2020 February 24 Monday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

റഷ്യൻ പ്രസിഡൻറ് സഊദിയിൽ; എണ്ണ, ഇറാൻ മുഖ്യ വിഷയമാകും

റിയാദ്: റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ ഔദ്യോഗിക സന്ദർശനത്തിന് ഇന്ന് തുടക്കമാകും. സഊദിയുടെ ഉറ്റ സുഹൃദ് രാജ്യം കൂടിയായ റഷ്യൻ ഭരണാധികാരിയുടെ സന്ദർശനം മേഖലയിൽ പുതിയ സമവായങ്ങൾക്ക് സാധ്യതയുണ്ടായേക്കുമെന്നാണ് കരുതുന്നത്. ഇന്നത്തെ സഊദി സന്ദർശനം പൂർത്തിയാക്കി നാളെ  യു.എ.ഇയിലേക്ക് യാത്ര തിരിക്കും. ഏറ്റവും കൂടുതൽ എണ്ണയുത്പാദിപ്പിക്കുന്ന സഊദിയുമായി എണ്ണയുത്പാദക കൂട്ടായ്മക്ക് പുറത്തുള്ള റഷ്യയുമായി സഊദി നല്ല ബന്ധമാണ് പുലർത്തുന്നത്. എണ്ണ മേഖലയിൽ സഊദി-റഷ്യ കൂട്ടുകെട്ടാണ് അന്താരാഷ്ട്ര വിപണിയിൽ പലപ്പോഴും നിയന്ത്രിക്കുന്നത്. 
 
      ഇറാനുമായി ഏറെ അടുപ്പമുള്ള റഷ്യ ഇറാന്റെ മുഖ്യ എതിരാളിയായ സഊദിയുമായും നല്ല ബന്ധമാണുള്ളത്. അതിനാൽ തന്നെ ഇറാനുമായുള്ള പ്രശ്‍നങ്ങളിൽ എന്തെങ്കിലും ഇടപെടലുകൾ ഉണ്ടാകുമെന്നാണ് കരുതുന്നത്. സഊദിയുമായി ഇറാൻ  ചർച്ചകൾക്ക് തയ്യാറാണെന്ന വാർത്തകൾ ഇന്നലെ പുറത്ത് വന്നിരുന്നെകിലും സഊദിയുടെ ഭാഗത്ത് നിന്നും ഇത് സംബന്ധിച്ച മറുപടികൾ ഇത് വരെ പുറത്ത് വന്നിട്ടില്ല. ഇറാൻ കൂടാതെ, സിറിയ, യെമൻ പ്രശ്‌നങ്ങളും ഫലസ്തീൻ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനുള്ള ശ്രമങ്ങളും ഗൾഫ് മേഖല നേരിടുന്ന വെല്ലുവിളികളും സഊദി നേതാക്കളും റഷ്യൻ പ്രസിഡന്റും വിശകലനം ചെയ്യുമെന്ന് സഊദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 
 
     സഊദിയിലെത്തുന്ന പുട്ടിൻ ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവുമായും കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായും റഷ്യൻ പ്രസിഡന്റ് പ്രത്യേകം പ്രത്യേകം ചർച്ചകൾ നടത്തും. വിവിധ മേഖലകളിൽ സഹകരണത്തിനുള്ള കോടിക്കണക്കിന് റിയാലിന്റെ കരാറുകളും രണ്ടു രാജ്യങ്ങളും ഒപ്പുവെക്കും. ഇതിനായി റഷ്യയുടെ വൻ സംഘവും പുട്ടിനെ അനുഗമിക്കുന്നുണ്ട്. 
 
     പന്ത്രണ്ടു വർഷത്തിനു ശേഷമാണ് റഷ്യൻ പ്രസിഡന്റ് സഊദി അറേബ്യ സന്ദർശിക്കുന്നത്. 2007 ഫെബ്രുവരിയിലാണ് വഌദിമിർ പുടിൻ ഇതിനു മുമ്പ് സഊദി അറേബ്യ സന്ദർശിച്ചത്. 2017 ൽ സൽമാൻ രാജാവ് റഷ്യ സന്ദർശിച്ചിരുന്നു. വ്യത്യസ്ത മേഖലകളിൽ സൗദി-റഷ്യ ബന്ധം സമീപ കാലത്ത് ശക്തമായിട്ടുണ്ട്. 
     അതെ സമയം, സഊദി അറാംകോക്കു കീഴിലെ അബ്‌ഖൈഖ് , ഖുറൈസ് എണ്ണ വ്യവസായ കേന്ദ്രങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങളെക്കുറിച്ച അന്വേഷണത്തിൽ പങ്കാളിത്തം വഹിക്കുന്നതിന് റഷ്യ ഒരുക്കമാണെന്ന് റഷ്യൻ പ്രസിഡന്റ് വഌദിമിർ പുടിൻ പറഞ്ഞു. സഊദിയിലേക്ക് യാത്ര തിരിക്കുന്നതിനു തൊട്ടുമുമ്പ് റഷ്യയിലെ ആർ.ടി ടി.വി, സഊദിയിലെ അൽഅറബിയ, സ്‌കൈ ന്യൂസ് അറേബ്യ ചാനലുകൾക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പുടിൻ.
 
 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.