2019 June 25 Tuesday
അന്യന്റെ ഭാരം ലഘൂകരിക്കുന്ന ആരും ലോകത്തിന് ഉപയോഗശൂന്യമല്ല. -ചാള്‍സ് ഡിക്കന്‍സ്‌

നവചരിത്രവാദവും ഹരിതനിരൂപണവും

ഇന്ത്യന്‍ ഇംഗ്ലീഷ് എന്ന ഭാഷാ വിഭാഗത്തെ അയിത്തത്തോടെ മാറ്റിനിര്‍ത്തിയ കാലം മാറിയെന്ന പ്രഖ്യാപനം കൂടിയാണ് ഈ വര്‍ഷത്തെ ജ്ഞാനപീഠ പുരസ്‌കാരം അമിതാവ് ഘോഷിന് നല്‍കിയതിലൂടെ സാധ്യമായിട്ടുള്ളത്. ഷോഷിന്റെ രചനകളെ കുറിച്ചും രചനാതന്ത്രത്തെ കുറിച്ചും വായിക്കാം

 

#ഡോ. ബി. ഇഫ്തിഖാര്‍ അഹമ്മദ്

 

ചരിത്രത്തെ പശ്ചാത്തലവല്‍ക്കരിച്ച് കഥ പറഞ്ഞ നിരവധി പേര്‍ ലോകസാഹിത്യത്തിന്റെ പല ഇടനാഴികളിലുമുണ്ട്. പക്ഷെ, പശ്ചാത്തലത്തില്‍ പ്രതിഷ്ഠിക്കപ്പെട്ട ചരിത്ര ഗതിവിഗതികളെക്കാള്‍, അതിന്റെ മുന്‍ധാരയില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട കഥാപാത്രങ്ങളെ കൂടുതല്‍ മിഴിവാര്‍ന്നതാക്കുന്ന രസതന്ത്രം പ്രയോഗിച്ചു വിജയിപ്പിച്ച ഏറെ പേരൊന്നും ആ ഇടനാഴിയില്‍ ഉതിര്‍ന്നുവീണ നിശ്വാസ വായുവിന്റെ ഉടമസ്ഥരായിട്ടില്ല. ആ രസതന്ത്രമാണ് അമിതാവ് ഘോഷിനെ സമകാലീന രചയിതാക്കളില്‍ പ്രസക്തനും അനിവാര്യനുമാക്കുന്നത്.

നവചരിത്രവാദം (New Historicism), ഹരിതനിരൂപണം (EcoCriticism) എന്നീ ആഗോള സാഹിത്യ സിദ്ധാന്തങ്ങളുടെ നേര്‍രേഖാ ചിത്രകാരനാണ് അമിതാവ് ഘോഷ്. ജ്ഞാനപീഠ പുരസ്‌കാരം ആംഗ്ലോ-ഇന്ത്യന്‍ എഴുത്തുകാരനായ അമിതാവ് ഘോഷിനെ കൂടുതല്‍ പ്രശസ്തമാക്കുന്നു എന്ന നിരീക്ഷണത്തെ മാറ്റിനിര്‍ത്തുക. പകരം, പ്രസ്തുത പുരസ്‌കാരം അദ്ദേഹത്തിനു ലഭിച്ചതിലൂടെ കൂടുതല്‍ തിളക്കമാര്‍ന്നതായി അതു മാറുന്നു എന്നു പറയുക. അതായിരിക്കും കൂടുതല്‍ നിഷ്പക്ഷമായ വിലയിരുത്തല്‍.

നവചരിത്രവാദം

ഘോഷിന്റെ നോവലുകളിലൊക്കെ ചരിത്രത്തെ തൂത്തുവാരിക്കൊണ്ട് വ്യക്തിശബ്ദങ്ങള്‍ സ്വതന്ത്രവിഹാരം നടത്തുന്നതായി കാണാം. പ്രസ്തുത ശബ്ദങ്ങള്‍, അതിസങ്കീര്‍ണമായ ജീവിത പരിസരങ്ങളെ, അതിന്റെ എല്ലാ ആഴങ്ങളെയും സ്പര്‍ശിച്ചുകൊണ്ടു തന്നെ നീങ്ങുന്നതായി വായനക്കാര്‍ക്ക് അനുഭവവേദ്യമാകുന്നു. ഉള്‍ക്കാഴ്ചകള്‍ മാത്രം സമ്മാനിക്കുന്ന കഥാപാത്രങ്ങളും അവരുടെ അന്തഃസംഘര്‍ഷങ്ങളും നമ്മെ വേട്ടയാടും. ചരിത്രത്തിന്റെ ദുര്‍ന്നടത്തങ്ങള്‍ മനുഷ്യരെ എത്തരുണത്തില്‍ സ്വാധീനിക്കുന്നവെന്നത് ഒളിഞ്ഞും തെളിഞ്ഞും ഘോഷ് അനാവരണം ചെയ്യുന്നുണ്ട്. അതു തന്നെയാണ് അദ്ദേഹത്തെ സമകാലീനരില്‍ വേറിട്ടുനിര്‍ത്തുന്ന പ്രധാന ഘടകവും.
പ്രദേശങ്ങളിലൂടെ മാത്രം സഞ്ചരിക്കുന്ന ഒന്നല്ല അദ്ദേഹത്തിന്റെ കഥാപരിസരങ്ങള്‍. മറിച്ച് അവയ്ക്കു സംസ്‌കാരങ്ങളിലൂടെയും അതിന്റെ ഊടുവഴികളിലൂടെയുമുള്ള യാത്രയ്ക്കിടയില്‍ ഒരുപാട് സ്വകാര്യങ്ങള്‍ പങ്കുവയ്ക്കാനുണ്ട്. നരവംശപഠനങ്ങളുടെ മൂന്നാമിടം കണ്ടെത്തുന്നതില്‍ അദ്ദേഹം ഏറെ വിജയിക്കുന്നുണ്ടെന്നു ചുരുക്കം. സാമൂഹ്യ, സാംസ്‌കാരിക പ്രതിനിധികളെ ഘോഷ് കവിതാസമാനമായ വാക്കുകള്‍ കൊണ്ട് വരച്ചുകാണിക്കുന്നു. ചരിത്രത്തെ എങ്ങനെയൊക്കെ ഭാവനയുടെ മേമ്പൊടി ചേര്‍ത്തു സാഹിത്യ-ആഖ്യാനവല്‍ക്കരിക്കാം എന്നതിലാണ് അദ്ദേഹത്തിന്റെ ദൗത്യം അധിഷ്ഠിതമായിരിക്കുന്നത്. പലപ്പോഴും ചരിത്രം പ്രതിനിധീകരിക്കുന്നത് അനാവശ്യമായ പരിഗണനകളെയാണെന്ന നവചരിത്രവാദ വ്യവഹാരങ്ങളെ അദ്ദേഹം തുറന്നെഴുതുന്നു, പൊളിച്ചടുക്കുന്നു.
ദേശീയതാ സങ്കല്‍പത്തെ ഒരുപാട് വിമര്‍ശിക്കുന്നുണ്ട് ഘോഷിന്റെ രചനകള്‍. അതിനായി അദ്ദേഹം നിര്‍മിച്ചെടുക്കുന്ന കഥാപാത്രങ്ങള്‍ ചരിത്രപരതയെന്ന കുമിളകളെ കുത്തിപ്പൊട്ടിക്കുന്നു. പ്രസ്തുത കുമിളകള്‍ പൊട്ടിക്കഴിയുമ്പോള്‍ അതില്‍നിന്നു പുറത്തുവരുന്നത് ഇന്ത്യന്‍ യാഥാര്‍ഥ്യമെന്ന അപ്രിയസത്യങ്ങളാണ്. കോളനിവല്‍ക്കരണാനന്തര ഇന്ത്യ മാത്രമല്ല അദ്ദേഹത്തിന്റെ വിഷയം. മറിച്ച്, അതിനോട് താദാത്മ്യം പ്രാപിക്കുന്ന ഏതൊരു ഭൂപ്രദേശവും കൂടിയാണ്. അത്തരം പ്രദേശങ്ങളിലെ സാമൂഹികവും സംസ്‌കാരികവും താത്വികവുമായ വ്യഥകളെ പുതുമയോടെ, എന്നാല്‍ ഒട്ടും പ്രസക്തി നഷ്ടപ്പെടാത്ത രീതിയില്‍ തന്നെ അദ്ദേഹം പ്രശ്‌നവല്‍ക്കരിക്കുന്നു.
ബെനഡിക്ട് ആന്‍ഡേഴ്‌സന്‍ അഭിപ്രായപ്പെടുന്നതുപോലെ ദേശീയതാ സങ്കല്‍പ്പത്തിനു സങ്കല്‍പ സമൂഹത്തിന്റെ നിലവാരം മാത്രമേയുള്ളൂ എന്നു പറയാന്‍ ഘോഷ് ഒരിക്കലും മടിക്കുന്നില്ല. അതില്‍ കോളനിവല്‍ക്കരണശ്രമങ്ങളുടെ ഒഴിവുകഴിവുകളും കോളനിവല്‍ക്കരണാനന്തര സമൂഹങ്ങളില്‍ നടമാടുന്ന അതിന്റെ ആഘോഷങ്ങളും നേര്‍ചിത്രങ്ങളായി പ്രത്യക്ഷപ്പെടുന്നു. 2011ല്‍ പ്രസിദ്ധീകൃതമായ ‘റിവര്‍ ഓഫ് സ്‌മോക് ‘ എന്ന നോവലില്‍ ഈ ചിത്രങ്ങള്‍ മിഴിവോടെ പ്രത്യക്ഷപ്പെടുന്നുണ്ട്.
നാം അഭിമുഖീകരിക്കുന്ന രാഷ്ട്രീയ പ്രതിസന്ധികളെയും ഒട്ടുമിക്ക നോവലുകളിലൂടെയും അദ്ദേഹം വിമര്‍ശനവിധേയമാക്കുന്നുണ്ട്. ‘ദ ഗ്ലാസ് പാലസ് ‘ അതിന്റെ ഉത്തമ ഉദാഹരണങ്ങളില്‍ ഒന്നാണ്. അരികുവല്‍ക്കരിക്കപ്പെട്ട മനുഷ്യജീവിതങ്ങളുടെ പ്രായോഗിക പ്രശ്‌നങ്ങള്‍ വെളിവാക്കുന്നതിനായി സൃഷ്ടിക്കപ്പെട്ട നിരവധി കഥാപാത്രങ്ങളെ കൊണ്ടു സമ്പന്നമാണു പല പേജുകളും.
‘ദ ഷാഡോ ലൈന്‍സ് ‘ എന്ന നോവലാണ് അദ്ദേഹത്തിന്റെ ഇന്ത്യന്‍ വായനക്കാര്‍ ഏറ്റവും കൂടുതല്‍ വായിച്ചിരിക്കുക. അതിനൊരു പ്രധാന കാരണം ആ നോവലാണ് ഇന്ത്യയിലെ ഒട്ടുമിക്ക സര്‍വകലാശാലകളുടെയും സാഹിത്യ സിലബസുകളില്‍ ഇടംനേടിയിട്ടുള്ളത് എന്നതാണ്. പരമ്പരാഗത മാര്‍ക്‌സിസ്റ്റ് വിമര്‍ശന ഉപായങ്ങളെ മാത്രം നിരൂപണങ്ങളില്‍ ഉള്‍ച്ചേര്‍ത്തുനിര്‍ത്താന്‍ ശ്രമിക്കുന്ന അക്കാദമിക്കുകളുടെ പരിമിതികള്‍ ഈ നോവലിനെ അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസ് എന്ന മട്ടില്‍ പ്രതിഷ്ഠിച്ചിട്ടുണ്ട്. സ്വത്വം, ദേശീയത, മിത്തുകളിലെ സാംസ്‌കാരിക പ്രാതിനിധ്യം എന്നിവയൊക്കെക്കൊണ്ട് സമ്പന്നമായൊരു നോവലാണ് ‘ദ ഷാഡോ ലൈന്‍സ് ‘ എങ്കിലും, അദ്ദേഹത്തിന്റെ ചരിത്ര പരിസരങ്ങളുടെ സാന്ദര്‍ഭികതയും സാന്ദര്‍ഭികതയുടെ ചരിത്രപരതയും (historicizing the context and contextualizing the history) മറ്റു നോവലുകളിലും ലേഖനങ്ങളിലുമാണു കൂടുതല്‍ മുഴച്ചുനില്‍ക്കുന്നത്. സ്റ്റീഫന്‍ ഗ്രീന്‍ബ്ലാറ്റ് പുറത്തെടുത്ത നവചരിത്രവാദത്തെ, നോവലെന്ന സാഹിത്യരൂപത്തിലൂടെ പറഞ്ഞു വിജയിപ്പിച്ച സമകാലീന എഴുത്തുകാര്‍ അമിതാവ് ഘോഷിന്റെ പിറകില്‍ നില്‍ക്കാന്‍ മാത്രം യോഗ്യത നേടിയവരാണ്.

ഹരിതനിരൂപണം

പ്രകൃതി, അതിന്റെ മുഴുവന്‍ ഹരിതാഭയോടും കൂടി, മിത്തുകളെയും ഐതിഹാസികതയെയും അനുഭവങ്ങളെയും കൂട്ടിക്കുഴച്ചുകൊണ്ടാണു മനുഷ്യനെ അതിന്റെ ഭാഗമായി ജീവിക്കാന്‍ അനുവദിക്കുന്നത് എന്നതാണ് ഹരിതനിരൂപണത്തിന്റെ അടിസ്ഥാന സിദ്ധാന്തം. മനുഷ്യനുള്‍പ്പെടുന്ന ഏതൊരു ജൈവികജന്തുവിനും ബോധപൂര്‍വമായ രീതിയില്‍ ആ പ്രകൃതിയെ കൂടെനിര്‍ത്താതെ മാര്‍ഗമില്ല. കൃഷി പോലും ആ പ്രകൃതിയെ ചൂഷണവിധേയമാക്കുന്നതിന്റെ അടയാളപ്പെടുത്തലാണ്. അതുകൊണ്ടുതന്നെ ഏതൊരു പ്രകൃതിദുരന്തവും പൂര്‍ണമായും മനുഷ്യനിര്‍മിതമാണെന്നര്‍ഥം.
വില്യം റൂകേര്‍ട്ടിലൂടെയാണ് എഴുപതുകളുടെ അവസാനത്തില്‍ ഇക്കോ-ക്രിറ്റിസിസം എന്ന വാക്കിനെ ലോകം പരിചയപ്പെട്ടത്. സാഹിത്യത്തിലെ പ്രകൃതി പ്രതിനിധാനവും സാഹിത്യവും പ്രകൃതിയും തമ്മിലുള്ള പരസ്പര ബന്ധവുമാണ് ഈ വ്യവഹാര പരിസരങ്ങളില്‍ മുഴച്ചുനില്‍ക്കുക. തൊണ്ണൂറുകളിലാണ് ഇത്തരം വായനകളെ നാം പ്രശ്‌നവല്‍ക്കരിച്ചു മുന്‍പോട്ടെടുത്തുവച്ചത്.
2004ല്‍ പ്രസിദ്ധീകൃതമായ ‘ദ ഹംഗ്രി ടൈഡി’ലാണ് ഘോഷ് ഹരിതനിരൂപണത്തിന്റെ ഏറ്റവും പ്രകടമായ വായന സാധ്യമാക്കുന്നത്. വാക്കുകള്‍, പശ്ചാത്തലം, കഥ പറയാന്‍ പരിചയപ്പെടുത്തുന്ന പ്രദേശങ്ങള്‍ എന്നിങ്ങനെ ഒന്നിലൊന്നായി ഹരിത നിരൂപണ ആവശ്യകത ഈ നോവല്‍ വായനക്കാരനെ നിരന്തരം ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കും. അത്തരമൊരു തികട്ടലില്ലാതെ ഈ നോവല്‍ വായിച്ചുതീര്‍ക്കാനാവില്ല. മനുഷ്യനും അവന്റെ ഭൗതിക പരിസ്ഥിതിയും തമ്മിലുള്ള പാരസ്പര്യത്തെ ഘോഷിന്റെ നോവലുകള്‍ പൊതുവായും, ഈ നോവല്‍ പ്രത്യേകിച്ചും, ആഘോഷിക്കുന്നു. അതിന്റെ രാഷ്ട്രീയം ബിംബകല്‍പനകളിലൂടെയും അല്ലാതെയും പ്രകടമായും രഹസ്യമായും വായനക്കാരനെ അലോസരപ്പെടുത്തിക്കൊണ്ടിരിക്കും. ഗംഗാനദീതടത്തിന്റെ ഭാഗമായ സുന്ദര്‍ബെന്‍ എന്ന ദേശത്തില്‍ എത്തിച്ചേരുന്ന ഇന്തോ-അമേരിക്കന്‍ വംശജയായ പിയാ റോയ് എന്ന മറൈന്‍ ബയോളജിസ്റ്റിലൂടെയാണ് പ്രസ്തുത നോവല്‍ വികസിക്കുന്നത്. മനുഷ്യ ചരിത്രത്തിനു പ്രകൃതി ചരിത്രത്തെ അടര്‍ത്തിമാറ്റിക്കൊണ്ടുള്ള ഒരു നിലനില്‍പ്പ് സാധ്യമല്ല എന്ന് ഉറക്കെ വിളിച്ചുപറയുന്നതാണ് ഈ കൃതി.
പ്രണയവും ചരിത്രവും സ്വത്വവും സാഹസികതയുമൊക്കെ ചേര്‍ത്തുവച്ചു നെയ്‌തെടുത്ത പുതിയ കാലത്തിന്റെ കഥ പറയുന്ന ഏതവസരത്തിലും, ഘോഷ് വിടാതെ മുറുകെപ്പിടിക്കുന്ന നൂലുകളിലൊന്ന് സ്ഥലം അല്ലെങ്കില്‍ സ്ഥൂല പരിസരത്തിന്റെ നിയന്ത്രണശക്തിയാണ്. കണ്ടല്‍ച്ചെടികളെക്കുറിച്ച് എന്നല്ല, ഒരു കഷണം പലകയെക്കുറിച്ചുള്ള പരാമര്‍ശങ്ങളില്‍ പോലും ആ സൂക്ഷ്മത വായനക്കാരന്‍ തിരിച്ചറിയുന്നു.
ഇന്ത്യന്‍ ഇംഗ്ലീഷ് എന്ന ഭാഷാ വിഭാഗത്തെ അയിത്തത്തോടെ മാറ്റിനിര്‍ത്തിയ കാലം മാറിയെന്ന പ്രഖ്യാപനം കൂടിയാണ് ഈ വര്‍ഷത്തെ ജ്ഞാനപീഠ പുരസ്‌കാരം അമിതാവ് ഘോഷിന് നല്‍കിയതിലൂടെ സാധ്യമായിട്ടുള്ളത്. ക്ലാസ് മുറികളില്‍നിന്നു വിടുതല്‍ നേടി ജനപക്ഷ വായനയ്ക്ക് ഈ പുരസ്‌കാരം ഘോഷിന്റെ കൃതികളെ സഹായിക്കുമെന്നു പ്രതീക്ഷിക്കാം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.