2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

മൂന്നാറിലെ ‘അതിശൈത്യം’; റിസോര്‍ട്ട് ഉടമകളുടെ സൃഷ്ടിയെന്ന് ആക്ഷേപം

  • നിരാശരായത് പതിനായിരക്കണക്കിന് സഞ്ചാരികള്‍

തൊടുപുഴ: മൂന്നാറിലെ അതിശൈത്യം, നീലക്കുറിഞ്ഞി സീസണിലുണ്ടായ കേട് തീര്‍ക്കാന്‍ റിസോര്‍ട്ട് ഹോട്ടലുടമകള്‍ കണ്ടെത്തിയ മാര്‍ഗം. നവ മാധ്യമങ്ങളിലൂടെയടക്കം നല്‍കിയ പ്രചരണത്തില്‍ വീണുപോയത് പതിനായിരക്കണക്കിന് വിനോദ സഞ്ചാരികളാണ്. ഇത് റിസോര്‍ട്ട് – ഹോട്ടല്‍ ഉടമകള്‍ നന്നായി പ്രയോജനപ്പെടുത്തുകയും ചെയ്തു. മുറി വാടകയടക്കം നാലിരട്ടിവരെ വര്‍ധിപ്പിച്ച് സഞ്ചാരികളെ പിഴിഞ്ഞു. മലയാളികളായ ആഭ്യന്തര വിനോദസഞ്ചാരികളാണ് കൂടുതലായും ഇക്കുറി മൂന്നാറിലെത്തിയത്.

മഞ്ഞുവീഴ്ചയും തണുപ്പും ആസ്വദിക്കാന്‍ ഇനി കുളു-മണാലിയിലേക്ക് പോകേണ്ട, മൂന്നാറിലെത്തിയാല്‍ മതി എന്ന തരത്തിലായിരുന്നു പ്രചാരണം. മൂന്നാറിലേതെന്ന രീതിയില്‍ പലരും ഫേസ്ബുക്കില്‍ അടക്കം പ്രചരിപ്പിച്ചത് കുളു മണാലിയിലേയും കാശ്മീരിലേയും ചിത്രങ്ങളാണ്. പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ എത്തിയ നീലക്കുറിഞ്ഞി സീസണ്‍ ഇക്കുറി മഹാപ്രളയത്തില്‍ ഒലിച്ചുപോകുകയായിരുന്നു.

സീസണ്‍ മുതലാക്കാന്‍ വന്‍ തയ്യാറെടുപ്പ് പൂര്‍ത്തിയാക്കിയ റിസോര്‍ട്ട്, ഹോട്ടല്‍, വ്യാപാര മേഖലകള്‍ക്കും ടൂറിസം അടക്കമുള്ള സര്‍ക്കാര്‍ വകുപ്പുകള്‍ക്കും കനത്ത നിരാശയാണ് സമ്മാനിച്ചത്. ഇത് നികത്താനുള്ള വഴിയായാണ് ‘അതിശൈത്യം’ സൃഷ്ടിച്ചത്. വ്യാജ പ്രചാരണത്തില്‍ കുടുങ്ങി മൂന്നാറിലേക്ക് ഒഴുകിയ സഞ്ചാരികള്‍ക്ക് ദുരിതങ്ങളുടെ പെരുമഴക്കാലമായിരുന്നു. ഗതാഗതക്കുരുക്കില്‍ മണിക്കൂറുകളാണ് പലരും വലഞ്ഞത്.

സംസ്ഥാനത്ത് ഇക്കുറി അസാധാരണമായി തണുപ്പുണ്ടായെന്നുള്ളത് വസ്തുതയാണ്. ഹില്‍ സ്റ്റേഷന്‍ എന്ന നിലയില്‍ ആനുപാതികമായി മൂന്നാര്‍ മേഖലയിലെ താപനിലയിലും കുറവുണ്ടായി. എന്നാല്‍ മൂന്നാറില്‍ മൈനസ് ഡിഗ്രി തണുപ്പും മഞ്ഞുവീഴ്ചയും എന്ന നിലയിലായിരുന്നു പ്രചാരണം. മൈനസ് ഡിഗ്രി ഏതാനും ദിവസം അനുഭവപ്പെട്ടെന്നു പറയുന്നത് തന്നെ വിദൂര എസ്റ്റേറ്റുകളായ ചെണ്ടുവരൈ, ചിറ്റുവരൈ, വാഗുവരൈ മേഖലകളിലാണ്. മൂന്നാറില്‍ നിന്നും 30-35 കിലോമീറ്ററോളം ദൂരത്തുള്ള കണ്ണന്‍ ദേവന്‍ ഹില്‍സ് പ്ലാന്റേഷന്‍ കമ്പനിയുടെ അധീനതയിലുള്ള തേയില തോട്ടങ്ങളാണിത്. ഈ മേഖല വിനോദ സഞ്ചാരികള്‍ക്കും സാധാരണ ജനങ്ങള്‍ക്കും അപ്രാപ്യമാണ്. കണ്ണന്‍ ദേവന്‍ കമ്പനി ജീവനക്കാര്‍ക്ക് മാത്രമാണ് ഇവിടെ പ്രവേശനമുള്ളത്.

സര്‍ക്കാര്‍ വകുപ്പ് ജീവനക്കാര്‍ക്ക് പോലും ഇവിടെ പ്രവേശിക്കണമെങ്കില്‍ കമ്പനിയുടെ അനുമതി വേണം. ഈ മേഖലയില്‍ എല്ലാ വര്‍ഷവും ചെറിയതോതില്‍ മഞ്ഞുവീഴ്ച ഉണ്ടാകാറുള്ളതാണ്. വിനോദ സഞ്ചാരികള്‍ കൂടുതല്‍ തങ്ങുന്ന മൂന്നാര്‍ ടൗണ്‍, ചിന്നക്കനാല്‍, ചിത്തിരപുരം, പള്ളിവാസല്‍ മേഖലകളിലെ ശരാശരി കുറഞ്ഞ താപനില 10 ഡിഗ്രിയായിരുന്നു. ഒന്നോ രണ്ടോ ദിവസം അഞ്ച് ആറിലേക്ക് എത്തിയതായും പറയുന്നുണ്ട്. ഇവിടെയൊന്നും മൈനസ് ഡിഗ്രി രേഖപ്പെടുത്തിയിട്ടില്ല. യഥാര്‍ത്ഥത്തില്‍ താപനില കൃത്യമായി രേഖപ്പെടുത്താനുള്ള ഔദ്യോഗിക സംവിധാനമൊന്നും മൂന്നാര്‍ മേഖലയിലില്ല. യുണൈറ്റഡ് പ്ലാന്റേഷന്‍സ് അസോസിയേഷന്‍ ഓഫ് സൗത്ത് ഇന്ത്യ (ഉപാസി) യ്ക്ക് മൂന്നാര്‍ മേഖലയില്‍ വിവിധ കേന്ദ്രങ്ങളില്‍ സംവിധാനങ്ങള്‍ ഉണ്ടെങ്കിലും ഇതൊന്നും ആധികാരികമല്ല. പതിനായിരക്കണക്കിന് വിനോദസഞ്ചാരികള്‍ കബളിപ്പിക്കപ്പെട്ടതോടെ ഇനി മൂന്നാറിനെക്കുറിച്ച് ഉള്ളതുപറഞ്ഞാലും വിശ്വസിക്കാത്ത അവസ്ഥയുണ്ടാകും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News