2019 April 23 Tuesday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

ചെര്‍ക്കളം അബ്ദുല്ലയുടെ വിയോഗം: ഗള്‍ഫ്‌നാടുകളിലും പ്രാര്‍ഥനാ സംഗമങ്ങള്‍

ബഹ്‌റൈന്‍ കെ.എം.സി.സി

മനാമ: മുസ്ലിം ലീഗ് സംസ്ഥാന ട്രഷററും മുന്‍ മന്ത്രിയുമായിരുന്ന ചെര്‍ക്കളം അബുല്ലയെ അനുസ്മരിച്ച് ബഹ്‌റൈന്‍ കെ.എം.സി.സി മനാമയില്‍ അനുശോചന യോഗം സംഘടിപ്പിച്ചു.

മനാമയിലെ കെ.എം.സി.സി കേന്ദ്ര ആസ്ഥാനത്ത് നടന്ന യോഗത്തില്‍ പ്രസിഡന്റ് എസ്.വി ജലീല്‍ അധ്യക്ഷത വഹിച്ചു. കേരള പ്രവാസി കമ്മീഷന്‍ അംഗം സുബൈര്‍ കണ്ണൂര്‍ അനുശോചന പ്രസംഗം നടത്തി. കെ.പി മുസ്തഫ അനുശോചന പ്രമേയം അവതരിപ്പിച്ചു.

ഒ.ഐ.സി.സി ബഹ്‌റൈന്‍ പ്രസിഡന്റ് ബിനു കുന്നന്താനം, കെ.എം.സി.സി ജന.സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍, കെ.എം.സി.സി മുന്‍ പ്രസിഡന്റ് ടി അന്തുമാന്‍, കെ.എം.സി.സി കാസര്‍കോട് ജില്ലാ പ്രസിഡന്റ് സലീം തളങ്ങര, നൂറുദ്ദിന്‍ മുണ്ടേരി, അബൂ യൂസുഫ്, സലാം മമ്പാട്ടുമൂല, റഫീഖ് തോട്ടക്കര, ഒ കെ ഖാസിം, പി കെ ഇസ്ഹാഖ് എന്നിവര്‍ സംസാരിച്ചു. ഉബൈദുള്ള റഹ്മാനി കൊമ്പംകല്ല് പ്രാര്‍ഥനയ്ക്കും മയ്യിത്ത് നിസ്‌കാരത്തിനും നേതൃത്വം നല്‍കി.

സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍

റിയാദ്: ചെര്‍ക്കളം അബ്ദുള്ള മത രംഗത്തും രാഷ്ട്രീയ, സാമൂഹിക രംഗത്തും ശക്തമായ ഇടപെടലുകള്‍ നടത്തിയ നേതാവായിരുന്നുവെന്നും, ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിന് വേണ്ടി ശക്തമായി പോരാടിയ അദ്ദേഹം സമസ്തയുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ എന്നും മുന്‍നിരയില്‍ ഉണ്ടായിരുന്ന നേതാവായിരുന്നുവെന്നും വിശുദ്ദ ഹജ്ജ് കര്‍മ്മം നിര്‍വഹിക്കാന്‍ എത്തിയ സമസ്ത കേരള ജംഇയത്തുല്‍ ഉലമ പ്രസിഡന്റെ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ അനുശോചിച്ചു.

കാസര്‍കോട് ജില്ലയിലെ നിരവധി ദീനീ സ്ഥാപനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അദ്ദേഹത്തിന്റെ വിയോഗം സൃഷ്ട്ടിച്ച വിടവ് ചെറുതല്ലെന്നും തങ്ങള്‍ അനുസ്മരിച്ചു. ജിദ്ധ ഇസ്ലാമിക് സെന്ററിന്റെ കീഴില്‍ ചേര്‍ന്ന അനുശോചന യോഗത്തിലും, ജനാസ നമസ്‌കാരത്തിലും നിരവധി പേര്‍ പങ്കെടുത്തു. ജിദ്ധ ഇസ്ലാമിക് സെന്റര്‍ , എസ്. കെ.ഐ. സി. സി. എസ്. വൈ. എസ് ഭാരവാഹികളായ സയ്യിദ് ഉബൈദുള്ള തങ്ങള്‍, അബൂബക്കര്‍ ദാരിമി ആലമ്പാടി, അബ്ദുല്‍ കരീം ഫൈസി കീഴാറ്റൂര്‍, മുസ്തഫ ബാഖവി ഊരകം, നജ്മുദ്ധീന്‍ ഹുദവി കൊണ്ടോട്ടി, എം.സി സുബൈര്‍ ഹുദവി പട്ടാമ്പി, സവാദ് പേരാമ്പ്ര തുടങ്ങിയര്‍ അനുശോചന യോഗത്തിനും, പ്രാര്‍ത്ഥനക്കും നേതൃത്വം നല്‍കി.

എസ്.വൈ.എസ് സഊദി നാഷണല്‍ കമ്മിറ്റി

റിയാദ്: ചെര്‍ക്കളം അബ്ദുല്ല സമസ്തയുടെ നിഴലായി നടന്ന ഉമറാക്കളില്‍ പ്രമുഖ സ്ഥാനം വഹിക്കുന്ന നേതാവും മഹല്ല് സംവിധാനം കാസര്‍കോട് ജില്ലയില്‍ ശക്തിപ്പെടുത്തുന്നതില്‍ കഠിനപ്രയത്‌നം നടത്തിയ പ്രധാനിയുമായിരുന്നുവെന്ന് എസ്.വൈ.എസ് സഊദി നാഷണല്‍ കമ്മറ്റി ചെയര്‍മാന്‍ സയ്യിദ് ഉബൈദുല്ല തങ്ങള്‍ മേലാറ്റൂര്‍, പ്രസിഡണ്ട് അബ്ദുല്‍ കരീം ബാഖവി പൊന്‍മള, ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ അറക്കല്‍, ട്രഷറര്‍ സൈദലവി ഫൈസി പനങ്ങാങ്ങര, വര്‍ക്കിംഗ് സെക്രട്ടറി അസലം അടക്കാത്തോട് മീഡിയ വിംഗ് ചെയര്‍മാന്‍ അബ്ദുസ്സലാം കൂടരഞ്ഞി തുടങ്ങിയവര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

അദ്ദേഹത്തിന്റെ വിയോഗത്തില്‍ സഊദിയിലെ ഉള്ള മുഴുവന്‍ സെന്‍ട്രല്‍ കമ്മിറ്റികളിലും ഏരിയ കമ്മറ്റികളിലും പ്രത്യേകം പ്രാര്‍ത്ഥനയും മയ്യിത്ത് നിസ്‌കാരവും നടത്തി. മക്കയിലെ വിശുദ്ധ ഹറമിലും മയ്യത്ത് നിസ്‌കാരം സംഘടിപ്പിച്ചിരുന്നു.

എസ്.വൈ.എസ്, എസ്.കെ.ഐ.സി ജുബൈല്‍ സെന്‍ട്രല്‍ കമ്മിറ്റി

ജുബൈല്‍: ചെര്‍ക്കളം അബ്ദുല്ലയുടെ വിയോഗം സമുദായത്തിനും സമസ്തക്കും തീരാ നഷ്ടമാണെന്നും നല്ലൊരു ഉമറാഇനെയാണ് നഷ്ടമായെതിനും എസ്.വൈ.എസ്, എസ്.കെ.ഐ.സി ജുബൈല്‍ സെന്‍ട്രല്‍ കമ്മിറ്റി അനുശോചന കുറിപ്പില്‍ പറഞ്ഞു. മത, സാമൂഹിക, മേഖലകളില്‍ സ്ത്യുത്യര്‍ഹമായ സേവന കാഴ്ചവെച്ച അദ്ദേഹം സമസ്തയുടെയും പോഷക സംഘടനകളുടെയും വളര്‍ച്ചക്ക് ഉദാത്തമായ സംഭാവന നല്‍കിയ വ്യക്തി കൂടിയായിരുന്നു അദ്ദേഹമെന്നും സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍ ശിഹാബുദ്ധീന്‍ ബാഖവി, പ്രസിഡന്റ് സുലൈമാന്‍ ഖാസിമി, ജനറല്‍ സിക്രട്ടറി റാഫിഹുദവി, ട്രഷറര്‍ ഫാസ് മുഹമ്മദലി എന്നിവര്‍ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ തമീമി യൂണിറ്റ് കമ്മിറ്റി മയ്യത്ത് നിസ്‌കാരവും പ്രാര്‍ത്ഥനയും നടത്തി.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News