2018 November 18 Sunday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

വിന്‍ഡീസിനെ കശക്കിയെറിഞ്ഞ് ഇന്ത്യ

ഗുവാഹത്തി: വെസ്റ്റ് ഇന്‍ഡീസുമായുള്ള ഇന്ത്യയുടെ ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്കു ആധികാരിക വിജയം. 322 എന്ന ഭീമന്‍ റണ്‍സ് ഉയര്‍ത്തിയെങ്കിലും അനായാസം ഇന്ത്യ വിജയലക്ഷ്യം കാണുകയായിരുന്നു. എട്ടു വിക്കറ്റിനാണ് കരീബിയന്‍സിനെ കോലിപ്പട കശാപ്പ് ചെയ്തത്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് എട്ടു വിക്കറ്റിന് 322 റണ്‍സെന്ന വന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയിരുന്നു. മറുപടിയില്‍ 47 പന്തുകള്‍ ശേഷിക്കെ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ വിജയത്തില്‍ കുതിച്ചെത്തി. 42.1 രണ്ടു വിക്കറ്റിനാണ് ഇന്ത്യ 326 റണ്‍സ് നേടിയത്.

ക്യാപ്റ്റന്‍ വിരാട് കോലിയുടെയും (140) വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും (152*) ഇടിവെട്ട് സെഞ്ച്വറികളാണ് ഇന്ത്യന്‍ ജയം വേഗത്തിലാക്കിയത്. സിക്‌സറിലൂടെയാണ് ഹിറ്റ്മാന്‍ ഇന്ത്യയുടെ വിജയറണ്‍സ് നേടിയത്. 117 പന്തുകല്‍ 15 ബൗണ്ടറികളും എട്ടു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു രോഹിത്തിന്റെ ഇന്നിങ്‌സ്. ജയം പൂര്‍ത്തിയാക്കുമ്പോള്‍ രോഹിത്തിനൊപ്പം 22 റണ്‍സുമായി അമ്പാട്ടി റായുഡു പുറത്താവാതെ നിന്നു.

ശിഖര്‍ ധവാന്‍ (4) നേരത്തേ മടങ്ങിയെങ്കിലും ഇന്ത്യ വിട്ടുകൊടുത്തില്ല. രണ്ടാം വിക്കറ്റില്‍ ഇരട്ടസെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കി രോഹിത്തും കോലിയും ഇന്ത്യയെ ജയത്തിലേക്കു നയിക്കുകയായിരുന്നു. 107 പന്തുകളില്‍ നിന്നും 21 ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു കോലിയുടെ ഇന്നിങ്‌സ്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.