2019 January 24 Thursday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

സഊദിക്കെതിരെ രൂക്ഷ ആരോപണങ്ങളുമായി വാഷിംഗ്‌ടൺ പോസ്‌റ്റ്; ശുദ്ധ സംബന്ധമെന്ന് യു.എസിലെ സഊദി അംബാസിഡർ 

ദുബായ്: തുർക്കിയിലെ ഇസ്‌താംബൂൾ സഊദി എംബസിയിൽ വെച്ച് കൊല്ലപ്പെട്ട സഊദി പത്ര പ്രവർത്തകനും വാഷിങ് ടൺ പോസ്റ്റിലെ കോളമിസ്റ്റുമായ ജമാൽ ഖശോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു സഊദിക്കെതിരെയും സഊദി ഭരണാധികാരികൾക്കെതിരെയും രൂക്ഷമായ ആരോപണവുമായി വാഷിങ് ടൺ പോസ്റ്റ്  രംഗത്ത്. എന്നാൽ, റിപ്പോർട്ടിനെതിരെ അതിരൂക്ഷമായി വിമർശിച്ച് സഊദി അധികൃതരും രംഗത്തെത്തി. വാഷിങ് ടൺ പോസ്റ്റ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് ശുദ്ധ സംബന്ധമാണെന്നും  തെളിയിക്കണമെന്നും ആവശ്യപ്പെട്ടു അമേരിക്കയിലെ സഊദി അംബാസിഡറും സഊദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന്റെ മകനും കിരീടാവകാശിയുടെ സഹോദരനുമായ ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ രംഗത്തെത്തി.
 
ഖശോഗി വധത്തിൽ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനു പങ്കുണ്ടെന്നും അദ്ദേഹത്തിൻ്റെ നിർദ്ദേശപ്രകാരം ഖാലിദ് രാജകുമാരൻ ഫോൺ ചെയ്തതനുസരിച്ചാണു ഖശോഗി തുർക്കിയിലെ സഊദി കോൺസുലേറ്റിൽ എത്തിയതെന്നുമാണു വാഷിംഗ്ടൺ പോസ്റ്റ് ആരോപിച്ചിരിക്കുന്നത്. എന്നാൽ താൻ അവസാനമായി ഖശോഗിയുമായി ബന്ധപ്പെടുന്നത് 2017 ഒക്ടോബർ 26 നയച്ച ടെക്സ്റ്റ് മെസ്സേജിലൂടെയാണെന്നും അതിനു ഒരു മാസം മുംബ് സെപ്തംബറിൽ ആണു ഖശോഗിയുമായി നേരിട്ട് സൗഹൃദ സംഭാഷണം നടത്തിയതെന്നും ഖാലിദ് ബിൻ സല്മാൻ രാജകുമാരൻ വെളിപ്പെടുത്തി.വാഷിംഗ്ടൺ പോസ്റ്റ് ഉന്നയിച്ച ആരോപണം അസംബന്ധമാണെന്നും തെളിയിക്കണമെന്നും ഖാലിദ് രാജകുമാരൻ ആവശ്യപ്പെട്ടിട്ടുണ്ട്. യാതൊരു വീണ്ടു വിചാരവുമില്ലാതെ നടത്തുന്ന ഇത്തരം ഗുരുതര ആരോപണങ്ങൾ നിരവധി തവണയായി കേട്ടു കൊണ്ടിരിക്കുകയാണെന്നും രാജകുമാരൻ വിമർശിച്ചു.
 
കുറ്റത്തിൽ പ്രതികളായവർക്കെതിരെ സഊദി ഭരണകൂടം വധശിക്ഷയടക്കമുള്ള കാര്യങ്ങൾ തീരുമാനിച്ചിരിക്കെയാണ് വീണ്ടും കൂടുതൽ ആരോപണങ്ങളുമായി വിവിധ മാധ്യമങ്ങൾ രംഗത്തെത്തുന്നത്. സഊദിയെ കൂടുതൽ സമ്മർദ്ദത്തിലാക്കാനും രാഷ്ട്രീയ പ്രേരിതവുമാണ് പുതിയ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നാണ് വിലയിരുത്തൽ.

 



കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.