2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

രാജാവിനെ അമിതമായി പ്രശംസിച്ചു; സഊദി ലേഖകനും പത്രത്തിനുമെതിരെ നടപടി

സലാം കൂടരഞ്ഞി

റിയാദ്: സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിനെ അമിതമായി പ്രശംസിക്കുന്ന ലേഖനം അല്‍ജസീറ ദിനപത്രത്തില്‍ എഴുതിയ കോളമിസ്റ്റിനും ലേഖനം പ്രസിദ്ധീകരിച്ച പത്രത്തിനുമെതിരെ നടപടി. കോളമിസ്റ്റിനും പത്രത്തിനുമെതിരെ നടപടിയെടുക്കുന്നതിന് സല്‍മാന്‍ രാജാവ് തന്നെയാണ് നിര്‍ദേശം നല്‍കിയത്.

റിയാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ജസീറ അറബി ദിനപത്രത്തിലെ റമദാന്‍ അല്‍അനസി എന്ന സ്വദേശി ലേഖകന് നേരെയാണ് നടപടി സ്വീകരിച്ചത്. അല്ലാഹുവിന്റെ ചില വിശേഷണങ്ങള്‍ക്കും പ്രവാചക ശ്രേഷ്ഠന്‍ ഇബ്രാഹിം നബിക്ക് അല്ലാഹു നല്‍കിയ വിശേഷണങ്ങള്‍ക്കും തുല്യമായ വിശേഷണങ്ങള്‍ രാജാവിന് ചാര്‍ത്തി നല്‍കിയതാണ് എഴുത്തുകാരന്‍ റമദാന്‍ ബിന്‍ ജരീദി അല്‍അനസിക്കും അല്‍ജസീറ പത്രത്തിനുമെതിരായ നടപടിക്ക് കാരണം. മാത്രമല്ല, രാജാവിനെ പ്രശംസിക്കുന്നതില്‍ അതിരു കവിഞ്ഞതായും വിമര്‍ശനമുയര്‍ന്നിരുന്നു. വെള്ളിയാഴ്ചയാണ് പത്രം വിവാദ ലേഖനം പ്രസിദ്ധീകരിച്ചത്.

അല്ലാഹുവിന്റെ വിശേഷണങ്ങള്‍ വരെ ചാര്‍ത്തി നല്‍കിയുള്ള അമിത പ്രശംസ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് സാംസ്‌കാരിക, ഇന്‍ഫര്‍മേഷന്‍ മന്ത്രിക്ക് അയച്ച കത്തില്‍ സല്‍മാന്‍ രാജാവ് പറഞ്ഞതായി സഊദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ പ്രവണത അത്യന്തം അപകടമാണ്. ഏകദൈവത്വത്തിന്റെ ആധാരത്തെ ബാധിക്കുന്ന ഇത്തരം പ്രശംസകള്‍ക്കു നേരെ കണ്ണടക്കാന്‍ സാധിക്കില്ല. ഇക്കാര്യം കണക്കിലെടുത്ത് കോളങ്ങള്‍ എഴുതുന്നതില്‍ നിന്ന് കോളമിസ്റ്റിന് ഉടനടി വിലക്കേര്‍പ്പെടുത്തണം.

ഇത്തരം അതിരുവിടലുകള്‍ പത്രങ്ങളും മാധ്യമങ്ങളും പ്രത്യേകം ശ്രദ്ധിക്കണം. ഇക്കാര്യത്തില്‍ വീഴ്ചകള്‍ വരുത്തുന്ന എല്ലാവര്‍ക്കുമെതിരെ നടപടികള്‍ സ്വീകരിക്കണം. വിവാദ കോളം എഴുതിയ കോളമിസ്റ്റിനും ഇത് പ്രസിദ്ധീകരിച്ച പത്രത്തിനുമെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിക്കണമെന്നും സാംസ്‌കാരിക, ഇന്‍ഫര്‍മേഷന്‍ മന്ത്രിക്ക് അയച്ച കത്തില്‍ സല്‍മാന്‍ രാജാവ് ആവശ്യപ്പെട്ടു.

ലേഖനത്തില്‍ സല്‍മാന്‍ രാജാവിനെ പ്രശംസിക്കുന്നതില്‍ കോളമിസ്റ്റ് അതിരു വിട്ടതായും കരുതിക്കൂട്ടിയല്ലാത്ത തെറ്റാണ് തങ്ങളുടെ ഭാഗത്ത് സംഭവിച്ചതെന്നും ഖേദപ്രകടനത്തില്‍ അല്‍ജസീറ പറഞ്ഞു.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.