2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

ഇന്ധന വില വര്‍ധന തുടരുന്നു: പെട്രോളിന് 40 പൈസയും ഡീസലിന് 46 പൈസയും കൂടി

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില വലിയ തോതില്‍ ഉയര്‍ന്നുകൊണ്ടേയിരിക്കുന്നു. ഓരോ ദിവസവും റെക്കോര്‍ഡുകള്‍ തകര്‍ത്താണ് വില കൂടുന്നത്. ഇന്ന് സംസ്ഥാനത്ത് പെട്രോളിന് 40 പൈസയും ഡീസലിന് 46 പൈസയുമാണ് വര്‍ധിച്ചത്.

ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 83.70 രൂപയും ഡീസലിന് 77.64 രൂപയുമായി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം വര്‍ധിച്ചത് പെട്രോളിന് 1.91 രൂപയും ഡീസലിന് 2.42 രൂപയുമാണ്.

ഡല്‍ഹിയില്‍ പെടോള്‍ ലിറ്ററിന് 80 രൂപയിലേക്ക് കടന്നപ്പോള്‍ മുംബൈയില്‍ 87.39 രൂപയിലേക്കാണ് എത്തിയത്. ഡീസല്‍ വിലയും ഉയര്‍ച്ചയില്‍ തന്നെയാണ്. ഡല്‍ഹിയില്‍ ഡീസല്‍ ലിറ്ററിന് 72.07 രൂപയിലെത്തിയപ്പോള്‍ മുംബൈയില്‍ 76.51 രൂപയാണ്. 

രൂപയുടെ മൂല്യം ഇടിയുന്നതാണ് ഇന്ധന വിലയില്‍ കുതിപ്പിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഡോളറിനെതിരേ രൂപയുടെ വിനിമയ മൂല്യം ഇടിഞ്ഞ് 72ല്‍ എത്തിയിരിക്കുകയാണ്. 

രൂപയുടെ മൂല്യം ഇടിയുന്നതില്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞത്. ആഗോള തലത്തിലെ പ്രശ്‌നങ്ങളാണ് ഇതിന് കാരണമെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ആഗോളതലത്തിലെ പ്രശ്‌നം ഇന്ത്യയുടെ ആഭ്യന്തര രംഗത്തെയാണ് കലുഷിതമാക്കിയിരിക്കുന്നത്. ഓരോ ദിവസവും ജീവിതച്ചെലവ് വലിയ പ്രതിസന്ധിയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. 

പ്രതിഷേധം, രാജ്യവ്യാപക ബന്ദ്

അനിയന്ത്രിതമായ ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച് രാജ്യവ്യാപക ബന്ദിന് കോണ്‍ഗ്രസ് ആഹ്വാനം. ഈ മാസം 10ന് രാവിലെ ഒന്‍പത് മുതല്‍ ഉച്ചക്കുശേഷം മൂന്നുവരെയായിരിക്കും ബന്ദ്. ഇടതുസംഘനടകള്‍ 12 മണിക്കൂർ ഹർത്താലിനും ആഹ്വാനം ചെയ്തിട്ടുണ്ട്.

ദിവസേന ഇന്ധന വില വര്‍ധിക്കുന്നത് സാധാരണക്കാരായ ജനങ്ങളെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. ഇന്ധന വില വര്‍ധനവിലൂടെ കേന്ദ്ര സര്‍ക്കാര്‍ 11 ലക്ഷം കോടി രൂപയാണ് കൊള്ളയടിച്ചിരിക്കുന്നതെന്നും കോണ്‍ഗ്രസ് വക്താവ് ആരോപിച്ചു. കേന്ദ്ര എക്‌സൈസ് ഡ്യൂട്ടി കുറയ്ക്കുക, സംസ്ഥാനങ്ങളിലെ അനിയന്ത്രിതമായ വാറ്റ് നികുതി കുറയ്ക്കുക എന്നീ ആവശ്യങ്ങളും അദ്ദേഹം ഉന്നയിച്ചു. 


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.