2019 June 20 Thursday
കുറഞ്ഞ ഗുണത്തിനു നന്ദി ചെയ്യാത്തവന്‍ അധിക ഗുണങ്ങള്‍ക്കും നന്ദി ചെയ്യുകയില്ല. ജനങ്ങളോട് നന്ദി ചെയ്യാത്തവര്‍ക്ക് അല്ലാഹുവിനോടും നന്ദിയുണ്ടാവുകയില്ല -മുഹമ്മദ് നബി(സ)

ബി.ജെ.പിക്കെതിരെ ഒന്നിച്ചുനില്‍ക്കാന്‍ 21 പാര്‍ട്ടികളുടെ തീരുമാനം; രാജിവച്ച കേന്ദ്രമന്ത്രിയും പ്രതിപക്ഷയോഗത്തില്‍

  • മായാവതിയും അഖിലേഷ് യാദവും സംബന്ധിച്ചില്ല

ന്യൂഡല്‍ഹി: പൊതുതെരഞ്ഞെടുപ്പ് ആസന്നമാവുകയും അഞ്ചുനിയമസഭകളിലേക്കുള്ള വോട്ടെടുപ്പിന്റെ ഫലം ചൊവ്വാഴ്ച പുറത്തുവരാനുമിരിക്കെ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിനെതിരെ ഒന്നിച്ചുനില്‍ക്കാന്‍ തീരുമാനിച്ച് 21 പാര്‍ട്ടികള്‍. തിങ്കളാഴ്ച പാര്‍ലമെന്റ് അനക്‌സില്‍ ചേര്‍ന്ന യോഗത്തില്‍ ബി.എസ്.പിയും എസ്.പിയും ഒഴികെയുള്ള പ്രധാനപ്രതിപക്ഷകക്ഷികളെല്ലാം സംബന്ധിച്ചു.

കോണ്‍ഗ്രസ്സും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമാണ് യോഗം വിളിച്ചുകൂട്ടിയത്. ആര്‍.എല്‍.എസ്.പി നേതാവും കേന്ദ്രമന്ത്രിയുമായ ഉപേന്ദ്ര കുശവാഹ രാജിവച്ച് യോഗത്തില്‍ പങ്കെടുത്തത് കേന്ദ്രസര്‍ക്കാരിനു കനത്ത തിരിച്ചടിയും പ്രതിപക്ഷചേരിക്കു നേട്ടവുമായി. രാജിക്കുപുറമെ അദ്ദേഹത്തിന്റെ പാര്‍ട്ടി എന്‍.ഡി.എക്കുള്ള പിന്തുണ പിന്‍വലിക്കുകയും ചെയ്തു.

 

സോണിയാഗാന്ധി, രാഹുല്‍ഗാന്ധി, ഡോ. മന്‍മോഹന്‍ സിങ്, ഗുലാംനബി ആസാദ്, എ.കെ ആന്റണി, അഹമ്മദ് പട്ടേല്‍ (കോണ്‍ഗ്രസ്), മമതാ ബാനര്‍ജി (തൃണമൂല്‍ കോണ്‍ഗ്രസ്), അരവിന്ദ് കെജ്‌രിവാള്‍ (എ.എ.പി), ദേവഗൗഡ (ജെ.ഡി.എസ്), ശരത് പവാര്‍ (എന്‍.സി.പി), സീതാറാം യെച്ചൂരി (സി.പി.എം), എന്‍. ചന്ദ്രബാബു നായിഡു (ടി.ഡി.പി), ഉപേന്ദ്ര കുശവാഹ (ആര്‍.എല്‍.എസ്.പി), പി.കെ കുഞ്ഞാലിക്കുട്ടി (മുസ്‌ലിം ലീഗ്), തേജസ്വി യാദവ് (ആര്‍.ജെ.ഡി), ഡി. രാജ (സി.പി.ഐ), എം.കെ സ്റ്റാലിന്‍ (ഡി.എം.കെ), ഡോ. ഫാറൂഖ് അബ്ദുല്ല (നാഷനല്‍ കോണ്‍ഫറന്‍സ്), എന്‍.കെ പ്രേമചന്ദ്രന്‍ (ആര്‍.എസ്.പി), ശരത് യാദവ് (ലോക് താന്ത്രിക് ജനതാദള്‍), ജോസ് കെ. മാണി (കേരളാ കോണ്‍ഗ്രസ്) തുടങ്ങിയ കക്ഷി നേതാക്കളാണ് യോഗത്തില്‍ പങ്കെടുത്തത്.

 

യോഗത്തിനു മുന്‍പും ശേഷവും വിവിധ കക്ഷികള്‍ ഒറ്റയ്ക്കും കൂട്ടമായും അനൗദ്യോഗിക ചര്‍ച്ചകളും നടത്തി. യോഗത്തില്‍ പങ്കെടുത്ത മുഴുവന്‍ കക്ഷിനേതാക്കളും ബി.ജെ.പിയെ പരാജയപ്പെടുത്തേണ്ടതിന്റെ ആവശ്യകതയിലൂന്നി സംസാരിച്ചു. അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ എതിരാളികള്‍ക്കെതുരെ ഉപയോഗിക്കുന്നതും സാമുദായിക ദ്രുവീകരണം ശക്തിപ്പെടുത്തുന്ന പ്രവണതകള്‍ വര്‍ധിച്ചതും റിസര്‍വ് ബാങ്ക് പോലുള്ള ഭരണഘടനാസ്ഥാപനങ്ങള്‍ക്കു മേലിലുള്ള അമിത ഇടപെടലുകളും നേതാക്കള്‍ സൂചിപ്പിച്ചു. വലിയ പാര്‍ട്ടികളാണ് തീരുമാനമെടുക്കേണ്ടതെന്നും ഞങ്ങള്‍ ചെറിയ പാര്‍ട്ടികള്‍ അപ്പോള്‍ കൂടെ നില്‍ക്കുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതേസമയം, പ്രതിപക്ഷനീക്കത്തെ പരിഹസിച്ച് ബി.ജെ.പി രംഗത്തുവന്നു. നിങ്ങളാദ്യം പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കൂവെന്നും ബി.ജെ.പി ജനറല്‍ സെക്രട്ടറി കൈലാശ് വിജയ്‌വാര്‍ഗിയ പറഞ്ഞു. ഞങ്ങള്‍ക്കു നരേന്ദ്രമോദിയുണ്ട്. ആരാണ് നിങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി?- അദ്ദേഹം ചോദിച്ചു.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.