2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

ബോംബുകള്‍ക്കിടയില്‍ നിന്ന് ഗ്രാന്റ് പാലസിലേക്കുള്ള ദൂരം

#ഹാറൂന്‍ റഷീദ്

1991 ഡിസംബര്‍ 18ന് മോഡ്രിച്ചിയെന്ന കൊച്ചു ഗ്രാമത്തിലും 2018 ജൂണ്‍ 14ന് റഷ്യയുടെ തലസ്ഥാനമായ ലുഷ്‌നികി സ്റ്റേഡിയത്തിലും വീണ കണ്ണീരിന് ദൈവം പകരം നല്‍കിയിരിക്കുന്നു. ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരിസിലെ ഗ്രാന്റ് പാലസ് വേദിയില്‍ ബാലന്‍ ഡി ഓറിന്റെ രൂപത്തിലായിരുന്നു അനുഭവിച്ച കഷ്ടതകള്‍ക്കും ദുഃഖങ്ങള്‍ക്കും ലൂക്ക മോഡ്രിച്ചിന് ദൈവം പകരം നല്‍കിയത്. ലോക ഫുട്‌ബോളറുടെ സിംഹാസനമാണ് ലൂക്ക മോഡ്രിച്ച് എന്ന കുറിയ മനുഷ്യന് കാലം കാത്തുവെച്ച് നല്‍കിയത്.
ബാലന്‍ ഡി ഓര്‍ വേദിയില്‍ ഉയര്‍ന്ന കരഘോഷങ്ങള്‍ക്കിടയിലൂടെ ലൂക്കയെന്ന കുറിയ മനുഷ്യന്‍ സന്തോഷത്തോടെ നടന്നപ്പോഴും കുഞ്ഞുനാളില്‍ താന്‍ കടന്നുവന്ന കനല്‍പാതകളെ ആലോചിച്ച് ഉള്ളം പൊള്ളിയിട്ടുണ്ടാവും. അതിജീവനത്തിന്റെ വീരഗാഥ രചിച്ചാണ് ലൂക്കാ മോഡ്രിച്ച് ബാലന്‍ ഡി ഓര്‍ പുരസ്‌കാരം സ്വീകരിക്കാന്‍ പാരിസിലെ വേദിയില്‍ എത്തിയത്. ബാലന്‍ ഡി ഓര്‍ വേദിയിലേക്കുള്ള ലൂക്കയുടെ യാത്രയില്‍ കഠിനാധ്വാനത്തിന്റെ പൊള്ളുന്ന പച്ചയായ യാഥാര്‍ഥ്യമുണ്ട്. 1985 സപ്തംബര്‍ ഒന്‍പതിനായിരുന്നു ഡാല്‍മേഷ്യയിലെ മോഡ്രിച്ചിയെന്ന കൊച്ചുഗ്രാമത്തില്‍ സ്റ്റൈപ്പിന്റെയും റഡോക്കോയുടെയും പുത്രനായി ലൂക്കയുടെ ജനനം. ആറു വയസുവരെ സ്വന്തം ഗ്രാമത്തില്‍ ലൂക്ക പന്ത് തട്ടി വളര്‍ന്നു. എന്നാല്‍, 1991 ഡിസംബര്‍ 18 ന് ആയിരുന്നു ലൂക്കയുടെ ജീവിതം കീഴ്‌മേല്‍ മറിഞ്ഞത്. യൂഗോസ്‌ലോവിയയില്‍ നിന്ന് സ്വാതന്ത്ര്യം വേണമെന്നാവശ്യപ്പെട്ട് ക്രൊയേഷ്യന്‍ ജനത പോരാട്ടം തുടങ്ങിയ നാളുകള്‍. ഗ്രാമത്തിലെ സമാധാന അന്തരീക്ഷം തകര്‍ന്നു.

എങ്ങും നിലയ്ക്കാത്ത വെടിയൊച്ചകളും ബോംബു വര്‍ഷവും മാത്രം. മണ്ണിലെങ്ങും മൈനുകള്‍ കുഴിച്ചിട്ടിരിക്കുന്നു. സെര്‍ബിയന്‍ സൈന്യം എല്ലാവരോടും ഗ്രാമം വിട്ട് പോകാന്‍ നിരന്തരം ആവശ്യപ്പെട്ടു. ലൂക്കയും മുത്തച്ഛനും മുത്തശ്ശിയും മാതാപിതാക്കളും ഗ്രാമത്തില്‍ തന്നെ കഴിഞ്ഞു.
അധികം വൈകാതെ സെര്‍ബിയന്‍ സൈന്യം മോഡ്രിച്ചിയെന്ന ഗ്രാമത്തെ വളഞ്ഞു. ഗ്രാമവാസികളെ കൊന്നൊടുക്കാനും വീടുകള്‍ക്ക് തീവെക്കാനും തുടങ്ങി. കൊച്ചു ലൂക്കയുടെ കണ്‍മുന്നില്‍ വെച്ചായിരുന്നു സ്വന്തം മുത്തച്ഛനെ വെടിവെച്ചുകൊന്നതും വീടിനു തീവെച്ചതും.
ജീവനും കൊണ്ട് മോഡ്രിച്ചിയില്‍ നിന്ന് ഓടിയ ലൂക്കയും കുടുംബവും തൊട്ടടുത്തുള്ള സദര്‍ പട്ടണത്തില്‍ അഭയം തേടി. അപ്പോഴും വെടിയേറ്റ് പിടയുന്ന മുത്തച്ഛന്റെ ചിത്രമായിരുന്നു കുഞ്ഞു ലൂക്കയുടെ മനസില്‍. സദര്‍ പട്ടണത്തിലെ താല്‍ക്കാലിക അഭയാര്‍ഥി ക്യാംപില്‍ ആയിരുന്നു ലൂക്കയുടെ പിന്നീടുള്ള ജീവിതം. ക്യാംപിലെ ജീവിതത്തില്‍ ഏറെ നിരാശനായിരുന്നു ലൂക്ക.
താനേറെ സ്‌നേഹിച്ച ഫുട്‌ബോള്‍ കളിക്കാനാകുന്നില്ല. എവിടെയും വെടിയൊച്ചയും തീവെയ്പ്പും കൊല്ലും കൊലയും മാത്രം. അതിനിടയിലും കുഞ്ഞു ലൂക്ക പുറത്തിറങ്ങി കൂട്ടുകാര്‍ക്കൊപ്പം പന്തുതട്ടിത്തുടങ്ങി. വെടിയൊച്ച കേട്ടാല്‍ ഉടന്‍ വീടണയണമെന്ന നിര്‍ദേശമായിരുന്നു വീട്ടില്‍ നിന്ന് ലഭിച്ചത്.
പ്രതികൂല സാഹചര്യത്തിലും ലൂക്ക മുടങ്ങാതെ പന്തുതട്ടി കളിച്ചു. 1991 ല്‍ ക്രൊയേഷ്യക്ക് സ്വാതന്ത്ര്യം ലഭിച്ചതോടെ ലൂക്കയുടെ സമയവും തെളിഞ്ഞു തുടങ്ങി. പിന്നീടുള്ള ലൂക്കയുടെ ഓരോ ചുവടും വിജയത്തിലേക്കായിരുന്നു.
ഫുട്‌ബോള്‍ ക്യാംപില്‍ പങ്കെടുത്ത് ലൂക്ക ഒരു ഫുട്‌ബോളറുടെ വഴിയിലേക്ക് തിരിഞ്ഞു.
ടോമിസ്‌ലോവ് ബാസിച്ചിന് കീഴില്‍ ഫുട്‌ബോള്‍ പരിശീലിച്ച് ലൂക്ക 2001 ല്‍ ഡൈനാമോ സഗ്രിബ് എന്ന ക്ലബിലെത്തി. ഒരുവര്‍ഷത്തിന് ശേഷം ക്ലബിലെ ഏറ്റവും മികച്ച താരത്തിനുള്ള അവാര്‍ഡുമായി ലൂക്ക മറ്റൊരു ക്ലബിലേക്ക് ചേക്കേറി. പിന്നീട് ബോസ്‌നിയന്‍ ക്ലബായ സ്‌നിസ്‌കി മോസ്റ്ററിലെത്തി. അവിടെ നിന്ന് ക്രൊയേഷ്യന്‍ ക്ലബായ ഇന്റര്‍ സബ്രസിച്ചിലേക്ക്. 2005 വരെ ഇവിടെ തുടര്‍ന്നു.

പിന്നീട് ഇംഗ്ലിഷ് ഫുട്‌ബോളിലെ അതികായന്‍മാരായ ടോട്ടനത്തിലേക്ക്. 2008 മുതല്‍ 2012 വരെ ലൂക്ക ഇംഗ്ലണ്ടില്‍ ടോട്ടനത്തിനായി പന്തുതട്ടി.
127 മത്സരത്തില്‍ നിന്നായി 13 ഗോളുകളും ലൂക്ക ടോട്ടനത്തിന് സമ്മാനിച്ചു. പിന്നീട് റയല്‍ മാഡ്രിഡിലേക്ക്. ലൂക്ക റയലിന്റെ നെടുംതൂണായി ഇന്നും തുടരുന്നു. ഏത് പോരാട്ടത്തിലായാലും കളിയിലെ ചരട് വലിക്കുന്നത് ലൂക്ക തന്നെയാണ്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News