2019 May 20 Monday
രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെയും പ്രധാനമന്ത്രിമാരുടെയും കളിപ്പാവകളായി മാറുന്നവരെയല്ല നിയമിക്കേണ്ടത്. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും -യേശു

അനുരാഗത്തിന്റെ അതുല്യ ലയങ്ങളില്‍

തൂ കുജാ മന്‍ കുജാ
അങ്ങെവിടെയാണ് ഞാനെവിടെയാണ്

 

രചന: മുസഫര്‍ വാര്‍സി

പ്രസിദ്ധ പാകിസ്താനി കവിയും പണ്ഡിതനുമായിരുന്നു മുസഫര്‍ വാര്‍സി. മീററ്റില്‍ ജനിച്ചു വളര്‍ന്ന് വിഭജനാനന്തരം പാകിസ്താനിലേക്ക് പോയ വാര്‍സി നിരവധി നഅതുകളും ഗസലുകളും സൂഫിയാന കലാമുകളും രചിച്ചിട്ടുണ്ട്. അബുല്‍ കലാം ആസാദ്, അല്ലാമാ ഇഖ്ബാല്‍, ഹസ്രത് മൊഹാനി എന്നിവരുടെ സുഹൃത്തായിരുന്നു.
അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധവും ജനകീയവുമായ രചനകളില്‍ ഒന്നാണ് നുസ്രത് ഫത്തേഹ് അലി ഖാന്‍ പാടി അനശ്വരമാക്കിയ ‘തൂ കുജാ മന്‍ കുജാ’. പ്രവാചകാനുരാഗം വശ്യമോഹനമായി നിറഞ്ഞൊഴുകുന്ന ഈ പ്രകീര്‍ത്തനം നിരവധി ഗായകര്‍ പലവിധത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഏറ്റവും പഴയ ഭാഷ്യമാണ് ഈ മൊഴിമാറ്റത്തിന് അവലംബിച്ചിട്ടുള്ളത്. തൂ കുജാ മന്‍ കുജാ എന്നത് ഫാര്‍സി ഭാഷയിലും ബാക്കി വരികളെല്ലാം ഉര്‍ദുവിലുമാണ് ഇതിലുള്ളത്. ‘തൂ കുജാ മന്‍ കുജാ’ എന്നതിന് ‘അങ്ങെവിടെയാണ്, ഞാനെവിടെയാണ്’ എന്നാണ് വാക്കര്‍ഥമെങ്കിലും, അങ്ങയുടെ ഉല്‍കൃഷ്ടമായ പദവികളും നിലയുമെവിടെ, എന്റെ പതിതാവസ്ഥയെവിടെ എന്ന തരത്തില്‍, താരതമ്യം പോലും അസാധ്യമായ ഉയരത്തില്‍ റസൂലിനെ കാണുന്ന വിശാലമായ അര്‍ഥതലം അതിനുണ്ട്. ഒരേസമയം റസൂലില്‍ നിന്ന് അത്രയേറെ അകലെയായിരിക്കുമ്പോഴും ദീപ്തമായ അനുരാഗവിവശതയില്‍ ഏറ്റവും അടുത്ത് ഹൃദയത്തില്‍ കുടിയിരുത്തുന്ന അനുഭൂതി കൂടി നമുക്കിവിടെ കാണാനാവുന്നു.

ദൈവശാസ്ത്രപരമ്പര്യങ്ങളില്‍, സമ്പ്രദായികമായ അര്‍ഥത്തില്‍, പ്രവാചകനെ അഭിസംബോധന ചെയ്യുമ്പോള്‍ ‘നീ’ എന്ന് ഉപയോഗിക്കാവതല്ലെങ്കിലും തീവ്രാനുരാഗത്തിന്റെ ലയസന്ധികളില്‍, അടുപ്പത്തിന്റെ ഗൂഢമായ ആയിത്തീരലുകളില്‍ സൂഫികള്‍ അങ്ങനെ ചെയ്തിട്ടുണ്ട്, പ്രത്യേകിച്ചും കവിതയുടെയും അനുരാഗത്തിന്റെയും വിശാലപാരമ്യങ്ങളില്‍. അല്ലാഹു പൊറുക്കട്ടെ. പ്രവാചകനില്‍ എന്നുമെന്നും അനുഗ്രഹങ്ങള്‍ വര്‍ഷിക്കട്ടെ.

അങ്ങെവിടെയാണ്, ഞാനെവിടെയാണ്..
അങ്ങെവിടെയാണ്, ഞാനെവിടെയാണ്..

നീ ഹറമിന്റെ നായകന്‍, ഞാനൊരു പരദേശിഫകീര്‍
നിന്റെ വിശുദ്ധസ്തുതികളും എന്റെയധരങ്ങളും
ഒരിക്കലും വേര്‍പിരിയില്ല.
ഞാനലയുന്നത് നിന്നിലേക്ക്, നിന്നോടൊപ്പമാകാന്‍
നീയാണ് ദാതാവ്..
അങ്ങെവിടെയാണ്, ഞാനെവിടെയാണ്..

നീ വെളിപാടിന്റെ വസ്ത്രമണിഞ്ഞവന്‍
ഖുര്‍ആനിലാല്‍ തലപ്പാവണിഞ്ഞവന്‍
സ്വര്‍ലോകങ്ങളിലെ സിംഹാസനം നിന്റെ ഇരിപ്പിടം
സമസ്ത ലോകങ്ങള്‍ക്കും കാരുണ്യമായവനേ..
അങ്ങെവിടെയാണ്, ഞാനെവിടെയാണ്..

നീ യാഥാര്‍ഥ്യം, ഞാന്‍ വെറുമൊരു തോന്നല്‍
നീ കടല്‍, ഞാനുഴറിയലയും ദാഹം
എന്റെ വീടീ മണ്ണില്‍, നിന്റെ വഴിപോലും
സിദ്‌റതുല്‍ മുന്‍തഹാക്കുമപ്പുറം
അങ്ങെവിടെയാണ്, ഞാനെവിടെയാണ്..

നിന്റെ പരിമളം കരുണയുടെ ഉറവ്
നിന്റെ കണ്ണുകള്‍ ഹറമിന്റെ കവാടങ്ങള്‍
നിന്റെ നെറ്റിത്തടം വെളിച്ചങ്ങളുടെ തിളക്കം
സമസ്ത ലോകങ്ങള്‍ക്കും കാരുണ്യമായവനേ..
അങ്ങെവിടെയാണ്, ഞാനെവിടെയാണ്..

എന്റെ ഓരോ ശ്വാസത്തിലും ചോരയൂര്‍ന്നു പോകുന്നു
നിന്റെ കരുണയെന്റെ ഹൃദയം തകരാതെ കാക്കുന്നു
ഞാനൊരു ചെറുചഷകം, നീ പാരാവാരം
നീ ഐശ്വര്യവാന്‍, ഞാനൊരഗതി.
അങ്ങെവിടെയാണ്, ഞാനെവിടെയാണ്..

നിന്റെ പദവി മനുഷ്യകുലത്തിലേറ്റവും ശ്രേഷ്ഠന്‍ എന്ന്
നിന്റെ ഭാഷണം നേരിന്റെ ശബ്ദം
ആകാശങ്ങള്‍ നിന്നെ കേള്‍ക്കാനിരിക്കുന്നു
ജിബ്‌രീല്‍ നിന്റെ കുതിരയെ തെളിക്കുന്നു
സമസ്ത ലോകങ്ങള്‍ക്കും കാരുണ്യമായവനേ..
അങ്ങെവിടെയാണ്, ഞാനെവിടെയാണ്..

നിന്നോടുള്ള പ്രണയമാണ് വിശ്വാസം
നിന്നില്‍ നിന്നുള്ള പരിമളമാണ് വിവേകം
നിന്റെ പ്രകൃതങ്ങളുടെ വ്യാഖ്യാനം
എന്നും ഖുര്‍ആന്‍ തന്നെ
അങ്ങെവിടെയാണ്, ഞാനെവിടെയാണ്..
ദീനും ദുനിയാവും നിന്നില്‍നിന്നു ഞാന്‍ നേടും
സമസ്ത ലോകങ്ങള്‍ക്കും കാരുണ്യമായവനേ..
അങ്ങെവിടെയാണ്, ഞാനെവിടെയാണ്..

ശുഭ്രവേഷങ്ങളില്‍ വിഭൂഷിതന്‍ നീ
ആശീര്‍വാദങ്ങളുടെ ഒരു മേലാപ്പുമായി വരുന്നു ഞാന്‍
നീ കഅ്ബയുടെ പ്രണയം
ഞാനെന്നും നിന്റെ ചുറ്റും
ഞാന്‍ പ്രാര്‍ത്ഥന, നീയുത്തരം
അങ്ങെവിടെയാണ്, ഞാനെവിടെയാണ്..

നിന്നെ തേടി അലയുകയാണ്
വഴിതെറ്റിയവരുടെ ആള്‍ക്കൂട്ടങ്ങള്‍
നീയല്ലാതാരുമില്ലവര്‍ക്ക്
സമസ്ത ലോകങ്ങള്‍ക്കും കാരുണ്യമായവനേ..
അങ്ങെവിടെയാണ്, ഞാനെവിടെയാണ്..

ഞാനെപ്പോള്‍ സന്ദേഹത്തിലകപ്പെട്ടാലും
നിന്നെക്കുറിച്ചുള്ള ഓര്‍മയില്‍ പ്രത്യാശവരുന്നു
നിന്റെ ഉമ്മത്തിലായതാണെന്റെ മഹാഭാഗ്യം
നീയാണ് പ്രതിഫലം, ഞാനൊരു ആനുകൂല്യം
സമസ്ത ലോകങ്ങള്‍ക്കും കാരുണ്യമായവനേ..
അങ്ങെവിടെയാണ്, ഞാനെവിടെയാണ്..

കണ്ണീരിന്റെ ഭാഷയാണെന്റെ ഉള്ളിന്റെ വിവര്‍ത്തനം
ഹൃദയമെപ്പോഴും നിന്നെ വിളിച്ചുകേഴുന്നു
അങ്ങെവിടെയാണ്, ഞാനെവിടെയാണ്..

നീയാണ് വിശുദ്ധി, ഞാന്‍ പാപവും
നീ കരുണ, ഞാന്‍ കാപട്യം
അങ്ങെവിടെയാണ്, ഞാനെവിടെയാണ്..
അങ്ങെവിടെയാണ്, ഞാനെവിടെയാണ്..

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.