
കള്ളപ്പണവും വ്യാജനോട്ടുകളും പിടികൂടാനാണ് നോട്ട്നിരോധനമെന്നായിരുന്നു 2016 നവംബര്‍ എട്ടിന് രാത്രി എട്ടുമണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. എന്നിട്ടെത്ര കള്ളനോട്ടുകള്‍ പിടികൂടി എന്നതിന് ഉത്തരം ലഭിക്കാന്‍ കാലം കുറേ കാത്തിരിക്കേണ്ടി വന്നു.
ആദ്യം മോദി 50 ദിവസം ചോദിച്ചു. 50 പോയിട്ട് 500 ദിവസം പിന്നിട്ടപ്പോഴും തീരാത്ത ദുരിതത്തിനൊടുവില്‍, ആര്.ബി.ഐ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് കണക്കുകള്‍ പ്രത്യക്ഷപ്പെട്ടത്. എല്ലാ കണക്കുകളും വന്നില്ലെങ്കിലും, നോട്ട് നിരോധനത്തിലൂടെ എത്ര കള്ളനോട്ടുകള്‍ പിടികൂടിയെന്ന കാര്യം പുറത്തുവന്നു. വെറും 58.3 കോടി രൂപയുടെ കള്ളനോട്ടുകളാണ് കണ്ടെത്താനായത്. നിരോധിച്ചത് 15.44 ലക്ഷം കോടി രൂപ!. അതായത്, നിരോധിച്ചതിന്റെ 0.0034 ശതമാനം മാത്രം.
നോട്ട് നിരോധനം ഇല്ലാതെത്തന്നെ ഇതിലധികം കള്ളനോട്ടുകള്‍ പിടിക്കപ്പെടുന്നുണ്ട്. പ്രതിവര്‍ഷം ശരാശരി 70 കോടി രൂപയെങ്കിലും ഇങ്ങനെ പിടിക്കുന്നുണ്ട്. ഇതു പാളിയപ്പോഴാണ് കള്ളനോട്ടിനു വേണ്ടിയല്ല, വേറെയും ലക്ഷ്യമുണ്ടെന്ന തലത്തിലേക്ക് മോദിയും ജയ്റ്റ്ലിയും കൂട്ടരും ദിശ മാറ്റിപ്പിടിച്ചത്.