2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

കൊടും ചതിയുടെ 26 വര്‍ഷങ്ങള്‍

ഇന്ന് ബാബരി ദിനം

 

#യു.എം മുഖ്താര്‍
8589984496

രാജ്യത്തെ മുസ്‌ലിംകള്‍ ഏറ്റവുമധികം വിശ്വസിച്ച രാഷ്ട്രീയപാര്‍ട്ടിയുടെ മൗനാനുവാദത്തോടെ സംഘ്പരിവാര്‍ ശക്തികള്‍ നാലരനൂറ്റാണ്ടോളം പഴക്കമുള്ള ബാബരി പള്ളി തകര്‍ത്തിട്ട് 26 വര്‍ഷം കഴിഞ്ഞു. മുസ്‌ലിംകളടക്കമുള്ള പിന്നാക്ക ജനവിഭാഗങ്ങള്‍ക്കു സാമൂഹികനീതിയും സുരക്ഷയും ഉറപ്പാക്കുന്ന വിധത്തില്‍ ഭരണഘടന തയാറാക്കിയ ഡോ. ഭീംറാവു അംബേദ്കറിന്റെ 62ാം ചരമവാര്‍ഷികദിനം കൂടിയാണിന്ന്.

ഡിസംബര്‍ ആറിന് തകര്‍ക്കുമെന്നു നേരത്തെ പ്രഖ്യാപിച്ചു ലക്ഷക്കണക്കിനു കര്‍സേവകര്‍ ഉപപ്രധാനമന്ത്രിയായിരുന്ന എല്‍.കെ അദ്വാനി, ഇപ്പോഴത്തെ കേന്ദ്രമന്ത്രി ഉമാഭാരതി എന്നിവരുടെ സാന്നിധ്യത്തില്‍ സൈന്യത്തെ സാക്ഷിയാക്കിയാണ് പള്ളി തകര്‍ത്തത്. അതോടെ, സ്വതന്ത്രഇന്ത്യയുടെ രാഷ്ട്രീയചരിത്രം ഡിസംബര്‍ ആറിനു മുന്‍പും ശേഷവും അഥവാ ബാബരി പള്ളി തകര്‍ത്തതിനു മുന്‍പും ശേഷവും എന്നിങ്ങനെ രണ്ടായി തിരിഞ്ഞു.

കേവലം രണ്ടു സീറ്റിലൊതുങ്ങിയിരുന്ന, സംഘ്പരിവാറിന്റെ രാഷ്ട്രീയമുഖമായിരുന്ന ബി.ജെ.പി ഇന്നു ഇന്ത്യയും ഭൂരിപക്ഷസംസ്ഥാനങ്ങളും അവര്‍ ഭരിക്കാന്‍ അയോധ്യ കാരണമായി. ഭൂരിപക്ഷ വര്‍ഗീയതയെ പ്രീണിപ്പിച്ച് അവര്‍ക്കു പള്ളി തകര്‍ക്കാന്‍ അവസരം ഒരുക്കിക്കൊടുത്ത അന്നു കേന്ദ്രത്തിലും അയോധ്യ നിലനില്‍ക്കുന്ന ഉത്തര്‍പ്രദേശിലും അധികാരത്തിലുണ്ടായിരുന്ന പാര്‍ട്ടിയായിരുന്നു കോണ്‍ഗ്രസ്.

ഇന്നവര്‍ ലോക്‌സഭയില്‍ മുഖ്യപ്രതിപക്ഷ കക്ഷിയാവാന്‍ പോലും ആള്‍ബലമില്ലാത്ത വിധം മെലിഞ്ഞുണങ്ങി. സംസ്ഥാനങ്ങളിലാവട്ടെ കോണ്‍ഗ്രസിന്റെ സാന്നിധ്യം മൂന്നോ നാലോ സ്ഥലത്തൊതുങ്ങി. നരേന്ദ്രമോദിക്ക് അനുകൂലമായ എല്ലാ രാഷ്ട്രീയസാഹചര്യവുമുണ്ടായിട്ടും 2014ലെ പൊതുതെരഞ്ഞെടുപ്പില്‍ അവര്‍ക്കു 31 ശതമാനം വോട്ടു പങ്കാളിത്തം മാത്രമാണു ലഭിച്ചത്. അതിനര്‍ഥം 69 ശതമാനം പേര്‍ ബി.ജെ.പി വോട്ടര്‍മാര്‍ അല്ലെന്നതാണ്. ഈ സാഹചര്യം മനസ്സിലാക്കി സംഘ്പരിവാര്‍ പ്രചരിപ്പിക്കുന്ന തീവ്രഹിന്ദുത്വ കെണിയില്‍ പെട്ടുപോവാതെ രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന സാധാരണ ഹൈന്ദവവിശ്വാസികളെ കൈയിലെടുക്കാനുള്ള ശ്രമം കോണ്‍ഗ്രസ് നടത്തിയതുമില്ല. എന്നു മാത്രമല്ല, മൃദുഹിന്ദുത്വനയം പിന്തുടര്‍ന്ന് വീര്യംകുറഞ്ഞ ബി.ജെ.പിയാവാനും ചിലപ്പോഴെങ്കിലും കോണ്‍ഗ്രസ് ശ്രമിച്ചു.

നിയമസഭാവോട്ടെടുപ്പ് പൂര്‍ത്തിയായ മധ്യപ്രദേശില്‍ പാര്‍ട്ടി പുറത്തുവിട്ട പ്രകടനപത്രിക ഇതിനു തെളിവാണ്. തങ്ങളുടെ കാലത്താണു ബാബരി പള്ളിയില്‍ വിഗ്രഹം വച്ചതെന്നും തങ്ങള്‍ക്കേ രാമക്ഷേത്രം നിര്‍മിക്കാന്‍ കഴിയൂവെന്നുമുള്ള മുതിര്‍ന്ന നേതാവ് സി.പി ജോഷിയുടെ പ്രസ്താവന തെളിയിക്കുന്നതു കോണ്‍ഗ്രസ് ചരിത്രത്തില്‍ നിന്നു പാഠംപഠിച്ചിട്ടില്ലെന്നാണ്.
പള്ളി തകര്‍ക്കുന്നതിനു മുന്‍പായി എല്‍.കെ അദ്വാനി നടത്തിയ രഥയാത്ര തടഞ്ഞ് അദ്ദേഹത്തെ അറസ്റ്റ്‌ചെയ്ത ബിഹാര്‍ മുഖ്യമന്ത്രിയായിരുന്ന ലാലുപ്രസാദിന്റെ നടപടി കോണ്‍ഗ്രസിനു പാഠമാണ്. രാഷ്ട്രീയലക്ഷ്യത്തോടെ അദ്വാനി നടത്തിയ രഥയാത്ര തടഞ്ഞ ലാലുവിന്റെ നടപടി കാരണം അദ്ദേഹത്തെ ഹൈന്ദവ വിശ്വാസികള്‍ കൈവെടിഞ്ഞില്ലെന്നു മാത്രമല്ല, പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ ലാലുവിന്റെ പാര്‍ട്ടിയുടെ ഭൂരിപക്ഷം കൂടുകയായിരുന്നു. ഇന്ത്യയുടെ രാഷ്ട്രീയഭൂപടത്തില്‍ വഴിത്തിരിവായേക്കാവുന്ന പൊതുതെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ രാജ്യം എത്തിനില്‍ക്കെയാണു ഡിസംബര്‍ ആറ് കടന്നുവരുന്നത്. പള്ളി നിലനിന്ന സ്ഥാനത്തു രാമക്ഷേത്രം നിര്‍മിക്കണമെന്ന ആര്‍.എസ്.എസിന്റേതുള്‍പ്പെടെയുള്ള ആവശ്യം കൊണ്ടു ശബ്ദമുഖരിതമായ രാഷ്ട്രീയാന്തരീക്ഷമാണു നിലവില്‍.

കേസില്‍ തെരഞ്ഞെടുപ്പിനു മുന്‍പു തന്നെ വിധി പുറത്തുവന്നു. രാഷ്ട്രീയാന്തരീക്ഷം ഒന്നുകൂടി ചൂടുപിടിപ്പിക്കാനുള്ള ശ്രമത്തിന് അനുകൂലമായി തീരുമാനം എടുക്കാതിരുന്ന സുപ്രിംകോടതി ജഡ്ജിമാരെ വരെ ഭീഷണിപ്പെടുത്തുന്ന പ്രസംഗങ്ങളും രാജ്യം ഭരിക്കുന്ന പാര്‍ട്ടി നേതാക്കളില്‍ നിന്നുണ്ടായി.

രാമക്ഷേത്ര നിര്‍മാണത്തിന് ഓര്‍ഡിനന്‍സ് ഇറക്കാനുള്ള നീക്കവും പിന്നണിയില്‍ ശക്തമാണ്. 1992ല്‍ തടിച്ചുകൂടിയതു പോലുള്ള ഒരു ജനക്കൂട്ടം രാമക്ഷേത്ര നിര്‍മാണാവശ്യം ഉയര്‍ത്തി കഴിഞ്ഞയാഴ്ചയാണ് അയോധ്യയില്‍ നിന്നു പിരിഞ്ഞുപോയത്. 92ലെ ഭീതിതമായ ഓര്‍മകള്‍ കാരണം ആള്‍ക്കൂട്ടത്തെ കണ്ടു ചരിത്രനഗരി വിട്ട മുസ്‌ലിംകള്‍ പലരും സ്വന്തം വീട്ടിലേയ്ക്കു തിരിച്ചുവന്നിട്ടുമില്ല. പള്ളി തകര്‍ത്തതിന്റെ 26ാം വാര്‍ഷികദിനമായ ഇന്ന് അയോധ്യയില്‍ പ്രത്യേക പൂജയും ശൗര്യദിനവും ആചരിക്കുന്നുണ്ട് ഹിന്ദുത്വശക്തികള്‍.

ഭീതിയും അരക്ഷിതാവസ്ഥയും ന്യൂനപക്ഷമനസ്സുകളില്‍ കോറിയിട്ട് വലിഞ്ഞുമുറുകിയ സവിശേഷസാഹചര്യത്തിലാണ് ബാബരിദിനം കടന്നുവരുന്നത്.

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News