2018 December 11 Tuesday
ഏറ്റവും വലിയ ഇരുമ്പുമറ സ്വന്തം മനസിനു ചുറ്റും നാം പണിയുന്നതാണ്-ജവഹര്‍ലാല്‍ നെഹ്‌റു

കെ.എ.എസ്: എസ്.സി- എസ്.ടി പ്രാതിനിധ്യത്തില്‍ കുറവുണ്ടായാല്‍ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റെന്ന് മുഖ്യമന്ത്രി

 

തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് നിലവില്‍ വന്ന ശേഷം എസ്.സി, എസ്.ടി പ്രാതിനിധ്യത്തില്‍ കുറവുണ്ടായാല്‍ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്തി പ്രശ്‌നം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ടി.എ.അഹമ്മദ് കബീറിന്റെ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിനു മറുപടി പറയവേയാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.

കെ.എ.എസില്‍ സംവരണ പ്രാതിനിധ്യത്തില്‍ കുറവുണ്ടെന്നു കാണുന്നപക്ഷം സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റിന് സാധ്യതയുണ്ട്. സംവരണത്തിന് അര്‍ഹരായവര്‍ക്ക് അവസരം ലഭിക്കുന്നതില്‍ കുറവുവരുന്നപക്ഷം സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്താനാകും. സ്ട്രീം ഒന്നില്‍ പെട്ട നേരിട്ടുള്ള നിയമനത്തിന് പൊതുസംവരണ തത്വങ്ങള്‍ ബാധകമാണ്.

പി.എസ്.സി വഴി തസ്തികമാറ്റ നിയമനം നടത്തുന്ന വിവിധ വകുപ്പുകളുടെ മാതൃകയിലാണ് കെ.എ.എസിലെ സ്ട്രീം രണ്ടിലും മൂന്നിലും പെട്ട തസ്തികമാറ്റ നിയമനവും. സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നുള്ള തസ്തികമാറ്റ നിയമന കാര്യത്തില്‍ മറ്റ് രണ്ട് സ്ട്രീമുകളില്‍ സംവരണവ്യവസ്ഥ ബാധകമാക്കിയിട്ടില്ല.

ഈ സ്ട്രീമുകളില്‍ സംവരണം ബാധകമാക്കണമെന്ന് പട്ടികജാതി പട്ടികവര്‍ഗ ക്ഷേമ കമ്മിഷനും സംസ്ഥാന ന്യൂനപക്ഷ കമ്മിഷനും നിര്‍ദേശിച്ച പ്രകാരം ഇക്കാര്യം പരിശോധിക്കുകയും അഡ്വക്കേറ്റ് ജനറലിന്റെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം ബാധകമാക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയും ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സുപ്രീം കോടതിയുടെ വിധിയിലും നിയമനങ്ങളില്‍ സംവരണം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് പേഴ്‌സണല്‍ മന്ത്രാലയത്തിന്റെ കത്തിലും ഇക്കാര്യം പരാമര്‍ശിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.