2018 February 18 Sunday
എല്ലാവരും ഒരുപോലെ കഴിവുള്ളവരാകണമെന്നില്ല. എന്നാല്‍, സ്വന്തം കഴിവുകളെ വികസിപ്പിച്ചെടുക്കാനുള്ള അവസരം ഏവര്‍ക്കും ഒരുപോലെയാണ്.
എ.പി.ജെ അബ്ദുല്‍ കലാം

നഴ്‌സുമാരുടെ സമരം നേരിട്ട കണ്ണൂര്‍ കലക്ടര്‍ക്ക് പിന്തുണയുമായി മന്ത്രി, വിമര്‍ശനവുമായി സി.പി.ഐ

കണ്ണൂര്‍: നഴ്‌സുമാരുടെ സമരം നേരിടാന്‍ കണ്ണൂര്‍ ജില്ലാ കലക്ടര്‍ സ്വീകരിച്ച നടപടികളെ പിന്തുണച്ച് ആരോഗ്യമന്ത്രി കെ.കെ ശൈലജ. അതേസമയം, കലക്ടറുടെ നടപടിയില്‍ കടുത്ത എതിര്‍പ്പു പ്രകടിപ്പിച്ച് സി.പി.ഐയും രംഗത്തെത്തി. ജില്ലയിലെ നഴ്‌സിങ് കോളജിലെ ഒന്നാം വര്‍ഷക്കാര്‍ ഒഴികെയുള്ള വിദ്യാര്‍ഥികളെ സമരം നടക്കുന്ന ആശുപത്രികളിലെത്തിക്കാനായിരുന്നു കലക്ടറുടെ നിര്‍ദേശം.

ആശുപത്രികളില്‍ എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് തടസ്സമുണ്ടാവാതിരിക്കാന്‍ സ്വകാര്യ ആശുപത്രികളുടെ പരിസരത്ത് നിരോധനാജ്ഞ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇതില്‍ തെറ്റൊന്നുമില്ലെന്നാണ് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞത്. എന്നാല്‍ കലക്ടറുടെ തീരുമാനത്തിനെതിരെ എ.ഐ.വൈ.എഫിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി പ്രതിഷേധിച്ചു.

കലക്ടറുടെ ഉത്തരവിന് എഴുതിയ മഷിയുടെ വിലപോലും ഇല്ലെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി പി. സന്തോഷ് കുമാര്‍. സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്ക് പിന്തുണയുമായി എ.ഐ.വൈ.എഫ് നടത്തിയ ഐക്യദാര്‍ഢ്യ സമരജാഥ സ്‌പെഷാലിറ്റി ആശുപത്രിക്കു മുന്നില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഴ്‌സുമാരുടെ സമരത്തിനു രാഷ്ട്രീയമില്ല. സമരം ചെയ്യുന്ന നഴ്‌സുമാരുടെ ഐക്യം ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയും കാണുന്നുണ്ടെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സമരം നേരിടാന്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി പുറപ്പെടുവിച്ച നിരോധനാജ്ഞാ ഉത്തരവില്‍ പ്രതിഷേധിച്ച് പരിയാരം മെഡിക്കല്‍കോളജിനു കീഴിലുള്ള നഴ്‌സിങ് കോളജിലെ വിദ്യാര്‍ഥികള്‍ ക്ലാസ് ബഹിഷ്‌കരിച്ചു. ക്ലാസ് ബഹിഷ്‌കരിച്ച വിദ്യാര്‍ഥികള്‍ കോളജിനു വെളിയില്‍ കുത്തിയിരുന്നാണു പ്രതിഷേധിച്ചത്. പരിയാരം നഴ്‌സിങ് കോളജ് വിദ്യാര്‍ഥികളായ തങ്ങള്‍ക്കു സ്വകാര്യ ആശുപത്രികളില്‍ ഡ്യൂട്ടി ചെയ്യേണ്ട ബാധ്യതയില്ലെന്ന് ഇവര്‍ പറഞ്ഞു.

കണ്ണൂരിലെ ചില ആശുപത്രികളില്‍ കലക്ടറുടെ ഉത്തരവ് പ്രകാരം നഴ്‌സിങ് വിദ്യാര്‍ഥികളെ നിയോഗിച്ചു. ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ നേതൃത്വത്തില്‍ നഴ്‌സുമാരുടെ സമരം നടക്കുന്ന ഒന്‍പത് ആശുപത്രികളില്‍ ഡ്യൂട്ടിക്കായി നഴ്‌സിങ് വിദ്യാര്‍ഥികളെ നിയോഗിക്കണമെന്നായിരുന്നു കലക്ടറുടെ ഉത്തരവ്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.