
വാഹന ഗതാഗതം സ്തംഭിച്ചു; ജാഗ്രതാ നിര്‍ദേശം
ഉബൈദുല്ല റഹ്മാനി
മനാമ: ബഹ്റൈനില്‍ ശൈത്യകാലത്തിന്റെ വരവറിയിച്ച് കനത്ത മഴ പെയ്തു. ഏതാനും സമയം നീണ്ടുനിന്ന കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളും റോഡുകളിലും വെള്ളം കയറി. ഇതേ തുടര്‍ന്ന് വാഹന ഗതാഗതം ഏറെ നേരം സ്തംഭിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചെറിയ രീതിയില്‍ മഴ പെയ്തിരുന്നെങ്കിലും കഴിഞ്ഞ ദിവസമാണ് ഇടിയോടു കൂടിയ കനത്ത മഴ പെയ്തത്. അടുത്ത രണ്ടു ദിവസങ്ങള്‍കൂടി കനത്ത മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാനിരീക്ഷണ കേന്ദ്രം സൂചന നല്‍കിയിട്ടുണ്ട്.
മഴയത്ത് വാഹനം ഓടിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നു ട്രാഫിക് പൊലിസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അപകട സാധ്യത കൂടുതലായതിനാല്‍ വേഗം കുറച്ച് വാഹനങ്ങള്‍ കൃത്യമായ അകലം പാലിക്കണമെന്നും നിര്‍ദേശത്തിലുണ്ട്.