2019 May 27 Monday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ് -ജെ.കെ റൗളിങ്‌

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പ്രളയ ദുരിതാശ്വാസം അര്‍ഹരായവര്‍ക്ക് ഉടനെയെത്തണം: ഹൈദരലി തങ്ങള്‍

സമസ്ത പ്രളയക്കെടുതി പുനരധിവാസ ഫണ്ട് വിതരണോദ്ഘാടനം നിര്‍വഹിച്ചു

 

കോഴിക്കോട്: പ്രളയ ദുരിതാശ്വാസമായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച സഹായങ്ങള്‍ അര്‍ഹരായവരുടെ കൈകളില്‍ ഉടനെ എത്തേണ്ടതുണ്ടെന്നും അതിനുള്ള നടപടികള്‍ ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്ന് അഭ്യര്‍ഥിക്കുന്നതായും സമസ്ത ഉപാധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. പ്രളയക്കെടുതിയെ തുടര്‍ന്ന് സമസ്ത പുനരധിവാസ പദ്ധതിയുടെ ഫണ്ട് വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഹൈദരലി തങ്ങള്‍. ദുരന്തമുഖത്ത് ഒറ്റക്കെട്ടായി കൈകോര്‍ക്കാനും പരസ്പരം സഹായിക്കാനുമുള്ള കേരളീയ മനസ് ലോകത്തിന് മാതൃകയാണ്.

പ്രളയത്തിലും ഉരുള്‍പൊട്ടലിലും പെട്ട് കേരളം നടുങ്ങിയപ്പോള്‍ നാം ഒന്നിച്ചു നിന്നു. കക്ഷി രാഷ്ട്രീയ ഭേദമന്യേ നമ്മുടെ നാടിന് വേണ്ടി നാം യത്‌നിച്ചു. പുറംനാട്ടുകാരും നമ്മെ വേണ്ടുവോളം സഹായിച്ചു. എല്ലാവരോടും നന്ദി അറിയിക്കുകയാണെന്നും തങ്ങള്‍ പറഞ്ഞു. ദുരന്തത്തിനിരയായവരെ സഹായിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഉണ്ടാക്കിയ മുഴുവന്‍ സംവിധാനങ്ങളെയും സമസ്ത അകമഴിഞ്ഞ് പിന്തുണച്ചിട്ടുണ്ട്. ദുരിതാശ്വാസ പദ്ധതിയോട് സഹകരിച്ചവര്‍ക്കെല്ലാം സര്‍വശക്തന്‍ അര്‍ഹമായ പ്രതിഫലം നല്‍കട്ടെയെന്നും തങ്ങള്‍ പറഞ്ഞു.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്്‌രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനായി. പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍, പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍, പി.പി ഉമര്‍ മുസ്‌ലിയാര്‍ കൊയ്യോട്, കെ.ഉമര്‍ഫൈസി മുക്കം, കെ.ടി ഹംസ മുസ്‌ലിയാര്‍, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, ഇ.മൊയ്തീന്‍ ഫൈസി പുത്തനഴി, പിണങ്ങോട് അബൂബക്കര്‍, എം.സി മായിന്‍ ഹാജി, മാന്നാര്‍ ഇസ്മായില്‍ കുഞ്ഞുഹാജി, സത്താര്‍ പന്തല്ലൂര്‍, കാളാവ് സൈതലവി മുസ്‌ലിയാര്‍, പാലത്തായി മൊയ്തുഹാജി, എസ്.കെ ഹംസ ഹാജി, പി.കെ മുഹമ്മദ് ഹാജി, എം.എം. മൊയ്തീന്‍ മുസ്‌ലിയാര്‍ പ്രസംഗിച്ചു. സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് ജന. സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ സ്വാഗതവും മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News