2019 June 19 Wednesday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

മ്യാന്മറിലെ സൈന്യ- അരാക്കന്‍ സംഘര്‍ഷം; അതിര്‍ത്തിയിലെ റോഹിംഗ്യകള്‍ ഭീതിയില്‍

നെയ്പതോ: സൈന്യത്തിന്റെയും വിമതരായ അരാക്കന്‍ വിഭാഗത്തിനുമിടയിലെ സംഘര്‍ഷം രൂക്ഷമായി തുടരുന്നതില്‍ ഭീതിയിലായി മ്യാന്മര്‍-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ കഴിയുന്ന റോഹിംഗ്യന്‍ അഭയാര്‍ഥികള്‍.
സൈന്യവുമായുള്ള സംഘര്‍ഷം ദിവസങ്ങള്‍ക്കു മുന്‍പാണ് വീണ്ടും ആരംഭിച്ചത്. പടിഞ്ഞാറന്‍ റാഖൈന്‍ പ്രദേശങ്ങളില്‍ സ്വയം ഭരണത്തിനായാണ് അരാക്കന്‍ വിഭാഗം പോരാടുന്നത്. സര്‍ക്കാര്‍ സൈന്യത്തിന്റെയും അരാക്കന്‍ വിമതരുടെയും ഇടയില്‍ മ്യാന്മറില്‍ ശക്തമായ പോരാട്ടം നടക്കുകയാണെന്ന് റോഹിംഗ്യന്‍ നേതാവ് ദില്‍ മുഹമ്മദ് പറഞ്ഞു.
ഗുരുതര സാഹചര്യമാണ് നിലവിലുള്ളത്. സുരക്ഷ വര്‍ധിപ്പിച്ചു. ദിനംപ്രതിയുള്ള വെടിവയ്പുകള്‍ അപകടകരമായ സാഹചര്യമാണുണ്ടാക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അരാക്കന്‍ ആക്രമണത്തില്‍ കഴിഞ്ഞ ദിവസം 13 മ്യാന്മര്‍ പൊലിസുകാര്‍ കൊല്ലപ്പെട്ടതോടെയാണ് മേഖലയില്‍ വീണ്ടും സംഘര്‍ഷമുണ്ടായത്.
അതിര്‍ത്തിയില്‍ നിന്ന് ഇടക്കിടെ വെടിവയ്പിന്റെ ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ടെന്ന് റോഹിംഗ്യന്‍ അഭയാര്‍ഥി നേതാവ് നൂര്‍ ആലം പറഞ്ഞു. എല്ലാ രാത്രിയും സംഘര്‍ഷം തുടരുകയാണ്. തങ്ങളുടെ ക്യംപിന് സമീപം പുതിയ പത്ത് പോസ്റ്റുകള്‍ മ്യാന്മര്‍ സുരക്ഷാ സേന നിര്‍മിച്ചു. ഇത് ഭീതിപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
2017ല്‍ ആരംഭിച്ച റോഹിംഗ്യകള്‍ക്കെതിരേയുള്ള ആക്രമണത്തെ തുടര്‍ന്ന് റാഖൈന്‍ വിട്ട് ബംഗ്ലാദേശ് -മ്യാന്മര്‍ അതിര്‍ത്തിയില്‍ അയ്യായിരത്തോളം റോഹിംഗ്യകളാണ് താമസിക്കുന്നത്. ബംഗ്ലാദേശിലേക്ക് അഭയം തേടാതെ ഇരു രാജ്യങ്ങള്‍ക്കുമിടിയില്‍ ചെറിയ കനാലുകളാല്‍ വേര്‍തിരിക്കുന്ന വിജന പ്രദേശത്താണ് ഇവരുടെ താമസം.
ബംഗ്ലാദേശിലെ കോക്‌സ് ബസാര്‍ അഭയാര്‍ഥി ക്യാപില്‍നിന്ന് 45 കി.മീ അകലെ ടോംമ്പ്രു ചെക്ക് പോയിന്റിലാണ് ഇവരുടെ ക്യാംപുകള്‍ സ്ഥിതി ചെയ്യുന്നത്. ഔദ്യോഗികമായി മ്യാന്‍മറിന്റെ കീഴിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്.
അതിനിടെ സൈന്യത്തിന്റെയും വിമതരുടെയും ഇടയില്‍ നടക്കുന്ന സംഘര്‍ഷത്തില്‍ യു.എന്‍ ആശങ്ക പ്രകടിപ്പിച്ചു. ഇരുവിഭാഗങ്ങളും സിവിലിയന്മാരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും മനുഷ്യാവകാശം പരിഗണിക്കണമെന്നും യു.എന്‍ പ്രതിനിധി നട്ട് ഒസ്റ്റബി ആവശ്യപ്പെട്ടു.
അതിര്‍ത്തിയിലെ സംഘര്‍ഷ സാഹചര്യം അറിയാമെന്നും ആവശ്യമായ നടപടികള്‍ ചര്‍ച്ച ചെയ്ത് സ്വീകരിക്കുമെന്നും ബംഗ്ലാദേശ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
റാഖൈനിലെ റോഹിംഗ്യന്‍ വിഭാഗത്തിനെതിരേ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതല്‍ ആരംഭിച്ച ആക്രമണങ്ങളില്‍ ഏഴു ലക്ഷത്തില്‍ കൂടുതല്‍ പേരാണ് ബംഗ്ലാദേശിലേക്ക് അഭയം തേടിയത്. സൈന്യത്തിന്റെ സഹായത്തോടെയുള്ള ആക്രമണം വംശഹത്യ ലക്ഷ്യമാക്കിയാണെന്ന് യു.എന്‍ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അരാക്കന്‍-സൈനിക സംഘര്‍ഷമാണ് റാഖൈന്‍ ആക്രമണങ്ങള്‍ക്ക് തുടക്കമിട്ടത്. മേഖലയില്‍ വീണ്ടും ഏറ്റുമുട്ടല്‍ ആരംഭിച്ചതാണ് റോഹിംഗ്യകളെ ഭീതിയിലാഴ്ത്തിയിരിക്കുന്നത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.