2019 June 20 Thursday
കുറഞ്ഞ ഗുണത്തിനു നന്ദി ചെയ്യാത്തവന്‍ അധിക ഗുണങ്ങള്‍ക്കും നന്ദി ചെയ്യുകയില്ല. ജനങ്ങളോട് നന്ദി ചെയ്യാത്തവര്‍ക്ക് അല്ലാഹുവിനോടും നന്ദിയുണ്ടാവുകയില്ല -മുഹമ്മദ് നബി(സ)

മാപ്പിളപ്പാട്ടിലെ അറബി വൃത്തങ്ങള്‍: ഒരു വിയോജനക്കുറിപ്പ്

#ഹസന്‍ നെടിയനാട്

മാപ്പിളപ്പാട്ടുമായി ബന്ധപ്പെട്ട് ഒട്ടധികം കനപ്പെട്ട പുസ്തകങ്ങള്‍ എഴുതിയ എഴുത്തുകാരനും ഗവേഷകനുമായ ബാലകൃഷ്ണന്‍ വള്ളിക്കുന്ന് മാഷ് ‘ഗാനവഴക്കങ്ങളുടെ അറേബ്യന്‍ വേരുകള്‍’ എന്ന പേരിലെഴുതിയ ഒരു കുറിപ്പ് കാണാനിടയായി. അതില്‍ അറബിയില്‍നിന്ന് മാപ്പിളപ്പാട്ടില്‍ വന്ന ചില ഇശലുകളെക്കുറിച്ച് എഴുതിയിടത്ത് അദ്ദേഹത്തിനു പറ്റിയ വലിയ പിഴവുകളെ ചൂണ്ടിക്കാണിക്കാനാണ് ഞാനിവിടെ തുനിയുന്നത്.
കോഴിക്കോട് വചനം ബുക്‌സ് പ്രസിദ്ധീകരിച്ച ‘മാപ്പിളപ്പാട്ടിന്റെ വേരുകള്‍ തേടി’ എന്ന പുസ്തകത്തില്‍ ഞാനെഴുതിയ ‘ഇശലുകളുടെ പഠനം’ എന്ന ലേഖനത്തില്‍ അറബിക്കവിതയില്‍നിന്ന് മാപ്പിളപ്പാട്ടിലെത്തിയ ചില വൃത്തങ്ങളെ പരിചയപ്പെടുത്തിയിരുന്നു. അതില്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റാണെന്നു ചൂണ്ടിക്കാട്ടി അവയെ ഖണ്ഡിച്ചുകൊണ്ടാണ് വള്ളിക്കുന്ന് ലേഖനം തയാറാക്കിയത്. അതുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ എന്റെ വിശദീകരണം ആവശ്യമായി വന്നിരിക്കുകയാണ്.
ബാലകൃഷ്ണന്‍ മാസ്റ്റര്‍ക്ക് അറബി അറിയില്ലെന്നതു കൊണ്ടു തന്നെ അദ്ദേഹം ലേഖനമെഴുതാന്‍ അവലംബിച്ചത് ‘എന്‍സൈക്ലോപീഡിയ ഓഫ് ഇസ്‌ലാമി(വാള്യം ഒന്ന്, പേജ് 670)’ന്റെ ലിപ്യന്തരമാണ്. അതില്‍ അറബി വൃത്തങ്ങളെ പരിചയപ്പെടുത്തിയതില്‍ ഭീമമായ പിഴവുകളുള്ളതായി അതു പരിശോധിച്ചതില്‍നിന്ന് എനിക്കു മനസിലായി. ഞാന്‍ അറബി ബഹറുകള്‍ പരിശോധിക്കാന്‍ ഉപയോഗിച്ചത് അബൂ അബ്ദുറഹ്മാനുല്‍ ഖലീല്‍ എഴുതിയ ‘ഇല്‍മുല്‍ അറൂള് ‘ എന്ന അറബിവൃത്ത ഗ്രന്ഥമാണ്. ഈ ഗ്രന്ഥത്തില്‍ പറയുന്നതുപ്രകാരമല്ല ബാലകൃഷ്ണന്‍ മാസ്റ്റര്‍ അറബിവൃത്തങ്ങളെ പരിചയപ്പെടുത്തുന്നത്. ചില ഉദാഹരണങ്ങളിലൂടെ നമുക്കതു മനസിലാക്കാം.
പല വൃത്തനാമങ്ങളും തെറ്റായാണ് അദ്ദേഹം എഴുതുന്നത്. ബസീത്വ് എന്നതിന് ബാസിത് എന്നും, മുജ്തസ്സിന് പകരം മുജ്താത് എന്നുമാണ് അദ്ദേഹം എഴുതിയത്. അദ്ദേഹത്തിന്റെ ലേഖനത്തില്‍ വന്ന എല്ലാ തെറ്റുകളും ചൂണ്ടിക്കാണിക്കാന്‍ സ്ഥലപരിമിതി അനുവദിക്കാത്തതിനാല്‍ രണ്ടു വൃത്തങ്ങള്‍ മാത്രമാണ് ഇവിടെ ചൂണ്ടിക്കാണിക്കുന്നത്.

1. റംല് വൃത്തം:
ബാലകൃഷ്ണന്‍ മാസ്റ്റര്‍ എഴുതിയതിന്റെ രൂപം:
ഇല-തുന്‍-ഫാഇലത്തുന്‍-ഫാ-ഇലതുന്‍-ഫാ എന്നാണ്.
എന്നാല്‍ ഖലീലിന്റെ അറൂളില്‍ ഇത് ഇങ്ങനെയാണ്:
ഫാഇലാത്തുന്‍/ഫാഇലാത്തുന്‍/ഫാഇലാത്തുന്‍/ഫാഇലുന്‍
വള്ളിക്കുന്ന് പരിചയപ്പെടുത്തിയ വൃത്തവുമായി താളത്തിലും അക്ഷരഘടനയിലും തികച്ചും വ്യത്യസ്ത രൂപമാണ് അറബി വൃത്തശാസ്ത്രത്തിലുള്ളത്.
ലാതകുന്‍ ഫീ/അയ്യി വക്തിന്‍/കാദിബന്‍ ബല്‍/സാദിഖാ
എന്നത് റംല് വൃത്തത്തില്‍ വന്ന പദ്യമാണ്. ഇതേരൂപത്തില്‍ മാപ്പിളപ്പാട്ടില്‍ വന്ന ഇശലാണ് ‘ആദി അന്തം’. മോയിന്‍കുട്ടി വൈദ്യര്‍ ബദറുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാലില്‍ എഴുതിയ
എത്തമപ്പരി/ശൊത്തെബാലനില്‍/പത്തിനിഹുസ/നുല്‍ജമാല്‍
എന്ന പാട്ടാണ് ഞാന്‍ പരിചയപ്പെടുത്തിയത്. ഇതു തെറ്റാണെന്നാണ് വള്ളിക്കുന്നിന്റെ കണ്ടെത്തല്‍. യഥാര്‍ഥത്തില്‍ റംല് വൃത്തത്തിന്റെ ‘വസ്‌ന് ‘ തെറ്റായി മനസിലാക്കിയതിനാലാണ് അദ്ദേഹത്തിന് ഈ പിഴവ് സംഭവിച്ചത്.

2. കാമില്‍ വൃത്തം:
അറബിവൃത്തത്തിലെ കാമിലിന്റെ രൂപം
മുതഫാഇലുന്‍/മുതഫാഇലുന്‍/മുതഫാഇലുന്‍ എന്നാണ്. ബാലകൃഷ്ണന്‍ മാസ്റ്റര്‍ കണ്ടെത്തിയ രൂപം
ഇലുന്‍/മുതഫാഇലുന്‍/മുതഫാ എന്നാണ്. അറബിക്കവിതയില്‍ ഇങ്ങനെ കാമിലിന്റെ രൂപം കാണാനില്ല. പുലിക്കോട്ടില്‍ ഹൈദര്‍ എഴുതിയ ‘ബൈത്തിന്റെ രീതിയില്‍ എങ്കളെന്നിലയച്ചെ’ എന്ന പാട്ട്, തഴവാ മുഹമ്മദ് കുഞ്ഞി മൗലവിയുടെ പ്രശസ്ത കൃതിയിലെ പാട്ടുകള്‍ എന്നിവയെല്ലാം കാമില്‍ വൃത്തത്തിലുള്ളവയാണ്.
മാപ്പിളപ്പാട്ടില്‍ ഇശല്‍ബൈത്ത് എന്ന പേര് നല്‍കാന്‍ കാരണം തന്നെ ഇത് അറബി ബൈത്തില്‍നിന്നു വന്നു എന്നുദ്ദേശിച്ചാണ്. അറബിവൃത്തത്തില്‍ വന്ന രൂപത്തിലാണ് ഈ പാട്ടിനെ നമുക്കു വിഭജിക്കാനും കഴിയുകയുള്ളൂ. ഇതുപോലെത്തന്നെ ഞാനെഴുതിയ റജ്‌സ്, ഹസ്ജ്, മുതദാറക് എന്നീ വൃത്തങ്ങളെപ്പറ്റി അദ്ദേഹം പറയുന്നതും തെറ്റാണ്. അറബിവൃത്തങ്ങളെ പരിചയപ്പെടാനുപയോഗിച്ച പുസ്തകത്തില്‍നിന്നാണ് അദ്ദേഹത്തിന് പിഴവുപറ്റിയതെന്നാണ് ഞാന്‍ കരുതുന്നത്. ഇക്കാര്യം അദ്ദേഹം തിരുത്തുമെന്നു പ്രതീക്ഷിക്കുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.