2020 February 21 Friday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

അടിസ്ഥാന ശമ്പളം 20,000; നഴ്‌സുമാരുടെ സമരം ഒത്തുതീര്‍ന്നു

തിരുവനന്തപുരം: കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ മൂന്നാഴ്ചയായി നടത്തിവരുന്ന സമരം മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ രമ്യമായി ഒത്തുതീര്‍ന്നു. ഇതനുസരിച്ച് 50 കിടക്ക വരെയുളള ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം 20,000 രൂപയായിരിക്കും.

50 കിടക്കകള്‍ക്കുമീതേ വരുന്ന ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം പുനര്‍നിര്‍ണ്ണയിക്കാന്‍ നാലംഗ ഉദ്യോഗസ്ഥ സമിതിയെ നിയോഗിക്കാനും തീരുമാനിച്ചു. നഴ്‌സുമാരുടെ പരിശീലന കാലാവധി, പരിശീലന കാലത്തെ സ്‌റ്റൈപന്റ് എന്നീ കാര്യങ്ങളും ഈ സമിതി പരിശോധിക്കും. ഒരു മാസത്തിനകം സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. തൊഴില്‍, ആരോഗ്യം, നിയമം വകുപ്പുകളുടെ സെക്രട്ടറിമാരും ലേബര്‍ കമ്മീഷണര്‍മാരും സമിതിയിലെ അംഗങ്ങളാണ്.

ഉദ്യോഗസ്ഥ സമിതിയുടെ ശുപാര്‍ശ ലഭിച്ചുകഴിഞ്ഞാല്‍ അത് മിനിമം വേജസ് കമ്മിറ്റി മുമ്പാകെ സമര്‍പ്പിക്കുമെന്നും അത് അംഗീകരിക്കണമെന്ന് സമിതിയോട് സര്‍ക്കാര്‍ അഭ്യര്‍ത്ഥിക്കുമെന്നും ചര്‍ച്ചയ്ക്കുശേഷം മുഖ്യമന്ത്രി വാര്‍ത്താലേഖകരെ അറിയിച്ചു.

സമരം നടത്തിയതിന്റെ പേരില്‍ ഒരു തരത്തിലുളള പ്രതികാര നടപടിയും ഉണ്ടാവരുതെന്ന് മുഖ്യമന്ത്രി മാനേജ്‌മെന്റുകളോട് നിര്‍ദ്ദേശിച്ചു. സമരം നടത്തിയവര്‍ ആശുപത്രി പ്രവര്‍ത്തനത്തില്‍ പൂര്‍ണ്ണമായും സഹകരിക്കുകയും വേണം. ഈ രീതിയില്‍ ആരോഗ്യരംഗത്ത് നല്ല അന്തരീക്ഷം ഉണ്ടാക്കണമെന്ന് അദ്ദേഹം ഇരുവിഭാഗങ്ങളോടും അഭ്യര്‍ത്ഥിച്ചു.

ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍

1. 2016 ജനുവരി 29ന് സുപ്രീകോടതി വിധി അനുസരിച്ച് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി നിര്‍ദ്ദേശിച്ച രീതിയില്‍ 50 കിടക്ക വരെയുളള ആശുപത്രികളിലെ നഴ്‌സുമാരുടെ മൊത്തം ശമ്പളം 20,000 രൂപയായി നിശ്ചയിച്ചു. 50 കിടക്കകളില്‍ കൂടുതലുളള ആശുപത്രികളിലെ ശമ്പളം സുപ്രീംകോടതി മാര്‍ഗ്ഗരേഖയനുസരിച്ച് നിര്‍ണ്ണയിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥ സമിതിയെ നിയോഗിക്കും.

2. നഴ്‌സിംഗ് ട്രെയ്‌നിമാരുടെ സ്‌റ്റൈപ്പന്റ് കാലോചിതമായി വര്‍ദ്ധിപ്പിക്കും. ട്രെയ്‌നിംഗ് കാലാവധിയും സ്‌റ്റൈപ്പന്റ് പുതുക്കുന്ന കാര്യവും സമിതിയുടെ പരിഗണനയ്ക്ക് വിടാന്‍ തീരുമാനിച്ചു.

നഴ്‌സുമാരുടെ സംഘടനാ പ്രതിനിധികള്‍, മിനിമം വേജസ് കമ്മിറ്റിയില്‍ പ്രാതിനിധ്യമുളള ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍, സ്വകാര്യ ആശുപത്രികളുടെ പ്രതിനിധികള്‍ എന്നിവരുമായി വെവ്വേറെ ഉഭയകക്ഷി ചര്‍ച്ച നടത്തിയ ശേഷമാണ് മുഖ്യമന്ത്രി എല്ലാവരെയും ഒന്നിച്ച് വിളിച്ചു ചേര്‍ത്തത്. യോഗത്തില്‍ മുഖ്യമന്ത്രി മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ എല്ലാവരും പൂര്‍ണ്ണമായി അംഗീകരിച്ചു. ആരോഗ്യമന്ത്രി കെ.കെ. ശൈലജ, നിയമ മന്ത്രി എ.കെ. ബാലന്‍, തൊഴില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍, തൊഴില്‍ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ്, യു.എന്‍.എ സംസ്ഥാന പ്രസിഡന്റ് എം. ജാസ്മിന്‍ഷ, സെക്രട്ടറി എം.വി. സുധീപ്, ഐ.എന്‍.എ പ്രസിഡന്റ് ലിബിന്‍ തോമസ്, സെക്രട്ടറി മുഹമ്മദ് ഷിഹാബ് എന്നിവരും ട്രേഡ് യൂണിയന്‍, ആശുപത്രി മാനേജ്‌മെന്റ് പ്രതിനിധികളും പങ്കെടുത്തു.

സുപ്രീംകോടതി നിര്‍ദ്ദേശിച്ച കുറഞ്ഞ ശമ്പളത്തില്‍നിന്ന് കേരളത്തിന് ഒരുതരത്തിലും പിറകോട്ടുപോകാന്‍ സാധ്യമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാമേഖലയിലും ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട വേതനമുളള സംസ്ഥാനമാണ് കേരളം. ഇവിടുത്തെ മെച്ചപ്പെട്ട ജീവിതനിലവാരം വേതനവ്യവസ്ഥയുമായി ബന്ധപ്പെട്ടതാണ്. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുളള നഴ്‌സുമാര്‍ക്ക് മെച്ചപ്പെട്ട വേതനത്തിന് അര്‍ഹതയുണ്ടെന്ന് വാര്‍ത്താ ലേഖകരുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.


 

 

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.