2019 April 25 Thursday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

പരമ്പര പിടിക്കാനൊരുങ്ങി ഇന്ത്യ

ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ടി20 മത്സരം ഇന്ന് രാത്രി ഏഴ് മുതല്‍

 

ലഖ്‌നൗ: വെസ്റ്റ് ഇന്‍ഡീസിനെതിരേ ഏകദിന പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ ടി20 പരമ്പര ലക്ഷ്യംവച്ച് രോഹിതും സംഘവും ഇന്നിറങ്ങും. രാത്രി ഏഴിന് ലഖ്‌നൗവിലെ ഇക്കാന ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തിലാണ് മത്സരം.
നിലവിലെ ടി20 ചാംപ്യന്മാരോട് ആദ്യ മത്സരത്തില്‍ ഒന്ന് പതറിയെങ്കിലും ഇന്ന് രണ്ടാം മത്സരത്തിനിറങ്ങുമ്പോള്‍ രോഹിത്തിന്റെ കീഴിലിറങ്ങുന്ന ഇന്ത്യന്‍ പട വിജയത്തില്‍ കുറഞ്ഞതൊന്നും ചിന്തിക്കുന്നില്ല. ആദ്യ മത്സരത്തിലെ പോരായ്മകള്‍ പരിഹരിച്ചാവും ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. ബൗളിങ്‌നിര മികവു കാട്ടിയത് ഇന്ത്യക്ക് കൂടുതല്‍ പ്രതീക്ഷയേകുന്നുണ്ട്.
ബാറ്റിങ്‌നിര കൂടി മികച്ച പ്രകടനം പുറത്തെടുത്താല്‍ ഇന്നത്തെ മത്സരവും ഇന്ത്യക്ക് അനായാസം കൈപ്പിടിയിലൊതുക്കാനാവും. ടി20യില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള മോശം റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കാനൊരുങ്ങുകയാണ് ടീം ഇന്ത്യ. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട ഈഡന്‍ ഗാര്‍ഡനില്‍ വിന്‍ഡീസ് വെല്ലുവിളി മറികടന്ന് വിജയത്തോടെ തുടങ്ങാന്‍ ഇന്ത്യക്ക് കഴിഞ്ഞിരുന്നു. ബൗളര്‍മാര്‍ അവസരത്തിനൊത്ത് ഉയര്‍ന്നതോടെ ടി20 ചാംപ്യന്മാരെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ പരമ്പരയില്‍ 1-0ന്റെ ലീഡ് നേടിയത്.
ബൗളര്‍മാര്‍ അടക്കിവാണ കൊല്‍ക്കത്തിയിലെ ഈഡന്‍ ഗാര്‍ഡനില്‍ ടോസ് ലഭിച്ചതോടെ ക്യാപ്റ്റന്‍ രോഹിത്തിന് മറ്റൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. ബൗളിങ് തിരഞ്ഞെടുത്ത ക്യാപ്റ്റന്റെ തീരുമാനം ശരിവക്കുന്നതായിരുന്നു പിന്നീട് കണ്ടത്. മൂന്നാം ഓവറിലെ ആദ്യ പന്തില്‍ തന്നെ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ദിനേശ് രാംദിനെ ഉമേഷ് യാദവ് കാര്‍ത്തിക്കിന്റെ കൈകളിലെത്തിച്ചു. സ്പിന്‍ മാന്ത്രികന്‍ കുല്‍ദീപ് യാദവും ഖലീല്‍ അഹമ്മദും ക്രുണാല്‍ പാണ്ഡ്യയും മികച്ച പന്തുകളെറിഞ്ഞതോടെ വിന്‍ഡീസ് ബാറ്റിങ്‌നിര ഓരോരുത്തരായി പവലിയനിലേക്കെത്തി. വിന്‍ഡീസിന്റെ നട്ടെല്ലൊടിച്ചത് കുല്‍ദീപ് യാദവാണ്. നാല് ഓവറില്‍ 13 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് നിര്‍ണായക വിക്കറ്റുകളാണ് താരം പിഴുതത്. വിന്‍ഡീസ് മധ്യനിരയിലെ കരുത്തന്‍മാരായ ക്യാപ്റ്റന്‍ കാര്‍ലോസ് ബ്രാത്‌വെയ്റ്റ്, ഡാരന്‍ ബ്രാവോ, റോവ്മാന്‍ പവല്‍ എന്നിവരെയാണ് ക്രീസില്‍ നിലയുറപ്പിക്കും മുമ്പ് കുല്‍ദീപ് പവലിയനിലേക്ക് മടക്കിയത്.

അരങ്ങേറ്റ മത്സരത്തില്‍ തന്നെ മികച്ച പ്രകടനമാണ് ഖലീല്‍ അഹമ്മദും ക്രുനാല്‍ പാണ്ഡ്യയും കാഴ്ചവച്ചത്. ബൗളിങില്‍ നാല് ഓവറില്‍ 15 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് നേടിയ ക്രുണാല്‍ ബാറ്റിങില്‍ വെടിക്കെട്ട് ഇന്നിങ്‌സിലൂടെ ഇന്ത്യയുടെ സമ്മര്‍ദമില്ലാതാക്കി. അവസാന ഓവറുകളില്‍ പുറത്താവാതെ ഒന്‍പത് പന്തില്‍ മൂന്ന് ബൗണ്ടറിയുള്‍പ്പെടെ 21 റണ്‍സ് അടിച്ചുകൂട്ടിയാണ് ക്രുണാല്‍ അരങ്ങേറ്റത്തില്‍ തന്നെ ഹീറോയായത്. നാല് ഓവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ 16 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ ഖലീല്‍ അഹ്മദും അരങ്ങേറ്റം മോശമാക്കിയില്ല. ഒരു പക്ഷേ ടോസ് ലഭിച്ചപ്പോള്‍ ബൗളര്‍മാര്‍ക്കു മുന്‍തൂക്കമുണ്ടായിരുന്ന പിച്ചില്‍ ബാറ്റിങ് തിരഞ്ഞെടുത്തിരുന്നെങ്കില്‍ മത്സരം വിന്‍ഡീസിന്റെ വരുതിയിലാവുമായിരുന്നു. ചെറിയ ടീം ടോട്ടലാണ് വിന്‍ഡീസ് നല്‍കിയതെങ്കിലും അവ പിന്തുടരാന്‍ തന്നെ ഇന്ത്യക്ക് വിയര്‍പ്പൊഴുക്കേണ്ടിവന്നു. അവസരത്തിനൊത്തുയര്‍ന്ന വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തിക്കും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. ഇന്ന് നടക്കുന്ന മത്സരത്തില്‍ വിജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. മൂന്ന് മത്സരങ്ങളടങ്ങിയതാണ് പരമ്പര.
സാധ്യതാ ടീം ഇന്ത്യ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, കെ.എല്‍ രാഹുല്‍, ദിനേഷ് കാര്‍ത്തിക്(കീപ്പര്‍), മനീഷ് പാണ്ഡെ, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ക്രുണാല്‍ പാണ്ഡ്യ, കുല്‍ദീപ് യാദവ്, ഖലീല്‍ അഹമ്മദ്, ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്.
വെസ്റ്റ് ഇന്‍ഡീസ്: കാര്‍ലോസ് ബ്രാത് വെയ്റ്റ് (ക്യാപ്റ്റന്‍), ഡാരന്‍ ബ്രാവോ, ഷിംറോണ്‍ ഹെറ്റ്മയര്‍, ഷായ് ഹോപ്പ്, കീമോ പോള്‍, ഫാബിയന്‍ അലന്‍, കാറി പിയറി, കീറോണ്‍ പൊള്ളാര്‍ഡ്, റോവ്മാന്‍ പവല്‍, ദിനേശ് രാംദിന്‍(കീപ്പര്‍), ഒഷൈന്‍ തോമസ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.