
ചെന്നൈ: മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ ഏഴു പ്രതികളേയും ജയില്‍ മോചിതരാക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്തു. ഇതുസംബന്ധിച്ച് തമിഴ്നാട് മന്ത്രിസഭ ഏകകണ്ഠമായാണ് പ്രമേയം അംഗീകരിച്ചത്.
സര്‍ക്കാരിന്റെ ശുപാര്‍ശ ഉടന്‍തന്നെ ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിന് സമര്‍പ്പിക്കുമെന്ന് മന്ത്രി ഡി. ജയകുമാര്‍ അറിയിച്ചു. വി. ശ്രീഹരന് എന്ന മുരുകന്, ടി. സുതേന്ദ്രരാജ എന്ന ശാന്തം, എ.ജി പേരറിവാളന് എന്ന അറിവ്, ജയകുമാര്‍, റോബര്‍ട്ട് പയസ്, പി. രവിചന്ദ്രന്‍, നളിനി എന്നിവരാണ് പ്രതികള്‍. 25 വര്‍ഷമായി ഇവര്‍ ജയിലിലാണ്.
2016 മാര്‍ച്ചിലും പ്രതികളെ മോചിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ പ്രതികളെ മോചിപ്പിക്കുന്ന നടപടിയുണ്ടായാല്‍ അത് കീഴ്്വഴക്കമായി മാറുമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നത്.
അതേസമയം ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, നവീന്‍ സിന്‍ഹ, കെ.എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ച് നല്കിയ ഉത്തരവാണ് പ്രതികളുടെ മോചനത്തിനുള്ള വഴിതുറന്നത്. പ്രതികളിലൊരാളായ പേരറിവാളന്റെ ഹരജി പരിഗണിച്ചുകൊണ്ടാണ് ഇക്കാര്യത്തില്‍ ഗവര്‍ണര്‍ക്ക് പരിഗണിക്കാവുന്നതാണെന്ന് സുപ്രിം കോടതി ഉത്തരവിട്ടിത്.
രാജിവ് ഗാന്ധിയെ കൊലപ്പെടുത്താനുള്ള ബോംബില്‍ ഉപയോഗിച്ച ബാറ്ററി എത്തിച്ചുനല്‍കിയത് പേരറിവാളനാണെന്ന് കണ്ടാണ് അദ്ദേഹത്തെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതേതുടര്‍ന്ന് അദ്ദേഹം ദയാഹരജി നല്‍കുകയായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പേരറിവാളന് അടക്കമുള്ള ഏഴു പ്രതികളുടേയും കാര്യത്തില്‍ ഭരണഘടനയിലെ 161ാം വകുപ്പ് പ്രകാരം ഗവര്‍ണര്‍ക്ക് സ്വതന്ത്രമായ നടപടി സ്വീകരിക്കാമെന്നായിരുന്നു സുപ്രിം കോടതി വ്യക്തമാക്കിയത്.
തനിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതക്ക് മരണാനന്തര ബഹുമതിയായി ഭാരത രത്ന നല്‍കണമെന്നും ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്റെ പേര് എം.ജി രാമചന്ദ്രന് സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന് എന്ന് പുനര്‍നാമകരണം ചെയ്യണമെന്നും മന്ത്രിസഭാ യോഗം ആവശ്യപ്പെട്ടു.