2019 July 17 Wednesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

‘രാകേഷ് അസ്താനയ്‌ക്കെതിരെ തെളിവുണ്ട്’; പോര്‍ട്ട് ബ്ലെയറിലേക്ക് സ്ഥലംമാറ്റിയതിനെതിരെ കൈക്കൂലി കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന്‍ സുപ്രിംകോടതിയില്‍

ന്യൂഡല്‍ഹി: സി.ബി.ഐ രണ്ടാമന്‍ രാകേഷ് അസ്താനയ്ക്കും കേന്ദ്ര നടപടിക്കും എതിരെ അന്വേഷണ ഉദ്യോഗസ്ഥനായ എ.കെ ബസ്സിയും സുപ്രിംകോടതിയില്‍. തന്നെ പോര്‍ട്ട് ബ്ലെയറിലേക്ക് സ്ഥലംമാറ്റിയതിനെതിരെയാണ് ബസ്സി സുപ്രിംകോടതിയില്‍ ഹരജി നല്‍കിയത്. കൈക്കൂലി കേസില്‍ രാകേഷ് അസ്താനയ്‌ക്കെതിരെ ശക്തമായ തെളിവുണ്ടെന്നും ബസ്സി സുപ്രിംകോടതിയില്‍ പറഞ്ഞു.

അസ്താനയ്‌ക്കെതിരെ കൈക്കൂലി കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു.

ഒക്ടോബര്‍ 24ന് അര്‍ധരാത്രിയില്‍ നിയമിതനായ ഇടക്കാല സി.ബി.ഐ മേധാവി എം നാഗേശ്വര്‍ റാവുവാണ് ഉദ്യോഗസ്ഥനെ പോര്‍ട്ട് ബ്ലെയറിലേക്കു മാറ്റിയത്. പൊതുതാല്‍പര്യത്തിലുള്ള സ്ഥലംമാറ്റം എന്നായിരുന്നു ഓര്‍ഡറില്‍ പറഞ്ഞിരുന്നത്.

സി.ബി.ഐ ഡയരക്ടര്‍ അലോക് വര്‍മയെ മാറ്റിയായിരുന്നു ഇടക്കാല മേധാവിയെ നിയമിച്ചത്. അന്നു രാത്രിയില്‍ തന്നെ നിരവധി സി.ബി.ഐ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുകയും ചെയ്തിരുന്നു. പിന്നാലെ, അലോക് വര്‍മയും രാകേഷ് അസ്താനയെയും നിര്‍ബന്ധിത അവധിയിലും പ്രവേശിപ്പിച്ചു.

അലോക് വര്‍മ ഇതിനെതിരെ സുപ്രിംകോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന്, നാഗേശ്വര റാവു എടുത്ത എല്ലാ തീരുമാനങ്ങളും സീല്‍ചെയ്ത കവറില്‍ സമര്‍പ്പിക്കാന്‍ സുപ്രിംകോടതി ആവശ്യപ്പെട്ടു. ഇവ കോടതി പരിശോധിച്ച് നടപടി സ്വീകരിക്കും. നാഗേശ്വര റാവു ഒരു തരത്തിലുള്ള നയ തീരുമാനങ്ങള്‍ എടുക്കരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.