2020 July 11 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

അധികവിമാനം ഏര്‍പ്പെടുത്തിയതിനെ എയര്‍ലിഫ്റ്റായി ചിത്രീകരിച്ചു; ഖത്തറിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ക്കെതിരെ പ്രതിഷേധം

അഹമ്മദ് പാതിരിപ്പറ്റ

ദോഹ: ഖത്തറിനെക്കുറിച്ചുള്ള ഇന്ത്യന്‍ മാധ്യമങ്ങളുടെ നിരുത്തരവാദപരമായ റിപ്പോര്‍ട്ടിങ്ങ് വ്യാപകമായ ആശങ്ക പരത്തുന്നു. ഖത്തറില്‍ നിന്ന് അധിക വിമാനങ്ങള്‍ പറത്തുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ഇന്ത്യന്‍ വ്യോമയാന മന്ത്രി നടത്തിയ പ്രസ്താവനയാണ് ചില മാധ്യങ്ങള്‍ സെന്‍സേഷനലൈസ് ചെയ്ത ഭീതി പരത്തുന്ന തലക്കെട്ടോട് കൂടി പ്രസിദ്ധീകരിച്ചത്.

ഖത്തറില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് എയര്‍ലിഫ്റ്റ് (ഒരു രാജ്യത്ത് എല്ലാ വഴികളും അടഞ്ഞ് കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുക) ചെയ്യുന്നു എന്നാണ് ടൈംസ് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള ചില മാധ്യമങ്ങള്‍ ഈ വാര്‍ത്തയ്ക്ക് തലക്കെട്ട് നല്‍കിയത്. നാട്ടില്‍ നിന്നുള്ള പലരും വാര്‍ത്ത കണ്ട് ആശങ്കപ്പെട്ടതോടെ ഖത്തറിലെ പ്രവാസികള്‍ ഇന്ത്യന്‍ മാധ്യമങ്ങളുടെ നിരുത്തരവാദപരമായ റിപ്പോര്‍ട്ടിങിനെതിരേ പ്രതിഷേധവുമായി രംഗത്തെത്തി.

തെറ്റിദ്ധാരണ പരത്തുന്ന ഇത്തരം റിപ്പോര്‍ട്ടുകള്‍ എഴുതുന്നത് വളരെ നിരുത്തരവാദപരമാണെന്ന് ഖത്തറിലെ ഇന്ത്യന്‍ അംബാഡര്‍ പി കുമരന്‍ പ്രതികരിച്ചു. ഡല്‍ഹിയിലിരിക്കുന്ന അവര്‍ക്ക് ഇവിടെ യഥാര്‍ഥത്തില്‍ എന്താണ് സംഭവിക്കുന്നതെന്നറിയില്ല. ഖത്തറിലുള്ള ആളുകളോട് സംസാരിക്കാതെ അവര്‍ക്ക് തോന്നിയത് എഴുതിവിടുകയാണെന്നും അംബാസഡര്‍ പറഞ്ഞു.

ഈയാഴ്ച വേനലവധിക്ക് സ്‌കൂളുകള്‍ അടക്കുന്നതും ഈദ് അവധിയും കാരണം വലിയ തിരക്ക് അനുഭവപ്പെടുന്നതിനാലാണ് അധിക വിമാനങ്ങള്‍ അനുവദിച്ചത്. ജെറ്റ് എയര്‍വെയ്‌സ് രണ്ടും എയര്‍ ഇന്ത്യ എക്‌സ്പ്രസ് രണ്ടും അധിക വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവധിക്കാല തിരക്ക് കുറക്കുന്നതിന് മൊത്തം നാല് വിമാനങ്ങളാണ് അധികമായി ഏര്‍പ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അധിക വിമാനങ്ങള്‍ ഈദ്, സ്‌കൂള്‍ അവധി പരിഗണിച്ചുള്ളതാണെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതു പോലെ ഒഴിപ്പിക്കലല്ലെന്നും ഇന്ത്യന്‍ വ്യോമയാന മന്ത്രി പി അശോക് ഗജപതി രാജുവും പ്രതികരിച്ചു.

ഖത്തറിലെ ഉപരോധത്തില്‍ കുരുങ്ങിക്കിടക്കുന്ന പൗരന്മാരെ ഇന്ത്യ എയര്‍ലിഫ്റ്റ് ചെയ്യും എന്ന ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടിനെതിരേ വ്യാപകമായ പ്രതിഷേധമാണുയര്‍ന്നത്. ബി.ബി.സി ഉള്‍പ്പെടെയുള്ള ചില അന്താരാഷ്ട്ര മാധ്യങ്ങളും കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരുന്നതിന് അധിക വിമാനങ്ങള്‍ ഏര്‍പ്പെടുത്തുന്നു എന്ന രീതിയില്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇതേക്കുറിച്ച് നിരവധി സംശയങ്ങളും പരാതികളും ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്ത്യന്‍ എംബസി ട്വിറ്റര്‍ വഴി മറുപടി നല്‍കി. ഊഹാപോഹങ്ങളില്‍ കുടുങ്ങരുതെന്നും ഔദ്യോഗിക വിവരങ്ങള്‍ക്ക് എംബസിയുടെ സോഷ്യല്‍ മീഡിയ ചാനലുകള്‍ പരിശോധിക്കണമെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു.

മിസ്റ്റര്‍ ക്യു എന്ന പേരില്‍ അറിയപ്പെടുന്ന ഖത്തര്‍ സ്റ്റാര്‍സ് ലീഗ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഖലീഫ സാലിഹ് അല്‍ഹാറൂണ്‍ ഇക്കാര്യത്തില്‍ ഇന്ത്യന്‍ പ്രവാസികളുടെ ശ്രദ്ധ ക്ഷണിച്ച്‌കൊണ്ടു ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടു. ഇത്തരം വ്യാജ റിപ്പോര്‍ട്ടുകള്‍ക്കെതിരേ പ്രതികരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യഥാര്‍ഥ സംഭവം വിശദീകരിച്ച് കൊണ്ട് എഫ്.എം 107 ഖത്തര്‍ അവതാരകന്‍ ഉബൈദ് താഹിര്‍ ഫെയ്‌സ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തു.

ഖത്തറുമായി ബന്ധം വിഛേദിച്ച രാജ്യങ്ങള്‍ വഴി കണക്ഷന്‍ ഫ്‌ളൈറ്റുകള്‍ ബുക്ക് ചെയ്ത നിരവധി ഇന്ത്യക്കാര്‍ക്ക് ഉപരോധത്തെ തുടര്‍ന്ന് അവ റദ്ദാക്കേണ്ടി വന്നിരുന്നു. ഇത് ഇന്ത്യയിലേക്ക് നേരിട്ട് സര്‍വീസ് നടത്തുന്ന ഖത്തര്‍ എയര്‍വെയ്‌സ്, ജെറ്റ് എയര്‍വെയ്‌സ്, ഇന്‍ഡിഗോ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് തുടങ്ങിയ വിമാനങ്ങളില്‍ കൂടുതല്‍ തിരക്ക് സൃഷ്ടിക്കാന്‍ കാരണമായിട്ടുണ്ട്. ഈ തിരക്ക് പരിഹരിക്കുന്നതിന് വേണ്ടിയാണ് ജെറ്റ് എയര്‍വെയ്‌സ് ജൂണ്‍ 22നും 23നും മുംബൈയിലേക്കും എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജൂണ്‍ 24, 25, 30 ജൂലൈ 1 തിയ്യതികളില്‍ തിരുവനന്തപുരം, കൊച്ചി റൂട്ടിലും അധിക വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയത്.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.