2018 November 18 Sunday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

കേരളത്തിലും വെടിക്കെട്ട് കാണാന്‍ പാളത്തില്‍ കയറിനിന്നവര്‍ക്കു മേല്‍ ട്രെയിന്‍ പാഞ്ഞുകയറി; 1986 ല്‍ നടന്നത് അമൃത്‌സറിനു സമാനം

ദസറ ആഘോഷം നടക്കുന്നതിനിടെ പഞ്ചാബിലെ അമൃത്‌സറിലുണ്ടായ അപകടം 1986 ല്‍ തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിനു സമീപമുണ്ടായ അപകടത്തിനു സമാനം. ക്ഷേത്രത്തിലെ ഉല്‍സവത്തിന്റെ വെടിക്കെട്ടു കാണാന്‍ റെയില്‍വ്വേ ട്രാക്കില്‍ തടിച്ചുകൂടിയ ജനങ്ങള്‍ക്കു മേല്‍ തീവണ്ടി കയറി അന്ന് 27 പേര്‍ മരിച്ചിരുന്നു.

ഫെബ്രുവരി 28 വെള്ളിയാഴ്ച രാത്രിയായിരുന്നു ഈ ദുരന്തമുണ്ടായത്.

ഒരു മണിക്കൂറോളം നീളുന്ന ഗംഭീരമായ വെടിക്കെട്ടായിരുന്നു ക്ഷേത്രത്തില്‍ അരങ്ങേറിയിരുന്നത്. ക്ഷേത്രത്തിന്റെ തൊട്ടടുത്തായി ജഗന്നാഥ ടെമ്പിള്‍ ഗേറ്റ് സ്റ്റേഷന്‍ എന്ന ഒരു റെയില്‍വേ സ്റ്റേഷന്‍ നിലകൊള്ളുന്നുണ്ട്. സ്ഥലപരിമിതി മൂലം ജനങ്ങള്‍ വെടിക്കെട്ട് കാണാന്‍ ഈ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിലും റെയില്‍ പാളത്തിലും നില്‍ക്കാറുണ്ട്.

 

വെടിക്കെട്ട് നടന്നു കൊണ്ടിരിക്കെ ഡല്‍ഹിയില്‍ നിന്നുള്ള എക്‌സ്പ്രസ്സ് ട്രെയിന്‍ അതുവഴി കടന്നുവന്നു. വെടിക്കെട്ടിന്റെ ശബ്ദം കാരണം വണ്ടിയുടെ ചൂളം വിളിയോ ശബ്ദമോ ആരും കേട്ടില്ല. ചെറിയ വളവുള്ള ഭാഗമായതിനാല്‍ ദൂരെ നിന്നു ഡ്രൈവര്‍ക്ക് കാണാനും പറ്റിയില്ല. ആള്‍ക്കൂട്ടം ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടപ്പോഴേക്കും ബ്രേക്ക് ഇടാനുള്ള സമയവും ഇല്ലായിരുന്നു. ഞൊടിയിടക്കുള്ളില്‍ തീവണ്ടി ഓടിക്കയറി 27 പേര്‍ അവിടെ മരിച്ചു.

ഈ ദുരന്തത്തിനു സമാനമായി തന്നെയാണ് കഴിഞ്ഞദിവസം അമൃത്‌സറിലും അപകടമുണ്ടായത്. വെടിക്കെട്ട് കാണാന്‍ വേണ്ടി റെയില്‍വ്വേ ട്രാക്കില്‍ ആളുകള്‍ തടിച്ചുകൂടിയിരുന്നു. ഇതിനിടെ അതിവേഗത്തില്‍ വന്ന ട്രെയിന്‍ ആളുകളുടെ ശ്രദ്ധയില്‍പ്പെട്ടില്ല. ട്രെയിന്‍ കയറി 61 പേരാണ് മരിച്ചത്.


 

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.