ കൊടുക്കുകയായിരുന്നു പഴയ പതിവ്. ഓരോരുത്തരും സ്വന്തമായി ചുള പറിച്ചു തിന്നുകൊള്ളണം. ഗ്രാമീണ വീടുകളിലെ പഴംചക്ക തീറ്റ് വേറിട്ട അനുഭവമായിരുന്നു. വീട്ടിലുള്ളവര്‍ വട്ടംകൂടിയിരുന്നു ആഘോഷമായാണു ചക്കത്തീറ്റ. പഴുത്ത ചക്കച്ചുളകള്‍ക്കു തേനിനെക്കാള്‍ മധുരമായിരുന്നു. അവയ്ക്കുള്ളിലെ കുരു പറിച്ചുമാറ്റിയാണു തീറ്റ.

പഴുത്ത ചക്കച്ചുളകള്‍ തേങ്ങാപ്പാല്‍ ചേര്‍ത്തു പായസരൂപത്തില്‍ വേവിച്ചു കഴിക്കുന്ന ശീലമുണ്ടായിരുന്നു. ഇതാണു പഴയ ചക്കപ്പായസം. ചക്ക കൊണ്ടുതന്നെ പായസവും എന്ന ചൊല്ല് വിപരീതാര്‍ഥത്തില്‍ ഉപയോഗിക്കുന്നതാണെങ്കിലും ചക്കപ്പായസം എന്നത് വള്ളുവനാടിനു നേരത്തെ തന്നെ പരിചിതമായിരുന്നു എന്നതാണു വാസ്തവം. പഴംചക്കകളില്‍നിന്നു ശേഖരിക്കുന്ന ചക്കക്കുരു വീടിന്റെ കലവറ മുറിയിലോ ചായ്പ്പിലോ ഒരു മൂലക്കു കുന്നുകൂടി കിടന്നിരുന്നു. ചിലര്‍ അതുകൊണ്ട് ചക്കക്കുരു ഉപ്പേരിയുണ്ടാക്കും. മറ്റുചിലര്‍ പടവലം, വെള്ളരി, കുമ്പളം, ചേന, ചേമ്പ് എന്നിവയോടൊപ്പം ചേര്‍ത്തു കറികളുണ്ടാക്കും. ചക്കക്കുരു ചുട്ടു തൊലി കളഞ്ഞ് ഇടിച്ചുണ്ടാക്കുന്ന ചക്കക്കുരു ചമ്മന്തിയില്‍ ചെമ്മീന്‍പൊടി, നാളികേര ചിരവല്‍, ഉണക്കമുളക്, ചെറിയ ഉള്ളി എന്നിവയൊക്കെ ചേര്‍ത്തിരുന്നു. പഞ്ഞമാസങ്ങളായ ഇടവം, മിഥുനം, കര്‍ക്കിടകം തുടങ്ങിയ കാലങ്ങളിലേക്കായി പഴയ ഗ്രാമീണ കര്‍ഷകഭവനങ്ങളില്‍ ചക്കക്കുരു കൂമ്പാരം കരുതിവച്ചിരുന്നു. കര്‍ക്കടകത്തിലെ പട്ടിണിക്കാലത്താണു പണ്ടു പ്രധാനമായും ചക്കക്കുരുവിനു കൂടുതല്‍ ഉപയോഗം കിട്ടിക്കൊണ്ടിരുന്നത്.

ചക്കയുടെ നാരുഭാഗത്തെ ഞവുഞ്ഞി, ചവുഞ്ഞി എന്നൊക്കെ പറഞ്ഞപ്പോള്‍ മൊത്തത്തില്‍ ചുള കഴിച്ചുള്ള ഭാഗത്തെ വള്ളുവനാട്ടുകാര്‍ പറഞ്ഞത് ചക്കമടല്‍ എന്നാണ്. നാരുപോലുള്ള ഭാഗവും ചക്കയുടെ നടുക്കുള്ള തണ്ടു പോലുള്ള മൃദുവായ ഭാഗവും പുറംതൊലിയുമെല്ലാം ചേര്‍ന്നതാണു ചക്കമടല്‍. പഴുത്ത ചക്കയുടെയും ചുള പറിച്ചെടുക്കുന്ന മൂപ്പെത്തിയ ചക്കയുടെയും അവശിഷ്ടമായ ചക്കമടല്‍ വീട്ടില്‍ വളര്‍ത്തിയ പശുക്കള്‍ക്കും ആടുകള്‍ക്കും പോത്തുകള്‍ക്കുമെല്ലാം അവകാശപ്പെട്ടതായിരുന്നു. വളര്‍ത്തു നാല്‍ക്കാലി മൃഗങ്ങള്‍ക്ക് പഴയ കാലത്ത് ചക്കമടല്‍ മികച്ചൊരു പോഷകാഹാരമായി നല്‍കിക്കൊണ്ടിരുന്നു. കാലിത്തൊഴുത്തിന്റെ സമീപത്തുനിന്നു പണ്ടൊക്കെ കുംഭം, മീനം, മേടം മാസങ്ങളായാല്‍ ചക്കയുടെ മണം ഒഴിഞ്ഞു പോയിരുന്നില്ല. മീനമാകുമ്പോഴേക്കു പഴംചക്കയുടെ മണം ഗ്രാമീണ വീടുകളെ പൊതിഞ്ഞുനിന്നിരുന്നു. വേനല്‍ കത്തിക്കയറുന്ന മീനത്തില്‍ ഉച്ചവെയിലിന്റെ തീക്ഷ്ണതയോടൊപ്പം വീശിയ കാറ്റില്‍ പഴം ചക്കയുടെ മണം നിറഞ്ഞുനിന്നിരുന്നു.

മൂന്നു നേരവും ചക്കവിഭവങ്ങള്‍ തിന്നു ജീവിച്ച ഒരുകാലം കേരളത്തിലെ ഗ്രാമങ്ങളില്‍ കഴിഞ്ഞുപോയിട്ടുണ്ട്. പ്രത്യേകിച്ചു വള്ളുനാടിന്റെ ജീവിതസംസ്‌കൃതിയില്‍ ചക്കക്കാലങ്ങളെ അവഗണിക്കാനാവില്ല. യാതൊരു മുതല്‍മുടക്കും അധ്വാനവുമില്ലാത്തെ വേണമെങ്കില്‍ വേരുകളിലും കായ്ച്ചു നിന്നവയാണു പ്ലാവുകള്‍. ആടുകള്‍ക്കു തീറ്റയായി പ്ലാവിലകള്‍ പ്രിയപ്പെട്ടവയായിരുന്നു. കഞ്ഞി കുടിക്കാന്‍ പ്ലാവിലക്കുമ്പിളുകള്‍ ഉപയോഗിച്ചിരുന്നു. നാട്ടിന്‍പുറത്തെ കുട്ടികള്‍ പ്ലാവിലകള്‍ കൊണ്ടു കലവും പാത്രവും ഉണ്ടാക്കി അവരുടെ നിഷ്‌കളങ്ക ബാല്യകാലങ്ങളെ കളിച്ചുതീര്‍ത്തിരുന്നു. പഴുത്ത ചക്കകള്‍ തൂങ്ങിയാടുന്ന മുതുക്കന്‍ പ്ലാവുകളില്‍ കാക്കകളും അണ്ണാന്മാരും ചിലമ്പിയാര്‍ത്തുല്ലസിച്ചിരുന്നു. ആ കാലങ്ങളെയാണു നാം ചക്കക്കാലങ്ങള്‍ എന്നു പറയുന്നത്. മടങ്ങിവരാത്ത വിധം ദൂരേക്കു പോയ്‌പ്പോയ ഒരു കാലമാണത്.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.