2020 June 05 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മഹാരാഷ്ട്രയില്‍ നാല് പ്രതിപക്ഷ എം.എല്‍.എമാര്‍ രാജിവച്ചു; ബി.ജെ.പിയിലേക്ക്

മുംബൈ: സംസ്ഥാന തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനിടെ മഹാരാഷ്ട്രിയില്‍ നാലു പ്രതിപക്ഷ എം.എല്‍.എമാര്‍ കൂടി ബി.ജെ.പിയിലേക്ക്. കോണ്‍ഗ്രസില്‍നിന്ന് ഒന്നും എന്‍.സി.പിയില്‍നിന്ന് മൂന്നും എം.എല്‍.എമാര്‍ ചൊവ്വാഴ്ച രാജിക്കത്ത് നല്‍കി. ഇവര്‍ വരുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ചേക്കും. രാജിവച്ച എം.എല്‍.എമാര്‍ നാളെ തന്നെ ബി.ജെ.പിയില്‍ ചേരുമെന്നാണ് അറിയുന്നത്.

വൈഭവ് പിച്ചദ്, ശിവേന്ദ്ര രാജ് ബോസലെ, സന്ദീപ് നായിക്ക് തുടങ്ങിയ എന്‍.സി.പി എം.എല്‍.എമാരും കോണ്‍ഗ്രസില്‍നിന്നുള്ള കാളിദാസുമാണ് ഇന്ന് സ്പീക്കര്‍ ഹരിബാവുവിനു രാജിക്കത്ത് നല്‍കിയത്. നേരത്തെ മുംബൈ എന്‍.സി.പി നേതാവ് സച്ചിന്‍ ആഹിര്‍ രാജിവച്ച് ശിവസേനയില്‍ ചേര്‍ന്നിരുന്നു. രാജിവച്ച മൂന്നു പേരും എന്‍.സി.പിയുടെ നേതൃമുഖങ്ങളും അവരുടെ കുടുംബാംഗങ്ങള്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുമാണ്.

മഹാരാഷ്ട്രയിലെ എന്‍.സി.പിയുടെ മുന്‍ നേതാവ് മധുകര്‍ പിച്ചദിന്റെ മകനാണ് രാജിവച്ച വൈഭവ് പിച്ചദ്. മകന്‍ ബി.ജെ.പിയില്‍ ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഫഡ്‌നാവിസ് അടുത്ത തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാമെന്ന് ഉറപ്പും നല്‍കിയിട്ടുണ്ട്. അഹമ്മദ്‌നഗറിലെ അഖോലെയില്‍ നിന്ന് മത്സരിക്കുമെന്നും മധുകര്‍ പറഞ്ഞു. അതേസമയം മധുകറും ബി.ജെ.പിയില്‍ ചേരാനുള്ള സാധ്യതയുണ്ട്.

നേവി മുംബൈയിലെ സീനിയര്‍ നേതാവായ ഗനേഷ് നായിക്കിന്റെ സഹോദരപുത്രനാണ് സന്ദീപ് നായിക്. കോണ്‍ഗ്രസിലെ കാളിദാസ് നേരത്തെ ശിവ് സൈനിക് പ്രവര്‍ത്തകനായിരുന്നു. ശേഷം രാജിവച്ച് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. വഡാലയില്‍ നിന്ന് ഏഴു തവണ നിയമസഭയിലെത്തിയ കാളിദാസും അധികം വൈകാതെ ബി.ജെ.പിയില്‍ ചേരും. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശിവസേനക്കു വേണ്ടി പ്രചാരണം നടത്തിയ കാളിദാസ് ഫഡ്‌നാവിസ് സര്‍ക്കാരിനെ പുകഴ്ത്തിയും രംഗത്തുവന്നിരുന്നു.

നേരത്തെ അമ്പതോളം കോണ്‍ഗ്രസ്-എന്‍സിപി എംഎല്‍എമാര്‍ ബിജെപിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഈര്‍ഷം അവസാനം നടക്കുന്ന തെരഞ്ഞെടുപ്പിനു മുന്‍പ് ബിജെപിയില്‍ ചേരുമെന്നും മുതിര്‍ന്ന നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ ഗിരീഷ് മഹാജന്‍ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് നാലു എംഎല്‍എമാര്‍ രാജി സമര്‍പ്പിച്ചത്.
ഇവര്‍ക്കു പുറമെ കോര്‍പറേഷന്‍ അംഗങ്ങളും ബിജെപിയിലേക്ക് ചേക്കേറാനുള്ള തീരുമാനത്തിലാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.